ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ കൂടുതൽ കരുതലെടുക്കാൻ ഇന്ത്യ. അരുണാചലിലെ തവാങ്ങിൽ ഇന്ത്യ-ചൈന അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷം ഉണ്ടായ സാഹചര്യത്തിലാണ് ഇത്. ഈ മാസം 9ന് ഉണ്ടായ സംഭവത്തിൽ ഇരു പക്ഷത്തെയും ഏതാനും സൈനികർക്ക് നിസ്സാര പരുക്കേറ്റതായി കരസേനാ വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യൻ ഭാഗത്തേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈനികരുടെ ശ്രമം തടഞ്ഞതാണു സംഘർഷത്തിൽ കലാശിച്ചത്. അൽപസമയത്തിനകം ഇരു കൂട്ടരും പിന്മാറിയെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു. ഉന്നത സൈനിക ഇടപെടലിനെ തുടർന്നാണ് ഇത്. സംഭവത്തെത്തുടർന്ന് ഇരുഭാഗത്തെയും സേനാ കമാൻഡർമാർ അതിർത്തിയിൽ ചർച്ച നടത്തി. ചൈനീസ് കടന്നുകയറ്റത്തെത്തുടർന്ന് കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. അതിനിടെയാണ് അരുണാചൽ അതിർത്തിയിലും ചൈനയുടെ പ്രകോപനം. അതുകൊണ്ട് തന്നെ ഗൗരവത്തോടെയാണ് ഇന്ത്യ ഇതിനെ കാണുന്നത്.

2020ൽ ഗാൽവൻ താഴ്‌വരയിലുണ്ടായ സംഘട്ടനങ്ങൾക്കും ചൈനീസ് അതിക്രമങ്ങൾക്കും ശേഷം ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഗാൽവൻ താഴ് വര, ഹോട്ട് സ്പ്രിങ്‌സ്, കോങ്രൂങ് നാലാ തുടങ്ങിയ പ്രദേശങ്ങളിലാണ് ചൈന അതിക്രമിച്ച് കയറിയത്. പിന്നീട് കിഴക്കൻ ലഡാക്കിൽ ഇന്ത്യ - ചൈന അതിർത്തി ഗോഗ്ര - ഹോട്സ്പ്രിങ്‌സ് മേഖലയിൽ നിന്ന് സൈനിക പിന്മാറ്റം ഉണ്ടായിരുന്നു.

2020 ഏപ്രിൽ-മെയ്‌ മാസങ്ങളിലാണ് ചൈനീസ് സൈന്യം കിഴക്കൻ ലഡാക്കിൽ നേരത്തെ സൈനിക വിന്യാസമുണ്ടാകാതിരുന്ന സ്ഥലങ്ങളിൽ കടന്നുകയറുകയും ഇവരെ പ്രതിരോധിച്ച് ഇന്ത്യൻ സേന നേർക്കുനേർ നിൽക്കുകയും ചെയ്തത്. ഒടുവിൽ ജൂണിൽ ഗാൽവാനിൽ ഇരു സൈനികരും നേർക്കുനേർ ഏറ്റുമുട്ടുന്ന അവസ്ഥവരെ എത്തിയിരുന്നു. പലതവണ ചൈനയോട് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നെകിലും ഫലമുണ്ടായില്ല. പിന്നീട് വഴങ്ങി. ഇതിന് ശേഷമാണ് അരുണാചലിലെ കടന്നു കയറ്റ ശ്രമം.

ചൈന കൊണ്ടുവന്ന പുതിയ അതിർത്തി നിയമത്തിൽ ഇന്ത്യ അതൃപ്തി പ്രകടപ്പിച്ചിരുന്നു. ഈ നിയമത്തിന്റെ മറവിൽ പല മേഖലകളിലും ചൈനയുടെ കടന്നുകയറ്റം നടക്കുന്നുവെന്ന ഇന്ത്യയുടെ പരാതിക്ക് നേരെ ചൈന കണ്ണടിച്ചിരുന്നു. ദോക്ലാമിൽ ഭൂട്ടാന്റെ ഭാഗത്തും, അരുണാചൽ പ്രദേശിൽ യഥാർത്ഥ നിയന്ത്രണരേഖയിൽ നിന്ന് ആറ് കിലോമീറ്റർ അകലെ ചൈന പുതിയ ഗ്രാമങ്ങൾ നിർമ്മിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. സൈനിക വിന്യാസം കൂട്ടാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നായിരുന്നു റിപ്പോർട്ട്. ഇത് ശരിവയ്ക്കും വിധമാണ് കടന്നു കയറാനുള്ള ശ്രമം.

ഈ സാഹചര്യത്തിൽ അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ അതിർത്തി പ്രദേശങ്ങളിലാണ് ജാഗ്രത വർധിപ്പിച്ചത്. അതേസമയം 9ന് തവാങ് മേഖലയിൽ സംഘർഷത്തിന് എത്തിയ ചൈനീസ് സൈന്യത്തിന്റെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ട് ഉണ്ട്. ആണികൾ തറച്ച മരക്കഷ്ണവും ടേസർ തോക്കുകളും കയ്യിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം .സംഘർഷം നടന്നത് 9ന് രാവിലെയോടെയാണെന്നും സംഘർഷത്തിനിടെ കല്ലേറ് ഉണ്ടായതായും റിപ്പോർട്ട് ഉണ്ട്. പതിനഞ്ചിലധികം ചൈനീസ് പട്ടാളക്കാർക്ക് പരിക്കേറ്റെന്നാണ് സൂചന

പരിക്കേറ്റ ഇന്ത്യൻ സൈനികർ ഗുവാഹത്തിയിൽ ചികിത്സയിലെന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്. ചില സൈനികർക്ക് കൈകാലുകളിൽ പൊട്ടലെന്നാണ് സൂചന. പ്രതിരോധമന്ത്രി കരസന മേധാവിയുമായി സംസാരിച്ചു, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നേതൃത്വത്തിൽ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് 600 ചൈനീസ് സൈനികർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇരു കൂട്ടരും ഏറ്റുമുട്ടൽ പ്രദേശത്തുനിന്ന് പിൻവാങ്ങിയിട്ടുണ്ട്.

ഗൽവാൻ സൈനിക കുരുതിക്കു ശേഷം ഇത്തരമൊരു ഏറ്റുമുട്ടൽ ആദ്യമാണ്. 2020 ജൂൺ 15നാണ് കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ചൈനീസ് ലിബറേഷൻ ആർമിയുമായുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൈനയുടെ 40 പേരും മരിച്ചതായാണ് റിപ്പോർട്ട്. അരുണാചൽ പ്രദേശ് അതിർത്തി മേഖലയിൽ ഇന്ത്യ-ചൈന സംഘർഷം ആദ്യമല്ല. അതിർത്തി വ്യക്തമായി തിരിക്കാൻ കഴിയാത്ത ഈ മേഖലയിൽ നിരീക്ഷണ യാത്രക്കിടയിൽ സൈനികർ തമ്മിൽ ഉരസൽ ഉണ്ടാകാറുണ്ട്. 2021 ഒക്‌ടോബറിലും സംഘർഷം ഉണ്ടായിരുന്നു.