ഷ്യയ്ക്കെതിരായ യുദ്ധത്തിൽ ആദ്യം മുതൽ തന്നെ ഒപ്പം നിൽക്കുന്ന ബ്രിട്ടന് നന്ദി പറയാൻ എത്തിയ സെലൻസ്‌കി ആവശ്യപ്പെട്ടത് യുക്രെയിന് ചിറകുകൾ നൽകി സഹായിക്കാനായിരുന്നു. ബ്രിട്ടീഷ് പാർലമെന്റിൽ സംസാരിക്കവെയായിരുന്നു സെലെൻസ്‌കി ഈ ആവശ്യം ഉന്നയിച്ചത്. നേരത്തെ അമേരിക്കയോട് എഫ് 16 വിമാനങ്ങൾ ആവശ്യപ്പെട്ടിരുന്ന സെലെൻസ്‌കി സ്വീഡനോടും യുദ്ധവിമാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതാദ്യമായിട്ടാണ് ബ്രിട്ടനോടും യുദ്ധവിമാനങ്ങൾ ആവശ്യപ്പെടുന്നത്.

യുക്രെയിന് ദീർഘകാലാടിസ്ഥാനത്തിൽ യുദ്ധവിമാനങ്ങൾ നൽകുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്ന് ഋഷി സുനക് പറഞ്ഞു. ഏതു തരം വിമാനമാണ് നൽകേണ്ടതെന്ന് തീരുമാനിക്കാൻ പ്രതിരോധ മന്ത്രി ബെൻ വാലസിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പ്രഞ്ഞു. ഇതിനോടകം 10,000 ഓളം സൈനികരെ പരിശീലിപ്പിച്ച പദ്ധതിക്ക് പുറമെ യുക്രെയിൻ ഫൈറ്റർ പൈലറ്റുമാർക്ക് കൂടി പരിശീലനം നൽകാമെന്നും ബ്രിട്ടൻ അറിയിച്ചിട്ടുണ്ട്.

അതിനിടയിൽ ബ്രിട്ടന്റെ എല്ലാ യുദ്ധവിമാനങ്ങളും ടാങ്കുകളും യുക്രെയിന് നൽകണം എന്നാവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്ത് എത്തി. യു കെയുടെ നൂറോളം ടൈഫൂൺ ജെറ്റുകളും ചലഞ്ചർ ടാങ്കുകളും ഏറ്റവും അധികം ഉപയോഗപ്പെടുക റഷ്യയുടെ അധിനിവേശ ശ്രമങ്ങളെ തുരത്തുന്നതിലായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, യുദ്ധ വിമാനങ്ങൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കുറച്ച് സമയമെടുക്കുമെന്ന് ഋഷി ഓർമ്മിപ്പിച്ചു.

നേരത്തെ സെലെൻസ്‌കിയെ സ്വാഗതം ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ യുക്രെയിൻ ജനതയുടെ ധൈര്യത്തെ ഋഷി വാഴ്‌ത്തിയിരുന്നു. പ്രസിഡണ്ടിന്റെ സന്ദർശനത്തിന് നന്ദി പറഞ്ഞ ഋഷി, അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസംഗത്തെയും പ്രശംസിച്ചു. യുദ്ധം തുടങ്ങിയ നാൾ മുതൽ ബ്രിട്ടൻ നൽകുന്ന എല്ലാ സഹകരണങ്ങൾക്കും സെലെൻസ്‌കിയും നന്ദി രേഖപ്പെടുത്തി. ചാൾസ് രാജാവിനെയും സെലെൻസ്‌കി സന്ദർശിച്ചിരുന്നു.

അതേസമയം, നാറ്റോ നിലവാരത്തിലുള്ള ആധുനിക ഫൈറ്റർ ജറ്റുകൾ പറത്താനുള്ള പരിശീലനം യുക്രെയിൻ നാവികസേന പൈലറ്റുമാർക്ക് നൽകുമെന്ന് ഋഷി സുനകിന്റെ ഓഫീസിൽ നിന്നും അറിയിച്ചു. ഫൈറ്റർ ജറ്റുകളും ടാങ്കുകളും നൽകുന്ന കാര്യവും ചർച്ചയിൽ വന്നെന്നും, ഒന്നും നിരാകരിച്ചിട്ടില്ല എന്നും സജീവ പരിഗണനയിലുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വ്യാഴാഴ്‌ച്ച ബ്രസ്സൽസിൽ വെച്ച് സെലെൻസ്‌കി യൂറോപ്യൻ യൂണിയൻ നേതാക്കളെ കാണും.

എന്നാൽ, ബ്രിട്ടൻ യുക്രെയിന് യുദ്ധവിമാനങ്ങൾ നൽകിയാൽ അത് രാഷ്ട്രീയവും സൈനികവുമായ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി. നാറ്റോയുടെയും ബ്രിട്ടന്റെയും അത്തരത്തിലുള്ള നീക്കങ്ങൾ റഷ്യയെ നേരിട്ട് പ്രകോപിക്കുവാനുള്ള നീക്കങ്ങൾ ആയിരിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകുന്നു.

ലണ്ടനിലെ റഷ്യൻ എംബസിയും ഇതിനെതിരെ രംഗത്തെത്തി. അത്തരത്തിൽ ബ്രിട്ടന്റെ പക്കൽ നിന്നുണ്ടാകുന്ന നടപടി യുദ്ധത്തിൽ മറ്റൊരു വഴിത്തിരിവുണ്ടാക്കിയേക്കാം എന്നായിരുന്നു റഷ്യൻ എംബസി വക്താവ് പറഞ്ഞത്. യൂറോപ്യൻ ഭൂഖണ്ഡത്തെ മാത്രമല്ല, ലോകത്തെ മുഴുവൻ അതിന്റെ പ്രത്യാഘാതങ്ങൾ ബാധിച്ചേക്കാം എന്നും റഷ്യൻ എംബസി വക്താവ് പറഞ്ഞു.