- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇറാന്റെ ആണവായുധ ശേഖരങ്ങൾ എല്ലാം തകർത്തുകളയുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേൽ; പതിവില്ലാത്ത ഇസ്രയേലിന്റെ ഭീഷണി മറ്റൊരു യുദ്ധമുഖം തുറന്നേക്കുമെന്ന് ആശങ്കപ്പെട്ട് ലോകം

ഇനിയുമവസാനിക്കാത്ത റഷ്യൻ യുക്രെയിൻ യുദ്ധം ലോകത്തെ ദുരിതത്തിലാഴ്‌ത്തുന്ന സമയത്ത് ലോകത്തിന്റെ മറ്റൊരു ഭാഗത്ത് തായ്വാനെതിരെ ഭീഷണിയുമായി ചൈനയെത്തിയിരിക്കുന്നു. മറ്റൊരു യുദ്ധം കൂടി ആസന്നമായേക്കുമെന്ന് ലോകം ആശങ്കപ്പെട്ടു നിൽക്കവേ, ആ ആശങ്ക വർദ്ധിപ്പിച്ചുകൊണ്ട് ഇസ്രയേലിന്റെ പുതിയ ഭീഷണി ഉയരുന്നു. ഇറാന്റെ ആണവായുധ ശേഖരം മുഴുവൻ രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ നശിപ്പിച്ചു കളയും എന്നാണ് ഇസ്രയെൽ പ്രതിരോധ മന്ത്രി ഇന്നലെ പ്രസ്താവിച്ചത്.
തികച്ചും അസാധാരണമായ ഈ പ്രഖ്യാപനം ഇരു രാജ്യങ്ങൾക്കിടയിലേയും സംഘർഷത്തിന്റെ തീവ്രത വർദ്ധിപ്പിച്ച് മറ്റൊരു യുദ്ധത്തിലേക്ക് നയിക്കുമോ എന്നാണ് ഇപ്പോൾ ഉയരുന്ന ഭയം. മറ്റൊരു ലോകമഹായുദ്ധത്തിനുള്ള സാധ്യത വർദ്ധിച്ചു വരികയാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നു. വ്യോമസേനയുടെ, പുതുതായി പരിശീലനം നേടിയ കേഡറ്റുകളെ അഭിമുഖീകരിച്ച് സംസാരിക്കുമ്പോഴായിരുന്നു ഇസ്രയേൽ മന്ത്രി ബെന്നി ഗാന്റ്സ്, അവർക്ക് 2024 അല്ലെങ്കിൽ 2025 ആകുമ്പോൾ ഇറാനിയൻ ആണവായുധ ശേഖരങ്ങളും മറ്റ് ന്യുക്ലിയാർ സൈറ്റുകളും ആക്രമിക്കേണ്ടി വരുമെന്ന് പറഞ്ഞത്.
വർഷങ്ങളായി ശീതയുദ്ധത്തിന്റെ മാതൃകയിലുള്ള സംഘർഷം നിലനിൽക്കുകയാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ. 2015-ലെ കരാറിന്റെ മാതൃകയിലുള്ള മറ്റൊരു ആണവകരാർ ഇറാനുമായി ഉണ്ടാക്കിയെടുക്കാനുള്ള അന്താരാഷ്ട്ര തലത്തിലുള്ളശ്രമങ്ങൾ ഒക്കെയും പരാജയപ്പെട്ടതോടെ ഇറാൻ യുറേനിയം സംസ്‌കരണത്തിന്റെ തോത് വർദ്ധിപ്പിച്ചിരുന്നു. ഇത് ആണവായുധ നിർമ്മിതിക്കാണെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഊർജ്ജോദ്പാദനം പോലുള്ള ആവശ്യങ്ങൾക്കായുള്ള യുറേനിയം സംസ്‌കരണം പക്ഷെ ആണവ ബോംബുകൾ നിർമ്മിക്കുന്നതിനുള്ള അസംസ്‌കൃത പദാർത്ഥങ്ങൾ കൂടി നൽകുന്നുണ്ട്. ഏതായാലും, ആണവായുധ നിർമ്മാണം എന്ന ആരോപണം ഇറാൻ തുടർച്ചയായി നിഷേധിച്ചു വരികയാണ്. എന്നാൽ, നിലവിലെ സംസ്‌കരണ പ്രക്രിയയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി ഇറാന് ആയുധ നിർമ്മാണത്തിനുതകുന്ന ഗ്രേഡിലുള്ള യുറേനിയം സംസ്‌കരണം നടത്താൻ അധിക സമയം ആവശ്യമായി വരില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
എന്നാൽ, അതുപയോഗിച്ച് ആയുധങ്ങൾ നിർമ്മിക്കുവാൻ വർഷങ്ങൾ വേണ്ടി വന്നേക്കും. കഴിഞ്ഞ കുറേ വർഷങ്ങളായി ഇറാന്റെ ആണവ സൈറ്റുകൾ ആക്രമിക്കുമെന്ന് ഇസ്രയേൽ പരോക്ഷമായ ഭീഷണി നടത്തുന്നുണ്ട്. എന്നാൽ, ഒരു നിശ്ചിത സമയ പരിധി അതിനായി തീരുമാനിച്ചിരുന്നില്ല. അതാണ് ഇപ്പോൾ ഇസ്രയേലിന്റെ തീരുമാനം ഉറച്ചതാണെന്ന വിശ്വാസം ജനിപ്പിക്കുന്നത്. വരുന്ന വർഷവും ഇറാൻ തന്റെ ആണവ പദ്ധതികളുമായി മുന്നോട്ട് പോകും എന്നാണ് ഇസ്രയേലി രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ഇസ്രയേലി പത്രമായ ഹയോം ഞായറാഴ്‌ച്ച റിപ്പോർട്ട് ചെയ്തത്.
കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയാൽ മാത്രമേ ഇറാൻ തങ്ങളുടെ നയം മാറ്റുകയുള്ളു എന്നും ഈ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അത്തരമൊരു ഉപരോധം ഒരുപക്ഷെ ആണവായുധ നിർമ്മാണ പ്രക്രിയക്ക് വേഗത കൂട്ടാനുള്ള ഒരു ത്വരണമാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. അയൽരാജ്യങ്ങളെ പ്രകോപിപ്പിക്കാതിരിക്കാനും, തങ്ങളുടെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനുമായി തങ്ങളുടെ പക്കൽ ആണവായുധങ്ങൾ ഉണ്ടോ എന്ന കാര്യം ഇസ്രയേൽ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, തീർച്ചയായും ഇസ്രയേലിന്റെ കൈവശം ആണവായുധങ്ങൾ ഉണ്ട് എന്ന് തന്നെയാണ് പല യുദ്ധ വിദഗ്ധരും കരുതുന്നത്.


