- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശീതയുദ്ധ കാലത്തിന് ശേഷം റഷ്യ അമേരിക്കയുമായി വീണ്ടും ആണവായുധ പരീക്ഷണ മത്സരത്തിനോ? ആണവായുധങ്ങൾ വെട്ടിക്കുറയ്ക്കാൻ യുഎസുമായുള്ള കരാർ മരവിപ്പിച്ചതായി പുടിന്റെ പ്രഖ്യാപനം; യുക്രെയിൻ യുദ്ധം വഷളാക്കിയത് അമേരിക്കയും നാറ്റോയുമെന്ന് പഴിചാരലും
മോസ്‌കോ: യുക്രെയിൻ സംഘർഷം വഷളാക്കിയതിന്റെ ഉത്തരവാദിത്വം പാശ്ചാത്യ രാജ്യങ്ങൾക്കാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിൻ പുടിൻ. റഷ്യൻ പാർലമെന്റിൽ, ഉന്നത ഉദ്യോസ്ഥരെയും, രാഷ്ട്രീയ നേതാക്കളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കീവിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഒരുദിവസം പിന്നിട്ടപ്പോഴാണ് പുടിൻ യുദ്ധവുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചത്. പടിപടിയായി സൂക്ഷ്മപൂർവം തങ്ങൾ നേരിടുന്ന ലക്ഷ്യം നേടിയെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരു പ്രാദേശിക സംഘർഷത്തെ ആഗോള സംഘർഷമാക്കി മാറ്റാനാണ് പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നത്. നമ്മൾ ഉചിതമായ രീതിയിൽ അതിനോട് പ്രതികരിക്കും. നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പിനെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്, പുടിൻ പറഞ്ഞു. വീണ്ടും ആണവായുധ പരീക്ഷണത്തിലേക്ക് നീങ്ങുമെന്നും പുടിൻ സൂചിപ്പിച്ചു. അമേരിക്ക ആയുധ പരീക്ഷണം പുനരാരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്ന പശ്ചാത്തലത്തിൽ റഷ്യൻ പ്രതിരോധ മന്ത്രാലയവും, ആണവ കോർപറേഷനും ആവശ്യമെങ്കിൽ ആണവായുധങ്ങൾ പരീക്ഷിക്കാൻ സജ്ജരായിരിക്കണം.
ആണവായുധ വികസനത്തിന് കടിഞ്ഞാണിടുന്ന അമേരിക്കയുമായുള്ള കരാർ മരവിപ്പിക്കുകയാണെന്നും പുടിൻ പ്രഖ്യാപിച്ചു. 2010 ൽ ഇരുരാജ്യങ്ങളും ഒപ്പിട്ട ആണവായുധ നിർമ്മാർജ്ജന കരാറാണിത്. ഈ നീക്കത്തോടെ, ശീതയുദ്ധകാലത്തിന് ശേഷം ആണവായുധ പരീക്ഷണത്തിന് നിലനിൽക്കുന്ന ആഗോള നിരോധനത്തിന് അവസാനമാകും എന്ന് ആശങ്ക ഉയർന്നു.
യുഎസും നാറ്റോ സഖ്യവും യുക്രെയിനിൽ തന്ത്രപ്രധാനമായ പരാജയം റഷ്യയുടെ മേൽ അടിച്ചേൽപ്പിച്ച് ആണവ സംവിധാനങ്ങളിലേക്ക് എത്തിപ്പെടാൻ ശ്രമിക്കുകയാണെന്ന് പുടിൻ ആരോപിച്ചു. റഷ്യയിലെ ആണവ സംവിധാനങ്ങളിൽ പരിശോധന പുനരാരംഭിക്കാൻ യുഎസ് സമ്മർദ്ദം ചെലുത്തുന്നതിനിടെ, നാറ്റോ സഖ്യശക്തികൾ റഷ്യയുടെ ആണവശേഷിയുള്ള വ്യോമതാവളങ്ങളിൽ ഡ്രോൺ ആക്രമണം നടത്താൻ യുക്രെയിനെ സഹായിക്കുകയാണ്. ഈ സാഹചര്യത്തിൽ റഷ്യയുടെ ആണവ സംവിധാനങ്ങൾ പരിശോധിക്കാൻ അമേരിക്ക ഒരുങ്ങുന്നത് ശുദ്ധ അസംബന്ധമായിരിക്കുമെന്നും പുടിൻ പറഞ്ഞു.
2010 ലെ അമേരിക്കയുമായുള്ള ന്യൂ സ്റ്റാർട്ട് കരാറിൽ നിന്ന് പൂർണമായി പിൻവാങ്ങുകയല്ലെന്നും കരാറിലെ പങ്കാളിത്തം മരവിപ്പിക്കുകയാണെന്നും പുടിൻ വ്യക്തമാക്കി. 2010 ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും, റഷ്യൻ പ്രസിഡന്റ് ഡിമിത്രി മെദ് വദേവുമാണ് കരാർ ഒപ്പിട്ടത്. കരാർ പ്രകാരം ഓരോ രാജ്യവും 1550 ആണവ പോർമുനകളിൽ കൂടുതൽ വിന്യസിക്കാൻ പാടില്ല. അതുപോലെ 700 ലധികം മിസൈലുകളും ബോംബറുകളും വിന്യസിക്കരുത്. ഇതെല്ലാം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും കരാറിൽ വ്യവസ്ഥയുണ്ട്. 2021 ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും കരാർ അഞ്ചുവർഷത്തേക്ക് നീട്ടിയിരുന്നു. കോവിഡ് കാലത്ത് ഇരുരാജ്യങ്ങളും പരസ്പര പരിശോധനകൾ നിർത്തി വച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ