എഡിൻബർഗ്: സ്വരം നന്നായിരിക്കുമ്പോഴേ പാട്ടുനിർത്തുക. ന്യൂസിലൻഡ് പ്രധാനമന്ത്രിയായിരുന്ന ജസീന്ത ആർഡേൺ അതാണ് ചെയ്തത്. തനിക്ക് ഇനി ഭരണത്തിൽ കാര്യമായി ഒന്നും ചെയ്യാനോ, നേടാനോ ഇല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ, അന്തസ്സായി പടിയിറങ്ങി. സുവർണകാലം അസ്തമിച്ചുവെന്ന് മനസ്സിലാക്കി, പിൻഗാമിക്ക് വഴിമാറി കൊടുത്തു. സ്‌കോട്‌ലൻഡ് പ്രധാനമന്ത്രി നിക്കോളാ സ്റ്റർജൻ ജസീന്തയുടെ പാത പിന്തുടർന്നിരിക്കുകയാണ്. നിക്കോളാ സ്റ്റർജൻ രാജിവെച്ചു. രാജിവെച്ചെങ്കിലും പുതിയ പ്രധാനമന്ത്രി പദവിയേൽക്കും വരെ തുടരുമെന്ന് നിക്കോള അറിയിച്ചു.

എട്ട് വർഷത്തെ ഭരണത്തിന് ശേഷമാണ് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നാടകീയമായി സ്ഥാനം ഒഴിഞ്ഞത്. സ്‌കോട്ട്‌ലൻഡിനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച നേതാവും, ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമാണ് നിക്കോള. തന്റെ സർക്കാരിന്റെ ജെൻഡർ നിയമ പരിഷ്‌കരണ വിവാദത്തെ തുടർന്നല്ല, രാജിയെന്ന് അവർ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പദവിയിൽ ഒരാളും ദീർഘനാൾ ഇരിക്കരുതെന്നാണ് നിക്കോളായുടെ ന്യായം. തന്നെക്കാൾ കൂടുതൽ മികച്ചവർ രാജ്യം ഭരിക്കട്ടെ, വിടവാങ്ങൽ പ്രസംഗത്തിൽ അവർ പറഞ്ഞു.

ജസീന്തയെ പോലെ തന്നെ ഇതാണ് സ്ഥാനമൊഴിയാൻ തക്ക സമയമെന്ന് നിക്കോളയും വിശ്വസിക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി സ്‌കോട്ടിഷ് നാഷണൽ പാർട്ടി മുന്നോട്ട് വച്ച ജെൻഡർ നിയമ പരിഷ്‌കരണങ്ങൾ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. നിയമപരമായി ജെൻഡർ മാറുന്നത് എളുപ്പമാക്കുന്നതിനും, അതിനുള്ള പ്രായം 18 ൽ നിന്ന് 16 ആയി കുറയ്ക്കുന്നതിനും, ലക്ഷ്യമിട്ടുള്ളതായിരുന്നു നിയമനിർമ്മാണം.

ട്രാൻസ്‌ജെൻഡർ സ്ത്രീകളെ വനിതാ ജയിലുകളിൽ അടയ്ക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കാൻ നിക്കോളാ സ്റ്റർജന്റെ മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ, ട്രാൻസ് ്അവകാശ പ്രശ്‌നം അല്ല തന്റെ രാജിക്ക് കാരണമെന്നാണ് നിക്കോളാ പറഞ്ഞത്. എന്തായാലും അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ നേതാവ് വരുന്നതായിരിക്കും ഉചിതമെന്ന് അവർ കണക്കുകൂട്ടുന്നു. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നത് ക്രൂരമായി തോന്നുന്നുവെന്നും അവർ പറഞ്ഞുവച്ചു. കോവിഡിന്റെ കാലത്ത് രാജ്യത്തെ നയിച്ചതാണ് താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ വെല്ലുവിളിയെന്നും അവർ പറഞ്ഞു.

സ്‌കോട്ട്‌ലൻഡിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും നിക്കോള സ്റ്റർജൻ വ്യക്തമാക്കി. 2014 മുതൽ സ്‌കോട്ടിഷ് നാഷണൽ പാർട്ടി നേതാവാണ് നിക്കോള. 2014 ലെ ജനഹിത പരിശോധനാ സമയത്ത് എസ്എൻപിയുടെ ഉപനേതാവായിരുന്നു. അന്ന് 55.3 ശതമാനം വോട്ടർമാരും യുകെയിൽ നിന്ന് സ്‌കോട്ട്‌ലൻഡ് വേർപെടുന്നതിന് എതിരായിരുന്നു. അലക്‌സ് സാൽമണ്ടിന് പകരക്കാരിയായാണ് ഇതിനെ തുടർന്ന് പാർട്ടി നേതാവായത്. 2011 മുതൽ സ്‌കോട്ടിഷ് പാർലമെന്റിൽ എസ്എൻപിക്ക് ഭൂരിപക്ഷമുണ്ട്.

രണ്ടാമത് ഒരിക്കൽ കൂടി ജനഹിത പരിശോധനയ്ക്ക് നിക്കോള സ്റ്റർജൻ ശ്രമിച്ചു. എന്നാൽ, രണ്ടാമത് ഒരു വോട്ടെടുപ്പിന് യുകെ സർക്കാരിന്റെ അംഗീകാരം വേണമെന്ന് പരമോന്നത കോടതി വിധിച്ചത് തിരിച്ചടിയായി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നിക്കോളായ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.