- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനെ ഇന്ത്യാക്കാരൻ ഭരിക്കുമ്പോൾ സ്‌കോട്ട്ലാൻഡിനെ പാക്കിസ്ഥാനി ഭരിക്കുമോ? സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററാകാൻ ആദ്യം രംഗത്തെത്തിയവരിൽ സ്‌കോട്ടിഷ് ഹെൽത്ത് സെക്രട്ടറി ഹംസ യൂസഫും; ഷേർവാണി ധരിക്കുന്ന, ഉറുദുവിൽ സത്യപ്രതിജ്ഞ ചെയ്ത ഹംസയെ അറിയാം
എഡിൻബർഗ്: നിക്കോള സ്റ്റർജൻ രാജിവെച്ചതോടെ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ സ്ഥാനത്തേക്ക് മത്സരം മുറുകുകയാണ്. ആദ്യമായി സ്ഥാനാർത്ഥിത്തം പ്രഖ്യാപിച്ച് സ്‌കോട്ടിഷ് ഹെൽത്ത് സെക്രട്ടരി ഹംസ യൂസഫ് എത്തിയതോടെ ചരിത്രം ഒരു വഴിത്തിരിവിലേക്ക് എത്തുന്നു. ഒരുകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യയിൽ വേരുകളുള്ള വ്യക്തി ബ്രിട്ടൻ ഭരിക്കുന്ന കാലത്ത് ബ്രിട്ടന്റെ അംഗരാജ്യത്തെ നയിക്കുവാനുള്ള ചുമതല ഏറ്റുവാങ്ങാൻ തയ്യാറായി ഇറങ്ങിയിരിക്കുന്നത് ഒരു പാക് വംശജൻ.
സ്‌കോട്ടിഷ് പാർലമെന്റായ ഹോളിറൂഡിൽ ഗ്ലാസ്ഗോയെ പ്രതിനിധീകരിക്കുന്ന എം പിയായ ഹംസ യൂസഫ് വൻ ജനപിന്തുണയുള്ള നേതാവാണ്. ഒരു ജോലിക്ക് താൻ അർഹനെന്നു തോന്നിയാൽ, അതിനായി സ്വയം ഇറങ്ങി പുറപ്പെടണം, ഇപ്പോൾ ഞാൻ ചെയ്യുന്നത് അതാണ് എന്നായിരുന്നു അദ്ദേഹം സൺഡേ മെയിലിൽ എഴുതിയത്. രാജ്യത്തെ ഏറ്റവും ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന വ്യക്തിക്ക് അതിയായ പ്രവൃത്തി പരിചയം വേണമെന്നും അദ്ദേഹം എഴുതി.
ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിൽ നിന്നും രാഷ്ട്രതന്ത്രത്തിൽ ബിരുദം നേടിയ ഈ 37 കാരൻ സ്‌കോട്ടിഷ് പാർലമെന്റിലെ ആദ്യ ഏഷ്യൻ-മുസ്ലിം അംഗമായ ബഷീർ അഹമ്മദിന്റെ ഓഫീസ് മാനേജർ ആയിട്ടായിരുന്നു തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 2009-ൽ ബ്വഷീർ അഹമ്മദ് മരണമടഞ്ഞതോടെ അലക്സ് സാൽമോണ്ട്, നിക്കോൾ സ്റ്റർജൻ എന്നീ എം പിമാർക്ക് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു.
2011-ൽ ഗ്ലാസ്ഗോയിൽ നിന്നുള്ള പാർലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ രാജ്ഞിയോട് പ്രതിജ്ഞ ചൊല്ലിയത് ഉറുദുവിൽ ആയിരുന്നു. വീണ്ടും 2016-ൽ തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഉറുദുവിൽ തന്നെ സത്യപ്രതിജ്ഞ ചെയ്തു. തന്റെ പാക് പാരമ്പര്യവും സ്‌കോട്ടിഷ് പാരമ്പര്യവും വെളിപ്പെടുത്തിക്കൊണ്ട് കിൽറ്റും ഷേർവാണിയും ആയിരുന്നു ഈ രണ്ട് സന്ദർഭങ്ങളിലും അദ്ദേഹം ധരിച്ചിരുന്നതും.
അദ്ദേഹത്തിന്റെ പാക് വംശജനായ പിതാവും കെനിയക്കാരിയായ മാതാവും 1960 കളിൽ ആയിരുന്നു യു കെയിൽ സ്ഥിരതാമസമാക്കുന്നത്. 2012-ൽ ആയിരുന്നു അദ്ദേഹത്തെ തേടി ആദ്യമായി മന്ത്രി പദവി എത്തുന്നത്. അന്ന് സൽമോണ്ടിന്റെ കീഴിൽ അദ്ദേഹം വിദേശകാര്യ മന്ത്രിയായിരുന്നു. തുടർന്ന് സ്റ്റർജൻ ഫസ്റ്റ് മിനിസ്റ്റർ ആയപ്പോഴും അദ്ദേഹം ഒരു ജൂനിയർ മന്ത്രിയായി തുടർന്നു. പിന്നീട് സ്ഥാനക്കയറ്റം നൽകി അദ്ദേഹത്തെ അദ്യം ഗതാഗത വകുപ്പിന്റെയും പിന്നീട് നീതിന്യായ വകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയാക്കി.
എന്നാൽ, നീതിന്യായ മന്ത്രിയായിരിക്കെ അദ്ദേഹം കൊണ്ടുവന്ന ഹേറ്റ് ക്രൈം ബിൽ ഏറെ വിവാദങ്ങൾക്ക് ഇടവരുത്തി. സംസാര സ്വാതന്ത്ര്യത്തിന് അത് ഏറെ പരിധി നിശ്ചയിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. എന്നാൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന കാലഘട്ടം 2021-ൽ ആരോഗ്യ മന്ത്രിയായി ചുമതല ഏറ്റതിനു ശേഷമുള്ളതായിരുന്നു. കോവിഡ് അപ്പോഴും സ്‌കോട്ട്ലാൻഡിനെ വേട്ടയാടുകയായിരുന്നു എന്നോർക്കണം.
മന്ത്രിസഭ പുനഃസംഘടനയുടെ വാർത്ത അറിഞ്ഞ ഉടൻ തന്നെ ആദ്യമായി വിളിച്ചത് അമ്മയായിരുന്നു എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. തനിക്ക് ഏത് വകുപ്പാണ് ലഭിച്ചത് എന്നറിയാനായിരുന്നു അത്. ആരോഗ്യമാണെന്ന് പറഞ്ഞപ്പോൾ അമ്മയുടെ പ്രതികരണം, നിക്കോളയ്ക്ക് നിന്നോട് ഇത്ര നീരസം തോന്നാൻ കാരണമെന്താണെന്നായിരുന്നു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ പദവിയിൽ ഇരുന്ന കാലമത്രയും അദ്ദേഹം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്, പ്രത്യേകിച്ചും എൻ എച്ച് എസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ.
സ്‌കോട്ട്ലാൻഡ് നാഷണലിസ്റ്റ്പാർട്ടി അംഗങ്ങളായിരിക്കും പുതിയ ഫസ്റ്റ് മീനിസ്റ്ററെ തെരഞ്ഞെടുക്കുക. ആറാഴ്‌ച്ചക്കുള്ളിൽ പുതിയ ഫസ്റ്റ് മീനിസ്റ്ററെ തെരഞ്ഞെടുക്കും എന്നാണ് പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. യൂസഫിന് പുറമെ മറ്റൊരു നേതാവായ ആഷ് റീഗനും സ്ഥാനാർത്ഥിത്തം പ്രഖ്യാപിച്ചിട്ടുണ്ട്.. ലിംഗഭേദവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന്റെ പേരിൽ കമ്മ്യുണിറ്റി സേഫ്റ്റി മന്ത്രിസ്ഥാനം രാജിവെച്ച ആഷ് റീഗൻ അന്നു മുതൽ തന്നെ ഈ പരിഷ്‌കാരങ്ങളെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന വ്യക്തിയാണ്. എന്നാൽ യൂസഫ് ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
മറുനാടന് ഡെസ്ക്