ലിയൊരു ഞെട്ടലോടെയാണ് ലോക മാധ്യമങ്ങൾ ന്യുസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡന്റെ രജി വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലിബറൽ രാഷ്ട്രീയത്തിന്റെ ആഗോള പോസ്റ്റർ ഗേളായി തിളങ്ങിനിന്ന വ്യക്തത്വമായിരുന്നു ജസിന്ത ആർഡെൻ. അറു വർഷത്തെ കഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നു പോയതിന്റെ പരിക്കുകൾ ഏറ്റത് തനിക്കാണെന്ന് ജസീന്ത പറയുന്നു. അതേസമയം ഒക്ടോബർ 14 ന് നടക്കാൻ ഇരിക്കുന്ന അടുത്ത തെരഞ്ഞെടുപ്പിൽ ജസിന്തയുടെ ലേബർ പാർട്ടിക്ക് വലിയ പ്രതീക്ഷയില്ലെന്ന് റിപ്പോർട്ടും പുറത്തു വരുന്നുണ്ട്.

ജസീന്തക്ക് പകരം പ്രധാനമന്ത്രിയെ കണ്ടെത്താൻ ഞായറാഴ്‌ച്ച പാർട്ടി യോഗം ചേരും. ഈ യോഗത്തിൽ പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്ന വ്യക്തികളിൽ ആർക്കും മൂന്നിൽ രണ്ട് വോട്ടുകൾ നേടാൻ കഴിഞ്ഞില്ലെങ്കിൽ ലേബർ പാർട്ടിയുടെ സാധാരണ അംഗങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് നടത്തി അടുത്ത പ്രധാനമന്ത്രിയെ കണ്ടെത്തും. ഫെബ്രുവരി 7 ഓടെയാകും ജസിന്ത ചുമതലയിൽ നിന്നും ഒഴിയുക.

2017 - ൽ ന്യുസിലാൻഡിന്റെ പ്രധാനമന്ത്രിയായി തന്റെ 37-ാം വയസ്സിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോകത്തിലെ ഏറ്റവും പ്രായക്കുറഞ്ഞ വനിത രാഷ്ട്രത്തലവ എന്ന ബഹുമതി അവരെ തേടിയെത്തിയിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ, രാഷ്ട്രത്തലവ പദവിയിൽ ഇരിക്കുമ്പോൾ ഒരു കുഞ്ഞിനു ജന്മം നൽകിയ രണ്ടാമത്തെ വനിതയുമായി അവർ. 1990-ൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരിക്കെ ഒരു കുഞ്ഞിന് ജന്മം നൽകിയ ബേനസീർ ഭൂട്ടോയാണ് ആദ്യമായി ഈ ബഹുമതി കരസ്ഥമാക്കിയത്.

ജാസിന്ത അൻഡേഴ്സന്റെ ഭരണകാലം ന്യുസിലൻഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സംഭവ ബഹുലമായ കലഘട്ടമായിരുന്നു. കോവിഡ് 19 ഉം അതിന്റെ കൂടെയെത്തിയ സമ്പത്തിക പ്രതിസന്ധിയും ന്യുസിലാൻഡിനെ തുറിച്ചു നോക്കിയപ്പോൾ അമരത്തിരുന്ന് രാജ്യത്തെ നയിച്ചത് ജസിന്തയായിരുന്നു. ക്രൈസ്റ്റ്ചർച്ച് മോസ്‌ക് വെടിവെയ്‌പ്പ്, വൈറ്റ് ഐലൻഡിലെ അഗ്‌നിപർവ്വത വിസ്ഫോടനം എന്നിങ്ങനെ വേറെയും പ്രതിസന്ധികൾ നേരിടേണ്ടതായി വന്നു ഈ വനിതാ പ്രധാനമന്ത്രിക്ക്.

കഴിഞ്ഞ അഞ്ചര വർഷക്കാലം തന്റെ ജീവിതത്തിലെ ഏറ്റവും പൂർണ്ണതയാർജ്ജിച്ച നാളുകളായിരുന്നു എന്ന് പറയുമ്പോഴും, പ്രതിസന്ധികളിലൂടെ രാഷ്ട്രത്തെ നയിക്കുക എന്നത് ഏറേ ക്ലേശകരമായ ഒന്നാണെന്നും അവർ സമ്മതിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ജസിന്തയെ അഭിനന്ദിച്ച് ആദ്യം രംഗത്ത് എത്തിയത് ന്യുസിലാൻഡിലെ പ്രതിപക്ഷ നേതാവായിരുന്നു എന്നത് അവിടത്തെ ജനാധിപത്യത്തിന്റെ മനോഹാരിത വിളിച്ചോതുന്നു. അവിശ്വസനീയമാം വണ്ണം, തന്നെ പൂർണ്ണമായി സമർപ്പിച്ചുകൊണ്ടു തന്നെയായിരുന്നു ജസിന്ത പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ നയിച്ചതെന്ന് നാഷണൽ പാർട്ടി നേതാവ് ക്രിസ് ലക്സൺ പറഞ്ഞു.

ബൗദ്ധിക ശക്തതിയും ആത്മീയ ശക്തിയും ഒപ്പം സഹാനുഭൂതിയും നിറഞ്ഞ ഒരു വ്യക്തിത്വമാണ് ജസീന്ത എന്നായിരുന്നു ആസ്ട്രേലിയൻ പ്രധാനമന്ത്രി അന്റണി അൽബനേസ് വിശേഷിപ്പിച്ചത്. ലോകാത്തിന്, അളക്കാനാകാത്ത അത്ര വ്യത്യസ്തതയാണ് ജസിന്ത സമ്മാനിച്ചത് എന്നായിരുന്നു കാനേഡിയൻ പ്രസിഡണ്ട് ജ്സ്റ്റിൽ ട്രുഡേവ് പറഞ്ഞത്.

ആഗോളതലത്തിൽ ഒരു താരമായി ഉയരുമ്പോഴും, ന്യുസിലാൻഡിൽ ഈയിടെ നടന്ന അഭിപ്രായ സർവേകൾ പറയുന്ന്ത് ജസിന്തയുടെ ജനപ്രീതി ഇടിയുന്നു എന്നു തന്നെയാണ്. 2020- ൽ ഇവർ പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചത് വൻ വിജയത്തോടെയായിരുന്നു. കോവിഡ് പ്രതിസന്ധിയെ നേരിട്ട നടപടികളായിരുന്നു അന്ന് ജസിന്തക്ക് അസാധാരണമായ് ജനപിന്തുണ നേടിക്കൊടുത്തത്.

തനിക്ക് ജനപിന്തുണ കുറയുന്നതിനുള്ള കാരണം, കോവിഡിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ എടുത്ത നടപടികളാണെന്ന് കഴിഞ്ഞവർഷം ജസിന്ത പറഞ്ഞിരുന്നു. എന്നാൽ, ജീവിത ചെലവ് കുത്തനെ ഉയരുന്നതും, കുറ്റകൃത്യ്ങ്ങൾ വർദ്ധിച്ചു വരുന്നതും അതുപോലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദനങ്ങൾ പൂർണ്ണമായും നടപ്പിലാക്കാൻ കഴിയാത്തതുമൊക്കെ ഇപ്പോൾ തിരിച്ചടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ജനങ്ങൾ പുറത്താക്കുന്നതിനു മുൻപ് പദവിയിൽ നിന്നും ഒഴിഞ്ഞുപോവുകയാണ് ജസീന്ത എന്ന രോപണവും ഉയരുന്നുണ്ട്.