- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയും ജപ്പാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന നിരീക്ഷണ ബലൂൺ പ്രവർത്തിപ്പിക്കുന്നു; ഇത് മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മറികടക്കുന്ന ഗൂഡനീക്കം; അമേരിക്കയിലേയും ഇന്ത്യയിലേയും സൈനിക വിവരങ്ങൾ അറിയാൻ കൂടുതൽ താൽപ്പര്യം; ഉപഗ്രഹങ്ങളെക്കാൾ കൂടുതൽ വ്യക്തതയുള്ള ചിത്രം ശേഖരിക്കൽ ലക്ഷ്യം; ചാരബലൂണുമായി ചൈന ലോകത്തെ വെല്ലുവിളിക്കുമ്പോൾ
വാഷിങ്ടൻ: ചാര ബലൂണുമായി ചൈന ലോകത്ത് സജീവമെന്ന് റിപ്പോർട്ട്. ഇന്ത്യയും ജപ്പാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന നിരീക്ഷണ ബലൂൺ പ്രവർത്തിപ്പിക്കുന്നതായി റിപ്പോർട്ട്. ചൈനീസ് നിരീക്ഷണ ബലൂൺ യുഎസ് മിസൈൽ ഉപയോഗിച്ചു തകർത്തതിനു പിന്നാലെയാണു വെളിപ്പെടുത്തൽ. കാനഡയുടെ പിന്തുണയോടെയാണ് സൗത്ത് കാരലൈന തീരത്ത് യുഎസ് വ്യോമസേനയുടെ എഫ്22 യുദ്ധവിമാനം ചൈനീസ് ബലൂൺ വീഴ്‌ത്തിയത്. തീരത്തുനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ അറ്റ്‌ലാന്റിക് സമുദ്രത്തിലാണു ബലൂൺ പതിച്ചത്. ബലൂൺ വെടിവച്ചിട്ട യുഎസ് നടപടി അമിത പ്രതികരണമാണെന്നും ഇതിനോട് ഉചിതമായി പ്രതികരിക്കുമെന്നും ചൈന വിശദീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുണ്ടാകുന്നത്.
ഞെട്ടിക്കുന്ന വിവരങ്ങളാണ് ദ് വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ''ചൈനയുടെ തെക്കൻ തീരത്ത് ഹൈനാൻ പ്രവിശ്യയിൽ വർഷങ്ങളായി നിരീക്ഷണ ബലൂൺ പ്രവർത്തിക്കുന്നുണ്ട്. ജപ്പാൻ, ഇന്ത്യ, വിയറ്റ്നാം, തയ്വാൻ, ഫിലിപ്പീൻസ് തുടങ്ങി ചൈനയ്ക്കു തന്ത്രപ്രധാന താൽപര്യമുള്ള രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും സൈനിക വിവരങ്ങൾ ബലൂൺ വഴി ശേഖരിക്കുകയാണ്. ചൈനയിലെ എല്ലാ ഭാഗത്തും ഇത്തരം ബലൂണുകളുണ്ട്. ഇതു മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ മറികടക്കുന്നതാണ്'' ദ് വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ചൈനീസ് ബലൂൺ വെടിവച്ചിട്ടതിനെപ്പറ്റി നാൽപതോളം എംബസികളിലെ ഉദ്യോഗസ്ഥരോടു സ്റ്റേറ്റ് ഡപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമാൻ വിശദീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) വ്യോമസേനയാണ് ബലൂണുകൾ കൈകാര്യം ചെയ്യുന്നത്. അഞ്ചിലേറെ ഭൂഖണ്ഡങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ട്. ഹവായ്, ഫ്‌ളോറിഡ, ടെക്‌സസ്, ഗുവാം എന്നിവിടങ്ങളിൽ ബലൂണുകൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. അമേരിക്കയിലേയും ഇന്ത്യയിലേയും വിവരങ്ങൾ അറിയാനാണ് ചൈനയ്ക്ക് കൂടുതൽ താൽപ്പര്യം.
അമേരിക്കയെ മുൾമുനയിൽ നിർത്തിയ ചൈനയുടെ ചാര ബലൂൺ ബെയ്ജിംഗിന്റെ വലിയൊരു ചാര പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ആഗോളാടിസ്ഥാനത്തിൽ തന്നെ ചാര പ്രവർത്തനം നടത്തുകയായിരുന്നത്രെ ചൈനയുടെ ലക്ഷ്യം. മൂന്ന് അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ന്യുയോർക്ക് ടൈംസ് പറയുന്നു. അമേരിക്കയുടെ സൈനിക ആസ്ഥാനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കരുതുന്നു.
മറ്റു പല രാജ്യങ്ങളുടെ സൈനിക കേന്ദ്രങ്ങളെയും ചൈന ഉന്നം വെച്ചിട്ടുണ്ട്. അഞ്ചു ഭൂഖണ്ഡങ്ങളിലായി 12 രാജ്യങ്ങളുടെ സൈനിക വിശദാംശങ്ങൾ ഈ ചാര ബലൂൺ ശേഖരിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിലാകെ പരിഭ്രാന്തി പടർത്തി ആകാശത്ത് പ്രത്യക്ഷപ്പെട്ട ഈ ബലൂൺ പിന്നീട് തെക്കൻ കരോലിന തീരത്തിനറ്റുത്ത് വെച്ച് അമേരിക്കൻ വ്യോമസേന വെടിവെച്ചിട്ടിരുന്നു. ജനുവരി 28 ന് കാനഡയുടെ ആകാശത്തു നിന്നാണ് ഇത് അമേരിക്കൻ അതിർത്തിയിലേക്ക് കടന്നതായി ആദ്യമായി കണ്ടെത്തിയത്. തുടർന്ന് പ്രസിഡണ്ട് ജോ ബൈഡന്റെ ഉത്തരവ് പ്രകാരം വ്യോമസേന അതിനെ വെടിവെച്ചിടുകയായിരുന്നു.
ഉപഗ്രഹങ്ങളേക്കാൾ, ഇത്തരത്തിലുള്ള ഉപകരണങ്ങൾ ചാരവൃത്തിക്ക് ഉപയോഗിക്കുന്നതിന്റെ മേന്മയും എസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു എന്നും റിപ്പോർട്ടിൽ പറയുന്നു. ഉപഗ്രഹങ്ങളെക്കാൾ ഭൂമിയുമായി കൂടുതൽ അടുത്തു നിൽക്കുന്നതിനാൽ ഇവയ്ക്ക് കൂടുതൽ വ്യക്തമായ ചിത്രങ്ങൾ നൽകാനാകും. അമേരിക്കയുടെ നടപടിക്കെതിരെ ചൈന രം?ഗത്തെത്തിയിരുന്നു. യുഎസിന്റെ ആകാശത്തേക്കു വഴിതെറ്റിയാണ് ബലൂൺ എത്തിയതെന്നാണ് ചൈനീസ് അവകാശവാദം.
മൂന്നു സ്‌കൂൾ ബസുകളുടെ വലുപ്പമുള്ള, 60,000 അടി ഉയരത്തിൽ പറക്കുന്ന ബലൂൺ അമേരിക്കയിൽ കടുത്ത ആശങ്കയാണ് ഉയർത്തിയത്. ബലൂൺ വിവാദത്തെ തുടർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനീസ് യാത്ര റദ്ദാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ