അമേരിക്കയും ആസ്ട്രേലിയയുമായുള്ള ചരിത്രപ്രാധാന്യമുള്ള കരാർ ഒപ്പു വെച്ച ബ്രിട്ടൻ, ആണവായുധ ശേഷിയുൾല അന്തർവാഹിനികളുടെ എണ്ണം ഇരട്ടിയാക്കും. കാലിഫോർണിയയിലെ ഒരു നാവികാസ്ഥാനത്ത് വെച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായും ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായും നടത്തിയ കൂടിക്കാഴ്‌ച്ചക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചതാണ് ഇക്കാര്യം. ഇരു രാജ്യങ്ങളുമായി സഹകരിച്ചായിരിക്കും ഈ മൾട്ടി ബില്യൺ പൗണ്ട് മുൻപോട്ട് കൊണ്ടുപോവുക.

ഒന്നര വർഷങ്ങൾക്ക് മുൻപ് മൂന്ന് രാജ്യങ്ങളും ചേർന്ന് രൂപീകരിച്ച ഓക്കസ് എന്ന ത്രിരാഷ്ട്ര സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ഇതിന്റെ അടിസ്ഥാനത്തിൽ ഇതാദ്യമായി അമേരിക്കയും ബ്രിട്ടനും ആസ്ട്രേലിയയ്ക്ക് ആണവശേഷിയുള്ള അന്തർവാഹിനികൾ നൽകും. ചൈനയുടെ വർദ്ധിച്ചു വരുന്ന സ്വാർത്ഥ താത്പര്യങ്ങൾക്ക് തടയിടുക എന്നതാണ് ഇതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

ഇതിന്റെ ഭാഗമായിട്ടാണ് ബ്രിട്ടന്റെ അന്തർവാഹിനിവ്യുഹത്തിന്റെ വലിപ്പം 7 ൽ നിന്ന് 20 ആക്കി ഉയർത്തണമെന്ന് ബ്രിട്ടീഷ് സൈനിക മേധാവികൾ ആവശ്യപ്പെടുന്നത്. ഏകാധിപത്യ രാജ്യങ്ങളായ റഷ്യ, ചൈന, ഇറാൻ തുടങ്ങിയവ ആക്രമണോത്സുകരാകുന്ന സാഹചര്യത്തിൽ ബ്രിട്ടൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ പതിറ്റാണ്ടാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത് എന്ന് ഋഷി സുനക് പറഞ്ഞതിനു പിറകെയാണ് ഇപ്പോൾ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.

സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനു പുറമെ ഈ കരാർ ബ്രിട്ടനിൽ നിരവധി പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും. യു കെയിലെ അന്തർവാഹിനികൾ നിർമ്മിക്കുന്ന ബാരോ, കംബ്രിയ തുടങ്ങിയ ഇടങ്ങളിലെ പ്ലാന്റുകളിലും ഡെർബിയിലെ ന്യുക്ലിയാർ സബ്മറൈൻ റിയാക്ടർ നിർമ്മിക്കുന്ന റോൾസ് റോയ്സ് പ്ലാന്റിലും നിരവധി പുതിയ തൊഴിലവസരങ്ങൾ ഉടലെടുക്കും. സ്വാതന്ത്ര്യം, സമാധാനം, സുരക്ഷ എന്നിവ ഉറപ്പാക്കാൻ പാശ്ചാത്യ ശക്തികളുടെ ഏകീകരണം എന്ന ജോൺ എഫ് കെന്നഡിയുടെ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരം എന്നാണ് ഈ കരാറിനെ ഋഷി സുനക് വിശേഷിപ്പിച്ചത്.

ഈ ത്രിരാഷ്ട്ര സഖ്യത്തിലെ ബ്രിട്ടൻ ഒഴിച്ചുള്ള മറ്റ് രണ്ടു രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സഖ്യം ഉണ്ടെന്നതിനാൽ ഇത് ഇന്ത്യയെ സംബന്ധിച്ചും അതീവ പ്രാധാന്യമുള്ള ഒരു കരാർ ആയി മാറുകയാണ്. ഇന്ത്യ, അമേരിക്ക, ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ക്വാഡ് ചതുർ രാഷ്ട്ര സഖ്യത്തിന്റെ ശക്തിയും ഇത് വർദ്ധിപ്പിക്കും.

തെക്കൻ ചൈന കടലിലും പസഫിക് മേഖലയിലും ശക്തി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ചൈനയെ കൂടുതൽ ഫലപ്രദമായി നേരിടാൻ ഇതുവഴി കഴിയും എന്ന് യുദ്ധ വിദഗ്ദ്ധർ പറയുന്നു.