ലണ്ടൻ: 1000 വർഷത്തിലേറെയായി ഒരു മാറ്റവുമില്ലാതെ നടക്കുന്ന കിരീടധാരണ ചടങ്ങാണ് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ മെയ് ആറിന് ശനിയാഴ്ച നടക്കുക. കാമിലയ്ക്കൊപ്പം ചാൾസ് മൂന്നാമൻ രാജാവായി സ്ഥാനമേൽക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാനുള്ള കാത്തിരിപ്പിലാണ് രാജഭക്തർ. ഓപ്പറേഷൻ ഗോൾഡൻ ഓർബ് എന്ന രഹസ്യനാമം ചെയ്തിരിക്കുന്ന ചടങ്ങിന് കൃത്യമായ ആസൂത്രണം, യാദൃശ്ചികമായി ഒന്നും അവശേഷിക്കുന്നില്ല എന്നാണ് അർത്ഥമാക്കുന്നത്. എങ്കിലും ചരിത്രം നോക്കിയാൽ പലപ്പോഴും കിരീടധാരണ ദിനത്തിൽ പല കാര്യങ്ങളും തെറ്റിപ്പോയതായി നമുക്ക് കാണാൻ സാധിക്കും. അത്തരത്തിലുള്ള ചില സംഭവങ്ങളാണ് ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അതിലൊന്ന് 1953ൽ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങിലും സംഭവിച്ചു. സുന്ദരിയായ എലിസബത്തും ഭർത്താവും ഒരു പുതിയ യുഗത്തെ വരവേറ്റു കൊണ്ട് അധികാരം ഏൽക്കുന്ന ചടങ്ങിൽ സംസാരിക്കുന്നതിനിടെ രാജ്ഞിക്ക് ഒരു പിഴവ് പറ്റി. ഏതാണ്ട് 27 ദശലക്ഷത്തോളം പേർ ടിവിയിൽ വീക്ഷിച്ച ചടങ്ങിൽ തന്റെ പരിചാരികമാർക്ക് നന്ദി പറയുവാൻ രാജ്ഞി മറന്നു പോവുകയായിരുന്നു. ഇതു പോലെ മറ്റ് പല കിരീടധാരണങ്ങളിലും ഇതിലും വ്യത്യസ്തമായ അബദ്ധങ്ങളും സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

1702 ഏപ്രിലിൽ സന്ധിവാതം മൂലം കഷ്ടപ്പെട്ട ആനി രാജ്ഞിയെ കിരീടധാരണ കസേരയിലേക്ക് എടുത്തു കൊണ്ടുപോവുകയായിരുന്നു. 'എന്റെ കാലുകൾ തളർന്നിരിക്കാം, പക്ഷേ എന്റെ തല ശക്തമാണ്.' എന്നാണ് ആ സംഭവത്തെ കുറിച്ച് ആനി രാജ്ഞി പറഞ്ഞത്. 1821-ലെ ചടങ്ങ് ഒരു ജൂലൈ ദിവസമാണ് നടന്നത്. പതിവിലും അധികം ചൂട് അനുഭവപ്പെട്ട അന്ന് ജോർജ്ജ് നാലാമൻ വളരെ അസ്വസ്ഥനായിരുന്നു. ചടങ്ങിനിടെ നന്നായി വിയർത്ത ജോർജ്ജ് തുടർച്ചയായി തൂവാലകൾ ഉപയോഗിച്ച് നെറ്റി തുടയ്ക്കുകയും ഇവ അദ്ദേഹം കാന്റർബറി ആർച്ച് ബിഷപ്പിന് കൈമാറുകയും ചെയ്തു. 58കാരനായ രാജാവ് ചടങ്ങ് നടക്കുന്നതിനിടെ ഒരു വശത്തേക്ക് മാറി നിന്ന് തന്റെ വിയർപ്പ് മണക്കാൻ ശ്രമിച്ചതും മേൽ വസ്ത്രം അഴിച്ചു മാറ്റി ചൂട് മാറുന്നതു വരെ അവ വീണ്ടും ധരിക്കാൻ വിസമ്മതിച്ച കാഴ്ചയും അരങ്ങേറി.

1761ലെ ജോർജ്ജ് മൂന്നാമന്റെ കിരീടധാരണ ചടങ്ങിനായി ആബിയിൽ നിന്ന് പുറപ്പെടുന്ന വഴിയിൽ കിരീടത്തിൽ നിന്ന് വലിയ വജ്രം നിലത്തുവീണ സംഭവവും ഉണ്ടായിട്ടുണ്ട്. അതുപോലെ 1902 ഓഗസ്റ്റിൽ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന കിരീടധാരണ വേളയിൽ, എഡ്വേർഡ് ഏഴാമന്റെ കിരീടം തലയിൽ നിന്നും ആർച്ച് ബിഷപ്പിന്റെ കൈകളിലേക്ക് വീഴുകയായിരുന്നു. ബിഷപ്പിന്റെ കയ്യിൽ നിന്നും വീണ്ടും എടുത്ത് കിരീടം അണിയുകയായിരുന്നു അന്ന്. 1603 ജൂലൈയിൽ, ജെയിംസ് ഒന്നാമന്റെ കിരീടധാരണ സമയത്ത്, ഒരു ചെറിയ ഭൂചലനം ഉണ്ടായി. ഇത് ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം ഒരുപോലെ തളർത്തുകയും ഭയപ്പെടുത്തുകയും ചെയ്ത സംഭവമായിരുന്നു.

ഇത്തരത്തിൽ മുൻപ് പിഴവുകൾ സംഭവിച്ചതിന്റെ ചരിത്രമുള്ളതിനാൽ കിരീടധാരണ സമയത്ത് അബദ്ധങ്ങൾ ഒഴിവാക്കാൻ മുൻകരുതലോടെയാണ് രാജകുടുംബവും ഒരുക്കങ്ങൾ നടത്തുന്നവരും നീങ്ങുന്നത്. 2000ത്തോളം അതിഥികൾ മാത്രം പങ്കെടുക്കുന്ന കിരീടധാരണ ചടങ്ങിൽ ഇക്കുറി വിദേശ രാജാക്കന്മാരും രാജ്ഞിമാരും പങ്കെടുക്കും എന്നതാണ് പ്രധാന പ്രത്യേകത. കോസ്റ്റ്് ഓഫ് ലിവിങ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന രാജ്യം ചെലവു ചുരുക്കലിന്റെ ഭാഗമായാണ് 2000 അതിഥികളെ മാത്രം ക്ഷണിച്ചിരിക്കുന്നത്.