- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ക്ലാസ് മുറികൾ അടക്കം നിരവധി പുതിയ നിയമങ്ങൾ; സ്ത്രീകളെ വനിതാ പ്രൊഫസർമാരോ പ്രായമായ പുരുഷന്മാരോ മാത്രമേ പഠിപ്പിക്കാൻ പാടുള്ളൂ എന്ന നിയമവും നടപ്പിലാക്കി; ഹയർ സെക്കന്ററിക്ക് പിന്നാലെ ഇനി സർവ്വകലാശാലകളിലും സ്ത്രീകൾക്ക് പ്രവേശനമില്ല; താലിബാനിൽ വീണ്ടും സ്ത്രീ വിരുദ്ധത; അപലപിച്ച് യുഎൻ
കാബൂൾ: അഫ്ഗാൻ സർവകലാശാലകളിൽ സ്ത്രീകൾക്ക് പ്രവേശനം വിലക്കി താലിബാൻ. ഇതുസംബന്ധിച്ച് ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്ത്രീകളുടെ വിദ്യാഭ്യാസം നിർത്തിവയ്ക്കാനാണ് തീരുമാനം. ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന് സർക്കാർ- സ്വകാര്യ സർവകലാശാലകൾക്ക് അയച്ച കത്തിൽ അഫ്ഗാനിസ്ഥാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി നേദാ മുഹമ്മദ് നദീം വ്യക്തമാക്കുന്നു.
നേരത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. കഴിഞ്ഞ മാസം സ്ത്രീകൾക്ക് പാർക്കുകളിലും വ്യായാമ കേന്ദ്രങ്ങളിലും താലിബാൻ പ്രവേശനം വിലക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. രാജ്യത്തുടനീളം ആയിരക്കണക്കിന് പെൺകുട്ടികളും സ്ത്രീകളും സർവകലാശാലാ പ്രവേശന പരീക്ഷ എഴുതി ഫലം കാത്തിരിക്കവേയാണ് താലിബാന്റെ പുതിയ നീക്കം. തീരുമാനത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചിട്ടുണ്ട്.
അഫ്ഗാനിലെ സർവകലാശാലകൾ നിലവിൽ ശൈത്യകാല അവധിയിലാണ്. മാർച്ചിലാണ് വീണ്ടും തുറക്കുന്നത്. രാജ്യം പിടിച്ചടക്കിയതിനുശേഷം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ക്ലാസ് മുറികൾ അടക്കം നിരവധി പുതിയ നിയമങ്ങൾ താലിബാൻ നടപ്പിലാക്കിയിരുന്നു. സ്ത്രീകളെ വനിതാ പ്രൊഫസർമാരോ പ്രായമായ പുരുഷന്മാരോ മാത്രമേ പഠിപ്പിക്കാൻ പാടുള്ളൂ എന്ന നിയമവും നടപ്പിലാക്കിയിരുന്നു. പെൺകുട്ടികളുടെ സർവകലാശാല വിദ്യാഭ്യാസം ഇനിയൊരു ഉത്തരവുണ്ടാകുംവരെ നിർത്തിവെക്കണമെന്നാണ് നിർദ്ദേശം.
അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെതന്നെ സർവകലാശാലകളിൽ പെൺകുട്ടികൾക്ക് കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് പുതിയ തീരുമാനവും. നേരത്തെ ബുർഖ ധരിക്കാത്തതിന് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധിച്ച വിദ്യാർത്ഥിനികളെ മർദ്ദിച്ച് താലിബാൻ ഉദ്യോഗസ്ഥൻ ചർച്ചകളിൽ എത്തിയിരുന്നു. താലിബാൻ സർക്കാരിന്റെ വൈസ് ആൻഡ് വെർച്യു മന്ത്രാലയത്തിൽ പെട്ടയാളാണ് വിദ്യാർത്ഥികളെ മർദ്ദിച്ചത്.
വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദക്ഷൻ സർവകലാശാലയുടെ ഗേറ്റിന് പുറത്താണ് സംഭവം നടന്നത്. ഡസൻ കണക്കിന് വിദ്യാർത്ഥികൾ തങ്ങളെ പ്രവേശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലയുടെ ഗേറ്റിൽ പ്രതിഷേധിച്ചത്. ഇതിനിടെ താലിബാൻ സർക്കാർ ഉദ്യോഗസ്ഥൻ വിദ്യാർത്ഥികളെ പിന്തുടരുകയും പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട് അവരെ മർദ്ദിക്കുകയുമായിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അധികാരമേറ്റതിനുശേഷം, സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സംസാരത്തിനും അഭിപ്രായപ്രകടനത്തിനും തൊഴിൽ അവസരങ്ങൾക്കും വസ്ത്രധാരണത്തിനും താലിബാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പെൺകുട്ടികളെ ആറാം ക്ലാസ് മുതൽ സ്‌കൂളിൽ പോകുന്നതിൽ നിന്ന് വിലക്കി. സത്രീകൾ പൊതു നിരത്തിൽ നിഖാബോ (തലയും മുഖവും മറയ്ക്കുന്ന ഒരു മൂടുപടം, പക്ഷേ കണ്ണുകളല്ല) ബുർഖയോ ധരിച്ചിരിക്കണമെന്നാണ് താലിബാന്റെ വൈസ് ആൻഡ് വെർച്യു മന്ത്രാലയത്തിന്റെ നിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ