ചെറിയൊരു ഇടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാവുകയാണ്. ഇക്കഴിഞ്ഞ വ്യഴാഴ്‌ച്ച, അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേലി കമാൻഡോകൾ വെടിവച്ചു കൊന്നത് 9 ഫലസ്തീനികളെ. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഇരുപതോളം പേർക്ക് പരിക്കേറ്റതിലെ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇതിന്റെ പ്രതികാരമായി ജറുസലേം നഗരത്തിലെ ഒരു യഹൂദപ്പള്ളിയിൽ നടന്ന ആക്രമണത്തിൽ ചുരുങ്ങിയത് ഏഴുപേരെങ്കിലും മരിച്ചതായും റിപ്പോർട്ടുകൾ പുറത്തു വരുന്നു. അക്രമിയെ പിന്നീട് പൊലീസ് വെടിവെച്ചു കൊന്നു. ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്ക് പ്ര്ദേശത്തെ ഒരു അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ റെയ്ഡിനിടയിലായിരുന്നു 9 ഫലസ്തീൻകാർ കൊല്ലപ്പെട്ടത്. ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയിലെ അംഗങ്ങളെ തിരഞ്ഞുകൊണ്ടായിരുന്നു റെയ്ഡ് നടത്തിയത്.

കൊല്ലപ്പെട്ടവരിൽ ഏഴുപേർ ഇസ്ലാമിക് ജിഹാദ്, ഹമാസ്, ഫത്താ തുടങ്ങിയ സംഘടനകളിലെ അംഗങ്ങളാണ്. മറ്റുരണ്ടുപേർ അഭയാർത്ഥിക്യാമ്പിലെ അന്തേവാസികളായിരുന്ന ഒരു സ്ത്രീയും പുരുഷനുമാണ്. യഹൂദപ്പള്ളിയിൽ ഉണ്ടായ ആക്രമണത്തിൽ അഞ്ചുപേർ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. മറ്റു രണ്ടുപേർ ആശുപത്രിയിൽ എത്തിയാണ് മരണമടഞ്ഞത്. മരിച്ചവരിൽ ഒരുസ്ത്രീയും ഉൾപ്പെടുന്നു.

കറിൽ എത്തിയ അക്രമി, മുൻപിൽ കണ്ടവർക്ക് നേരെയെല്ലാം നിറയൊഴിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അതിനുശേഷം കാറിൽ പാഞ്ഞുപോയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. എന്നാൽ, പൊലീസുമായി ഇയാൾ ഏറ്റുമുട്ടിയ ഇയാളെ പിന്നീട് പൊലീസ് കൊല്ലുകയായിരുന്നു. അതി ഘോരമായ ഒരു ഭീകരാക്രമണമാണ് യഹൂദപ്പള്ളിയിൽ നടന്നതെന്ന് പൊലീസ് പറഞ്ഞു.

കിഴക്കൻ ജറുസലേമിലെ ഒരു 21 കാരനാണ് അക്രമി എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. . ഫലസ്തീൻകാർ ഏറെയുള്ളിടമാണിത്. എന്നാൽ, ഇയാൾക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിരുന്നില്ല എന്ന് പൊലീസ് പറഞ്ഞു. ഇത് ഇയാൾ ഒറ്റക്ക് നിർവ്വഹിച്ച കർത്തവ്യമായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. ഈ അക്രമത്തിനെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പക്ഷെ നിയമം കൈയിലെടുക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു. വേണ്ട നടപടികൾ സ്വീകരിക്കാൻ രാജ്യത്ത് പൊലീസും പട്ടാളവും ഉണ്ടെന്നും അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു.

വ്യാഴഴ്‌ച്ച രാത്രിയായിരുന്നു ജേനിൻ നഗരത്തിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ കമാൻഡോകൾ റെയ്ഡ് നടത്തിയത്. ചില ഭീകര സംഘടനകളുമായി ബന്ധപ്പെട്ടവർ അവിടെയുണ്ട് എന്ന സംശയത്തിലായിരുന്നു റെയ്ഡ്. കൊല്ലപ്പെട്ട ഒൻപത് പേരിൽ ഏഴുപേർ വിവിധ സായുധ സംഘങ്ങളിലെ അംഗങ്ങളായിരുന്നു. ഇതോടെ ഇസ്രയേലുമായി ഉണ്ടായിരുന്ന സുരക്ഷാ ഏകീകരണ കരാറിൽ നിന്നും ഫലസ്തീൻ പിന്മാറി

സംഭവം നടന്ന് ഏറെ വൈകും മുൻപ് തന്നെ വെള്ളിയാഴ്‌ച്ച പുലർച്ചെ ഇസ്രയേൽ ഗസ്സ സ്ട്രിപ്പിൽ വ്യോമാക്രമണം നടത്തി. ഇസ്രയേലിനു നേരെ നടന്ന റോക്കറ്റ് ആക്രമണത്തിനു പ്രതികരണമായിട്ടായിരുന്നു ഈ നടപടി. യഹൂദ ആരാധനാലയത്തിൽ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തിയ അമേരിക്ക ഇസ്രയേലിന് പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്. യൂറോപ്യൻ യൂണീയനും ആരാധനാലയത്തിലെ അക്രമത്തെ അപലപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.