വാഷിങ്ടൺ: ഇന്ത്യൻ വംശജയായ കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റായതോടെ, രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്ക് ഇന്ത്യയിൽ വേരുകളുള്ള പലരും കൂടുതൽ ഉത്സാഹത്തോടെ കടന്നുവരികയാണ്. ഇന്ത്യൻ വംശജയും ഐക്യരാഷ്ട്ര സഭയിലെ യുഎസിന്റെ മുൻ സ്ഥാനപതിയുമായിരുന്ന നിക്കി ഹേലി ഒരു ഉദാഹരണം. എന്നാൽ, മലയാളികൾക്ക് കൂടുതൽ താൽപര്യം തോന്നുക പാലക്കാട് വേരുകളുള്ള വിവേക് രാമസ്വാമിയോടായിരിക്കും. 2024ല യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ് വിവേക്.

റിപ്പബ്ലിക്കൻ പാർട്ടിക്കാരനാണ് വിവേക് രാമസ്വാമി. അമേരിക്കയിൽ വ്യവസായ സംരംഭകനാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രൈമറിയിൽ നിക്കി ഹേലിക്കും, ട്രംപിനും ഒപ്പം വിവേകും മത്സരിക്കും. ചൈനയോടുള്ള ആശ്രിതത്വം അവസാനിപ്പിച്ച് അമേരിക്കയുടെ സ്വത്വം വീണ്ടെടുക്കുമെന്നാണ് വിവേകിന്റെ മുഖ്യപ്രഖ്യാപനം.

37 കാരനായ വിവേക് രാമസ്വാമി ഒഹായോയിലെ സിൻസിനറ്റിയിലാണ് ജനിച്ചത്. അച്ഛൻ ജനറൽ ഇലക്ട്രിക് കമ്പനിയിൽ എഞ്ചിനീയറായിരുന്നു. അമ്മ ജെറിയാട്രിക് സൈക്ക്യാട്രിസ്റ്റാണ്. കേരളത്തിലെ പാലക്കാട്ട് നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് മാതാപിതാക്കൾ. സോഷ്യൽ മീഡിയയിൽ താൻ പൗരനും, മുതലാളിത്തവാദിയും എന്നാണ് വിവേകിന്റെ സ്വയം വിശേഷണം. ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്റ് സയൻസ് സ്ഥാപകനും സ്ട്രൈവ് അസ്റ്റ് മാനേജ്മെന്റ് സഹസ്ഥാപകനുമാണ് വിവേക്.

വിവേക് രാമസ്വാമി യുഎസിൽ സംരംഭകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ്. തൃപ്പൂണിത്തുറ സ്വദേശിയാണ് വിവേക് രാമസ്വാമിയുടെ അമ്മ ഗീതാ രാമസ്വാമി. പാലക്കാട് വടക്കാഞ്ചേരി സ്വദേശിയായ പിതാവ് വി.ജി.രാമസ്വാമി ജനറൽ ഇലക്ട്രിക്കിൽ എഞ്ചിനീയറും പേറ്റന്റ് അഭിഭാഷകനുമായിരുന്നു. ഇവർ അടുത്തകാലത്തും പാലക്കാട് എത്തിയിരുന്നു.

മരുന്നുത്പാദന രംഗത്തെ കേമൻ

ഹാർവാഡ്, യേൽ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബയോടെക് രംഗത്ത് മരുന്നുൽപ്പാദനത്തിൽ വിജയം കണ്ടതോടെയാണ് പ്രശസ്തനായത്. എഫ്ഡിഎ അംഗീകരിച്ച അഞ്ച് മരുന്നുകൾ വിവേകിന്റെ കമ്പനിയുടേതാണ്. റോവന്റ് സയൻസസ് സ്ഥാപിച്ചത് 2014 ലാണ്. 2022 ൽ സ്ട്രൈവ് അസ്റ്റ് മാനേജ്മെന്റ് സഹസ്ഥാപകനായി. ശതകോടീശ്വരന്മാരായ പീറ്റർ തീൽ, ബിൽ ആക്മാൻ എന്നിവരുടെ പിന്തുണയോടെയാണ് ഈ സ്ഥാപനം തുടങ്ങിയത്. 50 കോടി ഡോളറിന്റെ ആസ്തിയുള്ള വിവേകിന് പ്രൈമറികളിൽ പ്രചാരണത്തിന് ആവശ്യമായ പണം സ്വന്തമായുണ്ട്.

തോൽക്കാനല്ല, ജയിച്ചുകയറാൻ

എന്തായാലും വിവേക് മത്സരം ഗൗരവമായാണ് എടുത്തിരിക്കുന്നത്.വെറുത ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയല്ലെന്ന് ചുരുക്കം. ഒഹായോ സംസ്ഥാന സർവകലാശാലയിലെ വെക്‌സ്‌നർ മെഡിക്കൽ സെന്ററിലെ സർജനും, അസി.പ്രൊഫസറുമായ അപൂർവ തിവാരി രാമസ്വാമിയാണ് വിവേകിന്റെ ജീവിത പങ്കാളി.

ഒരു വീഡിയോ പ്രകാശനത്തിലൂടെയാണ് വിവേക് രാമസ്വാമി തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. അമേരിക്ക ഒരു ദേശീയ സ്വത്വ പ്രതിസന്ധിയെ നേരിടുകയാണെന്ന് വിവേക് പറയുന്നു. വിശ്വാസം, രാജ്യസ്‌നേഹം, കഠിനാദ്ധ്വാനം ഇതിനെല്ലാം പകരം, കോവിഡിസം, ക്ലൈമറ്റിസം, ജെൻഡർ പ്രത്യയശാസ്ത്രം തുടങ്ങിയ ഇടതുപക്ഷ ആശയങ്ങൾ പ്രാമുഖ്യം നേടിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിവേകിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ അമേരിക്കയുടെ ആദർശങ്ങൾക്ക് പുതുജീവൻ നൽകാനാണ് താൻ മത്സരിക്കുന്നതെന്നാണ് വിവേക് പ്രഖ്യാപിച്ചത്.

റിപ്പബ്ലിക്കൻ പ്രസിഡന്റ് പ്രൈമറി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് വിവേക് രാമസ്വാമി. നേരത്തെ ഈ മാസമാദ്യം, നിക്കി ഹേലി ട്രംപിന് എതിരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. നിക്കിയായാലും, വിവേക് ആയാലും, ട്രംപ് ആയാലും, റിപ്പബ്ലിക്കന്മാർ മുന്നോട്ടുവയ്ക്കുന്ന ആപ്തവാക്യം മെയ്ക്ക് അമേരിക്ക ഗ്രെയിറ്റ് എഗെയിൻ എന്നതാണ്.