- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരെഞ്ഞെടുപ്പിൽ തോറ്റപ്പോൾ അണികളായ ട്രംപിസ്റ്റുകൾ അമേരിക്കയിൽ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ തനിയാവർത്തനം ബ്രസീലിൽ; ബ്രസീലിയൻ പാർലമെന്റും സുപ്രീം കോടതിയും പിടിച്ചെടുക്കാൻ ആയിരങ്ങൾ; പ്രസിഡണ്ടിനെതിരെ ജനങ്ങൾ തെരുവിലേക്ക്
രണ്ടുവർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ നടന്നതിന്റെ തനിയാവർത്തനമാണ് ഇപ്പോൾ ബ്രസീലിൽ നടക്കുന്നത്. തങ്ങളുടെ നേതാവ് ട്രംപിന്റെ പരാജയത്തിൽ നിരാശരായ അണികൾ സംഘംചേർന്ന് പാർലമെന്റ് പിടിച്ചെടുക്കാൻ നടത്തിയ ശ്രമം പോലൊന്ന് ഇപ്പോൾ ബ്രസീലിലും നടക്കുകയാണ്. തെരെഞ്ഞെടുപ്പിൽ മുൻ പ്രസിഡണ്ട് ജെയെർ ബൊൽസോനാരോയുട്രെ പരാജയം ഉറപ്പായതോടെ അണികൾ തെരുവിലിറങ്ങിയിരിക്കുകയാണ്. സമാധാനപരമായ അധികാര കൈമാറ്റത്തിന് വിഘാതമുണ്ടാക്കുകയാണ് ഇവർ എന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ കുറ്റപ്പെടുത്തി.
ജനാധിപത്യത്തിനു മേൽ ഉള്ള ധ്വംസനത്തെ താൻ അപലപിക്കുന്നു എന്നായിരുന്നു ബൈഡൻ ട്വിറ്ററിൽ കുറിച്ചത്. ബ്രസീൽ ജനതയുടെ ഇച്ഛ പ്രതിഫലിപ്പിക്കുന്നതായിരിക്കണം അവിടത്തെ ഭരണകൂടമെന്നും ബൈഡൻ പറഞ്ഞു. തീവ്ര വലതുപക്ഷക്കാരനായ മുൻ പ്രസിഡണ്ട് ബൊൽസോനാരോയുടെ അണികൾ ബ്രസീൽ നാഷണൽ കോൺഗ്രസ്സ് ബിൽഡിംഗിൽ അതിക്രമിച്ചു കയറിയിരിക്കുകയാണ്. സുപ്രീം കോടതി, പ്രസിഡണ്ടിന്റെ കൊട്ടാരം എന്നിവിടങ്ങളിലും അതിക്രമിച്ചു കയറിയ ഇവർ പട്ടാളത്തോട് ആവശ്യപ്പെടുന്നത് പ്രസിഡണ്ട് ഡി സിൽവയെ അധികാര ഭ്രഷ്ടനാക്കണം എന്നാണ്. തെരഞ്ഞെടുപ്പിന്റെ സത്യസന്ധതയേയും ഇവർ ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം, കോൺഗ്രസ്സ് കെട്ടിടത്തിൽ അതിക്രമിച്ചു കയറിയവർ ഗുണ്ടകളും ഫാസിസ്റ്റുകളുമാണെന്നാണ് പ്രസിഡണ്ട് ഡി സിൽവ ആരോപിക്കുന്നത്. ഇത്തരത്തിലൊരു അതിക്രമം ഇതിനു മുൻപ് രാജ്യത്തുണ്ടായിട്ടില്ല എന്ന് പറഞ്ഞ പ്രസിഡണ്ട്, ഇത് തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണെന്നും അഭിപ്രായപ്പെട്ടു. ഇപ്പോൾ സാവോ പോളോയിലേക്കുള്ള ഒരു ഔദ്യോഗിക യാത്രയിലാണ് ഡി സിൽവ. ഈ ആക്രമണങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ബൊൽസോനാരോയ്ക്കാണെന്നും ഡി സിൽവ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്‌ച്ച മുൻപ് മാത്രമാണ് ഇടതുപക്ഷക്കാരനായ ഡ സിൽവ അധികർത്തിലേറിയത്. അപ്പോൾ തന്നെ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതാണെന്ന് ആരോപിച്ച് ബൊൽസോനാരോയുടെ അണികൾ രംഗത്തെത്തിയിരുന്നു. അക്രമകാരികൾ ആരായാലും ശിക്ഷിക്കപ്പെടും എന്ന് ഡസിൽവ പറഞ്ഞു. സർക്കാർ കെട്ടിടങ്ങളിൽ അതിക്രമിച്ചു കയറിയ 400 ഓളം പേറെ ഇതുവരെ അറസ്റ്റ് ചെയ്തതായി ബ്രസീലിയൻ പൊലീസ് പറഞ്ഞു.
അമേരിക്കൻ പ്രസിഡണ്ടിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി ബ്ലിൻകനും ബ്രസീലിലെ അതിക്രമങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ചു. അക്രമം കൊണ്ട് ജനാധിപത്യത്തെ തകർക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ടെക്സാസിലെ ജനപ്രതിനിധിയും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ജോക്വിൻ കാസ്ട്രൊ ഈ സംഭവത്തെ രണ്ടു വർഷം മുൻപ് അമേരിക്കയിൽ നടന്ന കാപ്പിറ്റോൾ കലപവുമായാണ് താരതമ്യം ചെയ്തത്. ട്രംപിന്റെ പരാജയത്തിൽ വിറളിപൂണ്ട അനുയായികൾ സമാനമായ രീതിയിൽ അമേരിക്കൻ പാർലമെന്റ് കെട്ടിടം പിടിച്ചെടുക്കാൻ ശ്രമം നടത്തിയിരുന്നു.
മാത്രമല്ല, തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് രാജ്യം വിട്ട് ഫ്ളോറിഡയിൽ അഭയം തേടിയ ബൊൽസോനാരോക്ക് അവിടെ അഭയം നൽകരുതെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. പാർലമെന്റ് കെട്ടിടത്തിനു മുന്നിലെ ബരിക്കേഡുകൾ തകർത്ത് ജനക്കൂട്ടം അകത്ത് കയറുകയായിരുന്നു. പ്രസിഡണ്ടിന്റെ കൊട്ടാരത്തിനു മുൻപിലും സുപ്രീം കോടതിക്ക് മുൻപിലും ആൾക്കൂട്ടം പ്രതിഷേധിക്കുന്നുണ്ടെങ്കിലും അവർക്ക് അതിനകത്ത് കയറുവാൻ കഴിഞ്ഞോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
മറുനാടന് മലയാളി ബ്യൂറോ