- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജഭക്തർ കൈവയ്ക്കുമോ എന്ന ഭയം; പ്രിതാവിന്റെ കിരീടധാരണത്തിന് ക്ഷണിച്ചാലും ഹാരിയും മേഗനും പങ്കെടുത്തേക്കില്ല; ഹാരിയുടെ വിവരക്കേടുകളോട് പ്രതികരിക്കാതിരിക്കാൻ ചാൾസും വില്യമും; ഹാരിയ്ടെ പേരിൽ കയ്പൻ ബിയർ ഇറങ്ങി
ലണ്ടൻ: പണവും പ്രശസ്തിയും ലാക്കാക്കി സ്വന്തം കുടുംബത്തിനു നേരെ ചെളിവാരിയെറിഞ്ഞ ഹാരിയും മേഗനും ഇത്രയും കടുത്ത പ്രതിഷേധം പ്രതീക്ഷിച്ചു കാണില്ല. രാജകുടുംബത്തെ എന്നും നെഞ്ചേറ്റുന്ന ലക്ഷക്കണക്കിന് ബ്രിട്ടീഷുകാർ ഹാരിയുടെ സീരീസിനെതിരെ അരയും തലയും മുറിക്കി രംഗത്ത് വന്നപ്പോൾ, ജന്മനാട്ടിലേക്ക് തിരിക്കാൻ ഭയക്കുകയാണ് ഹാരി. അതോടൊപ്പം, അവർ ഇരുവരും അടുത്തവർഷം നടക്കുന്ന കിരീടധാരണ ചടങ്ങിൽനിന്നും വിട്ടു നിൽക്കണം എന്നാവശ്യമുയർത്തി പല പ്രമുഖ രാഷ്ട്രീയ നേതാക്കളും, മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ചരിത്രകാരന്മാരും രംഗത്തെത്തിക്കഴിഞ്ഞു.
രാജകുടുംബത്തിൽ വംശീയത നിലനിൽക്കുന്നു എന്നും, എലിസബത്ത് രാജ്ഞിയുടെ പ്രിയപ്പെട്ട കോമൺവെൽത്ത് പുതിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ രൂപമാണെന്നും വിളിച്ചു പറഞ്ഞ നെറ്റ്ഫ്ളിക്സ് സീരീസ് പുറത്ത് വന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഹരിക്കെതിരെയുള്ള പ്രതിഷേധം ഇത്രയും കടുക്കുന്നത്. അവർക്ക് രാജകുടുംബത്തോട് ഇത്രയധികം വെറുപ്പാണെങ്കിൽ പിന്നെ എന്തിന് കിരീടധാരണ ചടങ്ങിൽ അവർ പങ്കെടുക്കണം എന്നായിരുന്നു മുൻ കൺസർവേറ്റീവ് നേതാവ് ഇയാൻ ഡൻകൻ സ്മിത്ത് ചോദിച്ചത്.
ഒരുപടി കൂടി കടന്നായിരുന്നു സ്മിത്തിന്റെ സഹപ്രവർത്തകനും മുതിർന്ന ടോറിനേതാവുമായ ഡേവിഡ് മെല്ലോറിന്റെ പ്രതികരണം. അവർ കിരീടധാരണത്തിന് ഒരു കാരണവശാലും വരരുത് എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. പണവും പ്രശസ്തിയും ഉണ്ടാക്കൻ സ്വന്തം കുടുംബത്തിന്റെ കീർത്തിയെ വിൽക്കുന്നവരാണവർ. അവരെ ഇവിടെ ബ്രിട്ടീഷ് ജനത ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവർ ഇവിടെയെത്തിയാൽ, കൂകിവിളിച്ച് അപമാനിക്കാൻ ബ്രിട്ടീഷ് ജനതക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടയിൽ മെയിൽ ഓൺ സൺഡേ നടത്തിയ ഒരു അഭിപ്രായ സർവേയിൽ പങ്കെടുത്തവരിൽ പകുതിയിലേറെ പേരും പറഞ്ഞത് ഹാരിയും മേഗനും കിരെടധാരണത്തിൽ പങ്കെടുക്കരുത് എന്നായിരുന്നു. മാത്രമല്ല, ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്, കിരീടാവകാശമുള്ളവരുടെ പട്ടികയിൽ നിന്നും ഹാരിയെ നീക്കം ചെയ്യണം എന്നാണ്. അതോടൊപ്പം ഡ്യുക്ക് ഓഫ് സസക്സ് എന്ന പദവിയും നീക്കം ചെയ്യണം എന്ന് ആളുകൾ ആവശ്യപ്പെടുന്നു.
തന്റെ കല്യാണത്തിന് അനന്തിരവളെ ക്ഷണിക്കാൻ കൊട്ടാരം അനുവദിച്ചില്ല എന്ന മേഗന്റെ ആരോപണം കൊട്ടാരം നിഷേധിച്ചു. അതിനിടയിൽ, കോമൺവെൽത്തിനെ കുറിച്ചുള്ള ഹാരിയുടെ പരാമർശത്തിനെതിരെ കോമൺവെൽത്ത് രാജ്യങ്ങൾക്കിടയിലും കടുത്ത പ്രതിഷേധം ഉയരുകയണ്. കോമൺവെൽത്ത്, രണ്ടാം ബ്രിട്ടീഷ് സാമ്രാജ്യമാണെന്ന പരാമർശമാണ് രാഷ്ട്രത്തലവന്മാരെ ചൊടിപ്പിച്ചിരിക്കുന്നത്.
അതേസമയം, നിറകുടം തുളുമ്പില്ല എന്ന ചൊല്ല് അർത്ഥവത്താക്കികൊണ്ട്, ഹാരിയുമായി ഒരു വാക്പോരിനിറങ്ങേണ്ട എന്ന പക്വതയാർന്ന തീരുമാനമാണ് ചാൾസ് രാജാവും വില്യം രാജകുമാരനും എടുത്തിരിക്കുന്നത്. ഹാരിയുമായി ഇനി ഒരു ഒത്തുതീർപ്പിന് വില്യം തയ്യാറായേക്കില്ല എന്ന് ഇരുവരുടെയും സുഹൃത്തുക്കൾ ആശങ്കപ്പെടുന്നതിനിടയിലാണ് ഇത്തരത്തിലൊരു തീരുമാനം വന്നിരിക്കുന്നത്. ഇപ്പോൾ പുറത്തിറക്കിയ മൂന്ന് എപ്പിസോഡുകളും വില്യം ഇതുവരെ കണ്ടിട്ടില്ല എന്നാണ് കൊട്ടാരം വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്.
ഹാരിയും കയ്ക്കുന്ന ബിയറും
നെറ്റ്ഫ്ളിക്സ് സീരീസിലൂടെ ബ്രിട്ടീഷ് ജനതയുടെയും, ബ്രിട്ടീഷ് രാജകുടുംബത്തെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ലോകമെമ്പാടുമുള്ള ആരാധകരുടെയും വെറുപ്പേറ്റുവാങ്ങിയ ഹാരിയുടെ പേരിൽ കയ്‌പ്പുള്ള ബിയർ പുറത്തിറക്കുകയാണ് ലണ്ടനിലെ ഒരു പബ്ബ്. ചിസ്വിക്കിലെ ഡ്യുക്ക് ഓഫ് സസ്സകസ് എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന പബ്ബിലാണ് ഹാരി ബിറ്റർ ബിയർ ഇനിമുതൽ ലഭ്യമാവുക. ബിയർ ടാപിലെ ബാഡ്ജിൽ ഹാരിയുടെ ചിത്രവും ഉണ്ട്.
താരതമ്യേന വീര്യം കുറഞ്ഞഈ ബിയറിൽ വെറും 3.9 ശതമാനം ആൽക്കഹോൾ മാത്രമാണ് അടങ്ങിയിരിക്കുന്നത്. ചിസ്വിക്കിലെ ദി ഗ്രീൻ കിങ് പബ്ബിൽ നേരത്തേ കയ്പുള്ള ബിയർ വിറ്റിരുന്നു. എന്നാൽ, വ്യാഴാഴ്‌ച്ച നെറ്റ്ഫ്ളിക്സ് സീരീസ് പുറത്തു വിട്ടതിനു ശേഷം അതിന്റെ പേര് മാറ്റി ഹാരീസ് ബിറ്റർ എന്നാക്കുകയായിരുന്നു അവർ. സ്വയം നിന്ദ്യരാകുന്ന ഹാരിയുടേയും മേഗന്റെയും പ്രകടനത്തിന് യോജിച്ച നടപടി എന്നായിരുന്നു പബ്ബ് സന്ദർശിച്ച ഒരു ഉപഭോക്താവ് അഭിപ്രായപ്പെട്ടത്. വെറും 3.9 ശതമാനം മാത്രം ആൽക്കഹോൾ അടങ്ങിയതിനാൽ, അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ദുർബലമാണെന്നും സൂചിപ്പിക്കുന്നു എന്നും അയാൾ പറഞ്ഞു.
മറുനാടന് ഡെസ്ക്