ലണ്ടൻ: നിറകുടം തുളുമ്പില്ല എന്ന പഴഞ്ചൊല്ലിന് നിരവധി അർത്ഥങ്ങളുണ്ട്. പക്വതയില്ലാത്ത അല്പജ്ഞാനികൾ പലതും വിളിച്ചുകൂവിയാലും, അതെല്ലാം ക്ഷമിച്ച് മൗനം പാലിക്കുവാൻ പക്വമതികൾക്ക് കഴിയും എന്നാണ് അതിലൊന്ന്. ഇത് സ്വന്തം പ്രവർത്തിയിലൂടെ തെളിയിക്കുകയാണ് ചാൾസ് മൂന്നാമൻ രാജാവ്. നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററിയിലൂടെ എലിസബത്ത് രാജ്ഞിക്കെതിരെ പോലും ആരോപണങ്ങൾ ഉയർത്തിയ മകന്റെയും മരുമകളുടെയും നടപടിയെ പക്വതയില്ലായമയായി കണ്ട് അവരോട് ക്ഷമിക്കുകയാണ് അദ്ദേഹം. അടുത്തവർഷം നടക്കുന്ന, ചാൾസ് മൂന്നാമന്റെ കിരീടധാരണ ചടങ്ങിലേക്ക് ഇരുവരെയും ക്ഷണിക്കും.

ഈ ചടങ്ങിലേക്കുള്ള ഔദ്യോഗിക ക്ഷണം തയ്യാറാകാൻ ഇനിയും സമയം ഏറെയുണ്ടെങ്കിലും കൊട്ടാരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത് എല്ലം മറക്കാനും പൊറുക്കാനും രാജാവ് തയ്യാറാണെന്നാണ്. തുടർച്ചയായി കുടുംബത്തിന്റെ മേൽ ചെളിവാരി തേക്കുകയാണെങ്കിലും മകനെ അങ്ങനെയങ്ങ് പൂർണ്ണമായി ഉപേക്ഷിക്കാൻ ആ പിതൃഹൃദയത്തിന് കഴിയുന്നില്ല എന്നാണ് ചാൾസുമായി അടുത്തവരും പറയുന്നത്.

പൈതൃകവും ആധുനികതയും സമ്മേളിക്കുന്ന തിളക്കമാർന്ന കിരീടധാരണ ചടങ്ങുകൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട്വിപുലമായ ചർച്ച്കൾക്കായി കഴിഞ്ഞ ദിവസം രാജാവും രാജപത്നിയും വെസ്റ്റ്മിനിസ്റ്റർ അബി സന്ദർശിക്കുകയും ചെയ്തിരുന്നു. വലിപ്പത്തിൽ മാറ്റം വരുത്താനായി സെയിന്റ് ഏഡ്വേർഡിന്റെ കിരീടം ടവർ ഓഫ് ലണ്ടനിൽ നിന്നും കൊണ്ടുപോയി കഴിഞ്ഞു.

ചടങ്ങുകളിൽ പൂർണ്ണമായും തന്റെ ഭർത്താവിനൊപ്പം ഉണ്ടാകുന്ന രാജപത്നിയും തനിക്കുള്ള കിരീടം തെരഞ്ഞെടുത്തിരിക്കുന്നു എന്നാണ് സൂചന. എന്നാൽ, അത് ഏതാണെന്ന് ഇതുവരെ വ്യക്തമല്ല. എലിസബത്ത് രാജ്ഞി അടുത്തകാലത്ത് ധരിച്ചിരുന്ന കിരീടമാകും അതെന്നാണ് ചില സൂചനകൾ പറയുന്നത്. രാജ്ഞിയുടെ അമ്മ ധരിച്ചിരുന്ന കിരീടം ധരിക്കുവാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും അതിലുള്ള കോഹിനൂർ രത്നത്തിന്റെ സാന്നിദ്ധ്യം അത് വിവാദമാക്കിയിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച പുറത്തിറക്കിയ നെറ്റ്ഫ്ളിക്സ് സീരീസിന്റെ അവസാന ഭാഗത്ത് ഹാരി തന്റെ പിതാവിനെ നുണയൻ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. തന്റെ സഹോദരൻ തനിക്ക് നേരെ അലറി വിളിച്ചു എന്നും തന്റെ പിതാവ് നുണകൾ പറഞ്ഞുവെന്നും ഹാരി ആരോപിച്ചിരുന്നു. ഹാരിയുടെയും മേഗന്റെയും ഭാവി തീരുമാനിക്കപ്പെട്ട സാൻഡ്രിങ്ഹാം കൂടിക്കാഴ്‌ച്ചയിലായിരുന്നു ഇത് സംഭവിച്ചത്. രാജ്ഞി നിസ്സഹായയയി, നിശബ്ദയായി ഇരുന്നതേയുള്ളുവെന്നും ഹാരി പറഞ്ഞിരുന്നു.