ന്യൂഡൽഹി: വീണ്ടും പറയാനുള്ളത് പറഞ്ഞ് ഇന്ത്യ. യുക്രെയിൻ യുദ്ധം ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിനോട് വീണ്ടും ആവശ്യപ്പെട്ടു. പുട്ടിനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് മോദി ഇക്കാര്യമുന്നയിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ ഊർജം, വ്യാപാരം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിലെ ഉഭയകക്ഷി ബന്ധം നേതാക്കൾ വിലയിരുത്തി. ജി20 അധ്യക്ഷ പദവി ഇന്ത്യ വഹിക്കുമ്പോൾ മുൻഗണന നൽകുന്ന കാര്യങ്ങളെക്കുറിച്ച് മോദി വിശദീകരിച്ചു. അതിലൊന്ന് യുക്രയിനാണ്. യുദ്ധം നിർത്താനുള്ള ചർച്ചകൾക്ക് മോദി മധ്യസ്ഥം വഹിക്കാനും സാധ്യതയുണ്ട്.

ജി 20യുടെ അധ്യക്ഷ പദവി ഏറ്റെടുത്ത മോദി നിർണ്ണായക തീരുമാനങ്ങൾ എടുക്കുകയാണ്. ഇത്തവണത്തെ ഇന്ത്യ-റഷ്യ ഉച്ചകോടിക്കായി മോദി റഷ്യ സന്ദർശിക്കുന്നില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം പുട്ടിൻ ഉച്ചകോടിക്ക് ഇന്ത്യയിലെത്തിയിരുന്നു. യുക്രെയിൻ യുദ്ധ പശ്ചാത്തലത്തിലാണ് മോദിയുടെ വിട്ടു നിൽക്കൽ എന്നും സൂചനയുണ്ട്. ജി 20 ഉച്ചകോടിയുടെ പ്രഖ്യാപനം അന്തിമമാക്കുന്നതിൽ ഇന്ത്യ നിർണായക പങ്കു വഹിച്ചു. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. റഷ്യ യുക്രെയ്ൻ യുദ്ധം സംബന്ധിച്ച ഇന്ത്യയുടെ നിലപാടിനെ യുഎസ് പ്രശംസിക്കുകയും ചെയ്ു.

ഉച്ചകോടിക്കിടെ ഇന്ത്യ യുഎസ് ബന്ധം അവലോകനം ചെയ്ത ബൈഡനും മോദിയും എല്ലാ അസ്വാരസ്യങ്ങളും മറന്ന് ഒരുമിച്ചുനിൽക്കേണ്ട നിർണായക ചരിത്രസന്ധിയാണിതെന്ന നിഗമനത്തിലാണ് പിരിഞ്ഞത്. ജി20 അധ്യക്ഷസ്ഥാനത്തേക്കുള്ള ഇന്ത്യയുടെ ആരോഹണത്തിന് ഇത് കരുത്തും ഊർജവും നൽകുന്നു. അടുത്ത വർഷം ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടി വരെ ജി20 രാഷ്ട്രസംഘടനയുടെ അധ്യക്ഷപദം ഇന്ത്യ അലങ്കരിക്കും. റഷ്യയുമായി വ്യാപാര ബന്ധങ്ങൾ ഇന്ത്യയ്ക്കുണ്ട്. റഷ്യയുടെ അടുത്ത സുഹൃത്ത്. ഇത് പരമാവധി ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കുകയാണ് മോദിയുടെ ലക്ഷ്യം.

ബാലി ഉച്ചകോടി ചർച്ച ചെയ്ത സുപ്രധാന വിഷയത്തിൽ റഷ്യ യുക്രെയിൻ സംഘർഷവും വന്നു. ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതുകൊണ്ടാണ് അതിനു കഴിഞ്ഞത്. യുദ്ധവും നശീകരണവും അവസാനിപ്പിച്ച് ഒത്തുതീർപ്പു ചർച്ച ആരംഭിക്കണമെന്ന ആവശ്യത്തിൽ ജി20 രാജ്യങ്ങൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നില്ല. ഇന്ത്യ ഇക്കാര്യത്തിൽ തുടക്കം മുതൽ സ്വീകരിച്ചുവരുന്ന നിലപാട് മറ്റൊന്നല്ല. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ ബാലിയിൽ എത്തിയില്ല. റഷ്യയെ പ്രതിനിധീകരിച്ച അവരുടെ വിദേശകാര്യമന്ത്രി ഏറക്കുറെ ഒറ്റപ്പെടുകയും ചെയ്തു.

ജി20 കൂട്ടായ്മയുടെ അധ്യക്ഷ രാഷ്ട്രമെന്ന നിലയിൽ സമാധാനചർച്ചകളുടെ കേന്ദ്രബിന്ദുവായി ഇനി ഇന്ത്യ മാറും. മധ്യസ്ഥൻ എന്ന നിലയിലല്ലാതെ ഇരുകൂട്ടരുമായി ഒരുപോലെ ആശയവിനിമയം നടത്താൻ കഴിയുന്ന സന്ദേശവാഹകനായിട്ടാവാം ആ പങ്ക് നിർവഹിക്കപ്പെടുക. ഇന്ത്യ ഒത്തുതീർപ്പ് ചർച്ചകളുടെ രാസത്വരകമാകുമെന്ന് യുഎസും നാറ്റോയും പ്രതീക്ഷിക്കുന്നുണ്ട്.

ബാലിയിലെ യഥാർഥ ജേതാവ് ഷി ജിൻ പിങ്ങാണ്. ചൈനയുടെ ആജീവനാന്ത ഭരണാധികാരിയെന്ന പ്രതിച്ഛായയുമായാണ് ഷി ബാലിയിൽ എത്തിയത്. കോവിഡ് മഹാമാരി ലോകം നിശ്ചലമാക്കിയ കഴിഞ്ഞ 3 വർഷം അദ്ദേഹം ഒതുങ്ങിക്കഴിയുകയായിരുന്നു. ഉച്ചകോടിയിൽ പങ്കെടുത്ത നേതാക്കന്മാരെല്ലാം അദ്ദേഹവുമായി സംസാരിക്കാനും ഫോട്ടോ എടുക്കാനും മത്സരിച്ചു. ചൈനയിലെ മനുഷ്യാവകാശ ലംഘനത്തെ നിരന്തരം വിമർശിക്കാറുള്ള യുഎസും ചൈനയുമായുള്ള ബന്ധം തായ്വാൻ പ്രശ്‌നത്തോടെ കൂടുതൽ വഷളായ നിലയിലാണ്. എന്നിട്ടും ഷിയും പ്രസിഡന്റ് ബൈഡനുമായി നടത്തിയ കൂടിക്കാഴ്ച ഉച്ചകോടിയുടെ അവസാനംവരെ നല്ല അന്തരീക്ഷം സൃഷ്ടിച്ചു.

ബാലിയിലെ സംയുക്ത പ്രഖ്യാപനം റഷ്യയ്‌ക്കെതിരായി കുറ്റപത്രമായി മാറിയിരുന്നു. അടുത്ത ഒരു വർഷം ജി 20യുടെ നിർവഹണ ചുമതല ഇന്ത്യയ്ക്കാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും മറ്റ് ഉന്നത ഉദ്യോഗസ്ഥ സംഘവും ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ കാര്യക്ഷമതയുടെയും നേതൃശേഷിയുടെയും ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. 2024 ലെ തിരഞ്ഞെടുപ്പിൽ ഇത് ബിജെപിക്ക് അനുകൂല ഘടകമായേക്കും. ഈ സാഹചര്യത്തിലാണ് യുക്രെയിൻ വിഷയത്തിൽ മോദി ക്രിയാത്മ ഇടപെടലിന് ഒരുങ്ങുന്നത്.