മോസ്‌കോ: രണ്ടാമത്തെ വലിയ മിസൈലും മോസ്‌കോക്ക് സമീപം തയ്യാറാക്കി നിർത്തിയതോടെ റഷ്യ ബ്രിട്ടന് പുതിയ താക്കീത് നൽകിയിരിക്കുകയാണ്. മോസ്‌കോയിൽ നിന്നും 160 മൈൽ തെക്ക് മാറിയുള്ള കോസെൽസ്‌കി ബേസിൽ യൂറോപ്പിലെ ഒട്ടു മിക്ക നഗരങ്ങളിലും അമേരിക്കയിലും എത്താൻ കഴിയുന്ന യാർസ് റോക്കറ്റുകൾ വിന്യസിച്ചതിന്റെ ചിത്രങ്ങൾ ഇന്നലെ റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ പുറത്തു വിട്ടു.

ഒരു ദിവസം മുൻപ് ഇതേ ബേസിലേക്ക് മറ്റൊരു മിസൈൽ കൂടി എത്തിയിരുന്നു. വാഷിങ്ടണിനേക്കാൾ ലണ്ടനെ ആക്രമിക്കാനാണ് താത്പര്യപ്പെടുക എന്ന് അ അവസരത്തിൽ ഒരു മുൻ റഷ്യൻ ജനറൽ പറഞ്ഞിരുന്നു. വാഷിങ്ടൺ ഒരുപാട് ദൂരെയാണെന്നും ആദ്യം ആക്രമിക്കേണ്ടത് വാഷിങ്ടണെയല്ല എന്നുമായിരുന്നു ലഫ്റ്റനന്റ് ജനറൽ ആൻഡ്രി ഗുരുലേവ് പറഞ്ഞത്. ലണ്ടൻ അയൽപ്പക്കത്താണെന്നും റഷ്യക്കെതിരെയുള്ള എല്ലാ ഗൂഢാലോചനകളുടെ വിളനിലമാണെന്നും അയാൾ അന്ന് പറഞ്ഞിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്‌ച്ചകൾക്ക് മുൻപ് ചൈന ശക്തമായി പ്രതികരിച്ചതിനെ തുടർന്ന് ആണാവായുധ ഭീഷണി മുഴക്കുന്നത് റഷ്യ ഇടയ്ക്ക് നിർത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന വാർഷിക ഗ്രോം ന്യുക്ലിയാർ ഡ്രില്ലിലായിരുന്നു അവസാനമായി റഷ്യ യാർസ് മിസൈലുകൾ പ്രദർശിപ്പിച്ചത്. അന്തർവാഹിനികൾ, ആണവ ശേഷിയുള്ള ബോംബറുകൾആണവ മിസൈലുകൾ എന്നിവയെല്ലാം ആ ഡ്രില്ലിൽ പ്രദർശിപ്പിച്ചിരുന്നു.

വീണ്ടും കീവിനെ ആക്രമിക്കാൻ 2 ലക്ഷം പേരുടെ സൈന്യവുമായി പുടിൻ

കീവ് ആക്രമണത്തിൽ ദയനീയമായി പരാജയമടഞ്ഞെങ്കിലും അതുകൊണ്ട് പിന്മാറാൻ പുടിൻ തയ്യാറല്ലെന്നാണ് യുക്രെയിൻ പറയുന്നത്. പുതിയ 2 ലക്ഷത്തോളം പേരെ ചേർപ്പിച്ച് സൈന്യത്തെ അതിനായി ഒരുക്കുകയാണ് റഷ്യ എന്ന്യുക്രെയിന്റെ മുതിർന്ന ഒരു ജനറൽ പറഞ്ഞു. ഫെബ്രുവരിയിൽ യുക്രെയിനെ ആദ്യം ആക്രമിച്ചപ്പോൾ 1,75,000 സൈനികരെയായിരുന്നു റഷ്യ നിയമിച്ചിരുന്നത്.

ഇത്തവണ ഡോൺബാസ്സിലായിരിക്കില്ല യുദ്ധം ആരംഭിക്കുക, മറിച്ച് ബെലാറൂസിൽ നിന്നും കീവിനെ ലക്ഷ്യമാക്കിയായിരിക്കും ആക്രമണമെന്നും ജനറൽ പറയുന്നു. ക്രീമിയ വഴി ആകാനുള്ള സാധ്യതയും ഇല്ലാതില്ലെന്ന് അദ്ദേഹം പറയുന്നു. അതിനാൽ തന്നെ കൂടുതൽ ആയുധ ശേഖരം യുക്രെയിന് ലഭ്യമാക്കണം എന്ന് അദ്ദേഹം പാശ്ചാത്യ സഖ്യകക്ഷികളോട് അവശ്യപ്പെട്ടു. ഈ ശത്രുക്കളെ പരാജയപ്പെടുത്താൻ കഴിയുമെന്ന വിശ്വാസമുണ്ടെന്നും അതിനായി 300 ടാങ്കുകൾ, 600 മുതൽ 700 വരെ ഇൻഫാൻടി ഫൈറ്റിങ് വാഹനങ്ങൾ, 500 ഹൊവൈറ്റ്സറുകൾ എന്നിവ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമൂഴ പോരാട്ടത്തിനെത്തുന്ന റഷ്യ ആദ്യ ആക്രമണത്തിനയച്ച സൈന്യത്തിന്റെ സമാനമായ വലിപ്പമുള്ള സൈന്യത്തെയാകും രണ്ടാമതും അയയ്ക്കുക എങ്കിലും സൈന്യത്തിന് ആദ്യ യുദ്ധത്തിനെത്തിയ സൈന്യത്തിന്റെ കാര്യക്ഷമത ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ മികച്ച ആയുധങ്ങൾ എല്ലാം തന്നെ ആദ്യ വട്ടത്തിൽ ഉപയോഗിച്ചു കഴിഞ്ഞു. അതുപോലെ യുദ്ധ നിപുണരായ അനേകം സൈനികരും കമാൻഡർമാരും ആദ്യവട്ടത്തിൽ മരണമടഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

സമ്മാനപ്പൊതി പൊട്ടിത്തെറിച്ച് പോളിഷ് പൊലീസ് മേധാവി ഹോസ്പിറ്റലിൽ

യുക്രെയിനിലെ എമർജൻസി ക്രൂ അംഗങ്ങളെ സന്ദർശിച്ച് വാഴ്സായിലെ ആസ്ഥാനത്തേക്ക് തിരിച്ചെത്തിയ പോളീഷ് പൊലീസ് മേധാവി, യുക്രെയിനിൽ നിന്നും ലഭിച്ച സമ്മാനപ്പൊതി പൊട്ടിത്തെറിച്ച് ആശുപത്രിയിലായി. ഡിസംബർ 11 നും 12 നും ആയിരുന്നു സന്ദർശനം. സമ്മാനപ്പൊതിക്കുള്ളിൽ ഉണ്ടായിരുന്ന സമ്മാനം എന്തെന്ന് വ്യക്തമല്ല. ഇക്കഴിഞ്ഞ ബുധനാഴ്‌ച്ചയായിരുന്നു സംഭവം നടന്നതെന്ന് പോളണ്ടിന്റെ ഇന്റീരിയർ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

സ്ഫോടനത്തിന്റെ ഫലമായി കമാൻഡർക്ക് നിസ്സാരമായ പരിക്കുകൾ ഏറ്റെന്നുംനിരീക്ഷണത്തിനായി ഇന്നലെ മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു. പൊലീസ് ആസ്ഥാനത്തെ ഒരു സിവിലിയൻ ജീവനക്കാരനും സ്ഫോടനത്തിൽ പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, ഇയാൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കത്തക്ക സാഹചര്യമില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇക്കാര്യത്തിൽ യുക്രെയിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.