- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ ജൂൺ 28 ന് മുൻപ് എങ്ങനെയെങ്കിലും യു കെയിൽ എത്തിയവർക്ക് വിസ നൽകാൻ ആലോചിച്ച് ബ്രിട്ടീഷ് സർക്കാർ; അഭയാർത്ഥികളുടെ അപേക്ഷകൾ ഫാസ്റ്റ് ട്രാക്ക് ചെയ്താൽ കള്ളവണ്ടി കയറി എത്തിയവർക്ക് കുശാൽ; ജനപിന്തുണ വീണ്ടും ഇടിഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
ലണ്ടൻ: അനധികൃതമായി ഇംഗ്ലീഷ് ചാനൽ കടന്നെത്തിയവർ ഉൾപ്പടെ 12,000 അഭയാർത്ഥികളുടെ അപേക്ഷകൾ ഫാസ്റ്റ് ട്രാക്ക് പദ്ധതിയിൽ തീർപ്പ് കൽപിക്കാനുള്ള പ്രധാനമന്ത്രി ഋഷി സുനാകിന്റെ തീരുമാനത്തിനെതിരെ ജനരോഷം ഉയരുന്നു. മറ്റൊരു പേരിട്ട പദ്ധതി വഴി അനധികൃതമായി എത്തിയവർക്ക് പൊതുമാപ്പ് നൽകാനാണ് സർക്കാർ തയ്യാറെടുക്കുന്നത് എന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന വിവാദം. ഹോം ഓഫീസിൽ കെട്ടിക്കിടക്കുന്ന അഭ്യയാർത്ഥി അപേക്ഷകൾ കുറയ്ക്കുന്നതിനാണ് പത്ത് പേജോളം വരുന്ന ഒരു ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ അഭയാർത്ഥികൾക്ക് അഭയാർത്ഥി പട്ടം നൽകാൻ സർക്കാർ തീരുമാനിച്ചത്.
ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ട ഉടൻ തന്നെ സ്വന്തം പാർട്ടിയിൽ നിന്നുൾപ്പടെ എതിർപ്പുകൾ ഋഷി സുനകിന് നേരിടേണ്ടതായി വന്നു. ചാനൽ പ്രശ്നം ആദ്യം പരിഹരിക്കണം എന്നാണ് അവർ ആവശ്യപ്പെടുന്നത്. ഇപ്പോൾ പരിഗണിക്കപ്പെടുനൻ 12,000 അഭയാർത്ഥികളിൽ 95 ശതമാനം പേർക്കും അഭയാർത്ഥി പട്ടം ലഭിക്കും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. അതുവഴി അവർക്ക് ബ്രിട്ടനിൽ സ്ഥിരതാമസമാക്കാനും, സ്പോൺസർ ചെയ്ത് തങ്ങളുടെ ബന്ധുക്കളെ ബ്രിട്ടനിൽ എത്തിക്കാനും സാധിക്കും.
കഴിഞ്ഞ വർഷം ജൂൺ 28 ന് മുൻപ് ബ്രിട്ടനിലെത്തിയ ലിബിയക്കാർ, സിറിയക്കാർ, അഫ്ഗാനിസ്ഥാൻകാർ, എരിത്രിയക്കാർ, യെമനികൾ എന്നിവർക്കായിരിക്കും ഈ ഫാസ്റ്റ് ട്രാക്ക് പദ്ധതി ബാധകമാവുക. ഇതിൽ, ഇംഗ്ലീഷ് ചാനലിലൂടെ ചെറു യാനങ്ങളിൽ എത്തിയവരും ഉൾപ്പെടും. എന്നാൽ, കൃത്യമായി എത്രപേർ ഇക്കൂട്ടത്തിൽ ചാനലിലൂടെ വന്നവർ ഉണ്ട് എന്ന കാര്യത്തിൽ അധികൃതർക്ക് വ്യക്തതയില്ല.
ഈ പുതിയ പദ്ധതിയിൽ അപേക്ഷകരുടെ കുറ്റകൃത്യങ്ങളെ കുറിച്ചും സുരക്ഷാ വെല്ലുവിളികളെ കുറിച്ചും പരിശോധിക്കുമെന്ന് അധികൃതർ പറയുന്നു. എന്നാൽ, ഇപ്പോൾ പരിഗണിക്കുന്നവർ വരുന്ന അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർ ബ്രിട്ടനിലെത്തി കുറ്റകൃത്യങ്ങൾ ചെയ്ത ചരിത്രമുണ്ടെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഋഷിയുടെ ജനപിന്തുണ ഇടിയുന്നു
ബ്രിട്ടനിൽ കാര്യങ്ങൾ ഋഷി സുനകിന് അനുകൂലമായല്ല പോകുന്നത് എന്നതിന്റെ തെളിവായി ഏറ്റവും ഒടുവിൽ നടന്ന അഭിപ്രായ സർവേയുടെ ഫലം പുറത്തു വന്നു. യു ഗവ് നടത്തിയ സർവേയിൽ ലേബർ പാർട്ടിക്ക് മൂന്ന് പോയിന്റിന്റെ വർദ്ധനവ് ഉണ്ടായപ്പോൾ ടോറികൾക്ക് നഷ്ടപ്പെട്ടത് 2 പോയിന്റുകളായിരുന്നു. 50 ശതമാനം പേർ ലേബർ പാർട്ടിയെ പിന്തുണച്ചപ്പോൾ 22 ശതമാനം പേർ മാത്രമായിരുന്നു ഭരണകക്ഷിക്ക് അനുകൂലമായി വോട്ട് ചെയ്തത്.
പണപ്പെരുപ്പം ഉയർന്നു തന്നെ നിൽക്കുകയും, സമ്പദ്ഘടന മുരടിച്ചു നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. അതോടൊപ്പം നികുതിയിളവുകൾ അടുത്തൊന്നും ഉണ്ടാകാനിടയില്ലാത്ത സാഹചര്യവും ഉണ്ട്. കഴിഞ്ഞയാഴ്‌ച്ച നടന്ന പോളിന്റെ ഫലം ഇന്നലെയായിരുന്നു പുറത്തു വിട്ടത്. പ്രധാനമന്ത്രി പദത്തിൽ എത്തിയതിനു ശേഷം ഋഷിയുടെ ജനപിന്തുണ ഏറ്റവും കുറഞ്ഞ ഒരു സമയം കൂടിയാണിത്.
പാർട്ടിക്ക് മാത്രമല്ല, നേതാവ് കീർ സ്റ്റാർമർക്കും ഇത്തവണ ഋഷി സുനകിന് മേൽ മേൽക്കൈ നേടാനായി. നല്ല പ്രധാനമന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിന് 13 പോയിന്റുകൾക്കാണ് സ്റ്റാർമർ സുനകിന് മുന്നിൽ എത്തിയത്. 34 ശതമാനം പേർ കീർ സ്റ്റാർമറുടെ പേർ പറഞ്ഞപ്പോൾ 21 ശതമാനം പേർ മാത്രമായിരുന്നു ഋഷിയുടെ പേര് പരാമർശിച്ചത്. അതിനിടയിൽ, യൂറോപ്യൻ യൂണിയനുമായി പുതിയൊരു ബ്രെക്സിറ്റ് ഡീൽ ഉണ്ടാക്കുന്നതിനുള്ള ശ്രമത്തിനെതിരെയും ഋഷിക്ക് പാർലമെന്റിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടതായി വന്നു.
മറുനാടന് മലയാളി ബ്യൂറോ