ബ്രിട്ടനിലെ കൊട്ടാര വിപ്ലവം പുതിയ തലത്തിലേക്ക് നീങ്ങുന്നതായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ട് രാജപദവികൾ നഷ്ടപ്പെട്ട ആൻഡ്രൂ രാജകുമാരനെ വിൻഡസർ പാലസിലെ രാജകീയ വസതിയിൽ നിന്നും ഒഴിപ്പിക്കാൻ ജ്യേഷ്ഠ സഹോദരനായ ചാൾസ് രാജാവ് ശ്രമിക്കുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. അതിനായി, ആൻഡ്രുവിനുള്ള ഗ്രാന്റ് രാജാവ് നിർത്തലാക്കാൻ പോവുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

പ്രതിവർഷം ലഭിക്കുന്ന ലക്ഷക്കണക്കിന് പൗണ്ടിന്റെ ഗ്രാന്റ് ലഭിച്ചില്ലെങ്കിൽ തനിക്ക് ഈ രാജകീയ സൗധം പരിപാലിക്കാൻ സാധിക്കില്ലെന്നും, ഇവിടെ നിന്നും ഇറങ്ങേണ്ടി വരുമെന്നും കോപാകുലനായ ആൻഡ്രൂ തന്റെ സുഹൃത്തുക്കളോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇവിടെനിന്നും ഇറങ്ങാൻ സഹോദരൻ തന്റെ മേൽ സമ്മർദ്ദം ചെലുത്തുകയാണെന്നും ആൻഡ്രു ആരോപിക്കുന്നു.

30 മുറികളോളം ഉള്ള ഈ കൂറ്റൻ രാജകീയ സൗധം പരിപാലിക്കുന്നതിന് ഏറെ പണച്ചെലവ് വരും. എന്നാൽ, രാജകീയ പദവികളിൽ നിന്നൊഴിഞ്ഞതിനു പിറകെ പൊതുഫണ്ടിൽ നിന്നു ലഭിക്കുന്ന പണം കൂടി നിന്നതോടെ ഇത് പരിപാലിക്കുക ആൻഡ്രുവിന് ഏറെ ദുഷ്‌കരമായിരിക്കുകയാണ്. നേരത്തേ തന്റെ അമ്മയായ എലിസബത്ത് രാജ്ഞിയിൽ നിന്നും ലഭിച്ചിരുന്ന ഉദാരമായ സഹായമായിരുന്നു ഇതിന് ആൻഡ്രുവിനെ സഹായിച്ചിരുന്നത്.

ഡച്ചി ഓഫ് ലങ്കാസ്റ്ററിൽ നിന്നുള്ള സ്വകാര്യ ഫണ്ടിൽ നിന്നും പ്രതിവർഷം 2,49,000 പൗണ്ടായിരുന്നു രാജ്ഞി തന്റെ ഇളയമകന് നൽകിയതെന്ന് ഒരു റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഏതാനും ആഴ്‌ച്ചകൾക്ക് മുൻപ് ചെലവുകൾ ചുരുക്കാൻ രാജകുടുംബാംഗങ്ങൾക്ക് നിർദ്ദേശം ലഭിച്ചതായി പറയുന്നു. ഡച്ചിയിൽ നിന്നുള്ള സഹായം വെട്ടിച്ചുരുക്കുമെന്നും അതിൽ പറയുന്നു. ഇപ്പോൾ ചാൾസിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് ഡച്ചി.

എന്നാൽ, കേവലം ഒരു നേവി പെൻഷൻ മാത്രം മറ്റു വരുമാനമായുള്ള ആൻഡ്രുവിനെ മനഃപൂർവ്വം ദ്രോഹിക്കുകയാണെന്നാണ് ആൻഡ്രുവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ആരോപിക്കുന്നത്. രാജപദവികൾ വഹിക്കുന്ന മറ്റ് കുടുംബാംഗങ്ങൾക്ക് ഡച്ചിയിൽ നിന്നുള്ള സഹായധനം അല്പം കുറഞ്ഞാലും പ്രശ്നമാകില്ല എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. 98 ഏക്കറിൽ സ്ഥിതി ചെയ്യുന്ന റോയൽ ലോഡ്ജിന് ഇപ്പോൾ തന്നെ ചില അറ്റകുറ്റ പണികൾ ആവശ്യമാണ്. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ആൻഡ്രു അതെല്ലാം നീട്ടി വയ്ക്കുകയാണ്.

റോയൽ ലോഡ്ജ് പരിപാലിക്കുന്നതിനുള്ള സബ്സിഡി ഏപ്രിൽ മാസത്തോടെ നിർത്തലാക്കുമെന്ന് അറിയിപ്പ് കിട്ടിയതായി ആൻഡ്രുവിന്റെ ഒരു സുഹൃത്ത് പറയുന്നു. ഹാരിയും മേഗനും ചെയ്യുന്നത് പോലെ സ്വന്തമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ആൻഡ്രുവും ചിന്തിച്ചു തുടങ്ങി എന്നാണ് ആൻഡ്രുവിന്റെ സുഹൃത്തുക്കൾ പറ്യൂന്നത്. എന്നാൽ, സുഖമായി ജീവിക്കാനുള്ള സ്വത്ത് എലിസബത്ത് രാജ്ഞിയിൽ നിന്നും ഫിലിപ്പ് രാജകുമാരനിൽ നിന്നും ആൻഡ്രുവിന് ലഭിച്ചിട്ടുണ്ടെന്ന് മറ്റു ചിലർ പറയുന്നു.