സിസിന്റെ മുതിർന്ന നേതാവ് ബിലാൽ അൽ സുഡാനി അടക്കം പതിനൊന്നോളം ഭീകരരെ അമേരിക്ക സൈന്യം കൊന്നു തള്ളി. അതിസാഹസികമായി നടത്തിയ ഒരു ഭീകരവിരുദ്ധ ഓപ്പറേഷനിലൂടെയാണ് അമേരിക്ക ഈ നേട്ടം കൈവരിച്ചത്. ഓപ്പറേഷനിൽ പങ്കെടുത്ത അമേരിക്കൻ സൈനികർ തീർത്തും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. വിപുലമായ ആസൂത്രണത്തോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയതെന്നും അമേരിക്കൻ അധികൃതർ അറിയിച്ചു.

ലോകമാകമാനമുള്ള ഐസിസ് നെറ്റ്‌വർക്കുകൾക്ക് ധനസഹായം എത്തിക്കുന്നതിൽ ഒരു പ്രധാന കണ്ണിയാണ് അൽ സുഡാനി എന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ പറയുന്നു. നിലവിൽ സാമ്പത്തിക സഹായം ഉൾപ്പടെയുള്ള സഹായങ്ങൾ നൽകി ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഐസിസി വ്യാപകമാക്കുന്ന പദ്ധതിയിലായിരുന്നു അൽ സുഡാനി. അതുപോലെ അഫ്ഗനിസ്ഥാനിലെ നെറ്റ്‌വർക്കും ശക്തമാക്കാൻ അൽ സുഡാനി ശ്രമിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്‌ച്ചയായിരുന്നു ഈ പദ്ധതിയുടെ ആസൂത്രണത്തിലെ കേന്ദ്രഭാഗം നടന്നത്. വിവിധ രഹസ്യാന്വേഷണ ഏജൻസി തലവന്മാരുടെയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിൽ പ്ര്തിരോധ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ഈ പദ്ധതി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന് വിവരിച്ചു കൊടുത്തു. അമേരിക്കൻ സൈനികരുടെയും, ഓപ്പറേഷൻ നടക്കുന്ന സ്ഥലത്തെ പ്രദേശവാസികളുടേയും സുരക്ഷ പരമാവധി ഉറപ്പാക്കിക്കൊണ്ടുള്ള ഈ പദ്ധതിക്ക് ബൈഡൻ അനുമതി നൽകുകയും ചെയ്തു.

ഡിഫൻസ് സെക്രട്ടറി, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ചെയർമാൻ, വിവിധ രഹസ്യാന്വേഷണ ഏജൻസി തലവന്മാർ എന്നിവരുമായി കുലംകൂഷമായ ചർച്ചകൾക്ക് ശേഷ്മായിരുന്നു ബൈഡൻ അനുമതി നൽകിയത്. പ്രതിരോധ വകുപ്പ് സമർപ്പിച്ച പദ്ധതിക്ക് പകരമായി മറ്റോന്ന് ആസൂത്രണം ചെയ്യുവാനുള്ള സാധ്യത വരെ പരിശോധിച്ചു. മാത്രമല്ല, ഏറെ അപകട സാധ്യതയുള്ള ഈ സാഹസികമായ ഓപ്പറേഷൻ നടത്തുവാൻ മാത്രം അൽ സുഡാനിയുടെ പ്രവർത്തനങ്ങൾ അമേരിക്കയ്ക്ക് ഭീഷണിയാകുന്നുണ്ടോ എന്നു വരെ പരിശോധിച്ചു.

ഇന്ന് ലോകത്തിന് ഏറ്റവും വലിയ ഭീഷണി ആയിട്ടുള്ളത് തീവ്രവാദമാണെന്നും, വളരാൻ അനുവദിച്ചാൽ അത് നാളെ ലോക സമാധാനത്തെ പ്രതികൂലമായി ബാധിക്കും എന്ന തിരിച്ചറിവിലായിരുന്നു ഈ ഓപ്പറേഷന് തീരുമാനിച്ചത്; അൽ സുഡാനിയെ ജീവനോടെ പിടികൂടാൻ തീരുമാനിച്ചെങ്കിലും അത് സാധ്യമാകില്ല എന്ന് ഉറപ്പുണ്ടായിരുന്നതായും ഔദ്യോഗിക വ്ക്താവ് അറിയിച്ചു.

പദ്ധതി ആസൂത്രണം ചെയ്തതുപോലെ തന്നെ അതീവ സൂക്ഷ്മതയോടെയാണ് നടപ്പിലാക്കിയത്. ഐസിസ് തീവ്രവാദികൾ അല്ലാതെ സമീപവാസികളിൽ ആർക്കും ഒരു പരിക്കുപോലും പറ്റിയിട്ടില്ല എന്നത് ഈ ഓപ്പറേഷന്റെ കൃത്യതക്ക് തെളിവായി. അമേരിക്കൻ സൈനികരിൽ ഒരാൾക്ക് സേനയോടൊപ്പമുള്ള ഒരു നായ കടിച്ച് പരിക്കേറ്റതല്ലാതെ മറ്റാർക്കും ഒരു പരിക്കും ഏറ്റില്ല എന്നതും ശ്രദ്ധേയമായി.