- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിട്ടയർമെന്റ് പ്രായം 64 ആയി ഉയർത്തിയതിനെതിരെ തുടങ്ങിയ സമരം കലാപമായി മാറി; പൊലീസ് സ്റ്റേഷനുകൾക്ക് തീയിട്ട് സമരക്കാർ; പാരീസ് തെരുവുകളിൽ അക്രമം തുടരുന്നു; ചാൾസ് രാജാവിന്റെ ഫ്രാൻസ് സന്ദർശനം റദ്ദാക്കി
പാരീസ്: പെൻഷൻ പ്രായം വർദ്ധിപ്പിച്ച പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ നടപടിയിൽ പ്രതിഷേധിക്കാൻ ആയിരങ്ങളാണ് പാരീസ് തെരുവുകളിൽ ഇറങ്ങിയത്. പ്രതിഷേധ പ്രകടനങ്ങൾ പലതും അക്രമാസക്തമായതോടെ പാരീസ് നഗരം ഒരു കലാപ ഭൂമിയായി മാറിയിരിക്കുന്നു. രാജ്യമാകമാനം വ്യാപിച്ച പ്രതിഷേധത്തിന്റെ ഭാഗമായി പലയിടങ്ങളിലും ട്രെയിൻ സർവീസുകൾ തടഞ്ഞു. പാരിസിലെ ചാൾസ് ഡി ഗുലി വിമാനത്താവളവും, മറ്റ് പല തുറമുഖങ്ങളും തടയപ്പെട്ടു.
രാജ്യത്താകമാനമായി 250 ൽ അധികം പ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചത്. എല്ലാ പ്രകടനങ്ങളിലും പ്രതീക്ഷക്കൊത്ത വിധം ജന സാന്നിദ്ധ്യമുണ്ടായിരുന്നതായി യൂണിയൻ നേതാക്കൾ അവകാശപ്പെട്ടു. പാരിസിൽ കറുത്ത വസ്ത്രമണിഞ്ഞ്, മുഖം മൂടിയെത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മിൽ നിരവധി തവണ ഏറ്റുമുട്ടി. ചുരുങ്ങിയത് രണ്ട് ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളും ഒരു സൂപ്പർമാർക്കറ്റും, ഒരു ബാങ്കും പ്രതിഷേധക്കാർ തകർത്തതായി റിപ്പോർട്ടുകൾ പറയുന്നു.
അക്രമാസക്തമായ സമരങ്ങളുടെ തീവ്രത വർദ്ധിച്ചതോടെ സമാധാനപരമായി നടത്തുന്ന മറ്റ് പ്രതിഷേധങ്ങൾ വാർത്തയിൽ ഇടംപിടിക്കാതെയായി. പൊലീസിനു നേരെ പലയിടങ്ങളിലും കല്ലേറുണ്ടായി. ചിലയിടങ്ങളിൽ കത്തിച്ച പടക്കങ്ങളും പ്രകടനക്കാർ പൊലീസിന് നേരെ എറിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. പലയിടങ്ങളിലും അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടതായി വന്നു.
പാരീസ് മെട്രോയുടെയും മറ്റ് പൊതു ഗതാഗത സംവിധാനങ്ങളുടെയും സർവീസുകൾ പലയിടങ്ങളിലും തടസ്സപ്പെട്ടു.പാരീസ് ഓർലി വിമാനത്താവളത്തിൽ 30 ശതമാനത്തോളം വിമാനങ്ങൾ റദ്ദാക്കി. സമരം കാരണം ഈഫൽ ടവറും വേഴ്സൈലെസ് പാലസും ഇന്നലെ അടച്ചിട്ടു.. പടിഞ്ഞാറൻ ഫ്രാൻസിലെ നാന്റ്‌റെസ്, റെനെസ്, ലോറീയെന്റ് നഗരങ്ങളിലേക്കും അക്രമം വ്യാപിച്ചിട്ടുണ്ട്. ലോറിയന്റിൽസർക്കാർ വക കെട്ടിടം പൂർണ്ണമായും ആക്രമിക്കപ്പെട്ടു. ഒരു പൊലീസ് സ്റ്റേഷന്റെ മുൻഭാഗം തീയിട്ട് നശിപ്പിക്കുകയും ചെയ്തു.
പാർലമെന്റിൽ കൊണ്ടു വരാതെ ഭരണഘടനാപരമായ ചില വഴികൾ ഉപയോഗിച്ചായിരുന്നു പെൻഷൻ പ്രായം 62 ൽ നിന്നും 64 ആക്കാനുള്ള നിയമം കൊണ്ടുവന്നത്. എന്നാൽ, ഇത് പൂർണ്ണമായും നിലവിൽ വരുന്നതിനു മുൻപായി ഫ്രാൻസിലോ ഭരണഘടന കൗൺസിൽ വിശകലനം ചെയ്ത് അംഗീകാരം നൽകേണ്ടതുണ്ട് . ഈ വർഷം അവസാനത്തോടെ ഇത് പ്രാബല്യത്തിൽ വരും എന്നാണ് മാക്രോൺ പറയുന്നത്.
ഫ്രാൻസിൽ അക്രമം വർദ്ധിച്ചതോടെ ചാൾസ് രാജാവ് നടത്താൻ നിശ്ചയിച്ചിരുന്ന സന്ദർശനം റദ്ദാക്കി. രാജ്യത്തെ, പ്രത്യെകിച്ചും തലസ്ഥാന നഗരത്തിലെ അക്രമാന്തരീക്ഷം സന്ദർശനത്തിന്റെ അപകട സാധ്യത വർദ്ധിപ്പിക്കും എന്നതിനാലാണിത്. ഫ്രഞ്ച് പ്രസിഡണ്ട് മാക്രോൺ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.തിങ്കളാഴ്‌ച്ച വേഴ്സയ്ൽസ് പാലസിൽ ഉദ്ദേശിച്ചിരുന്ന വിരുന്നു സൽക്കാരവും നടക്കില്ല.
കലാപത്തിനു പുറമെ രാജദമ്പതികളുടെ ഫ്രഞ്ച് സന്ദർശനത്തെ വിമർശിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ വർദ്ധിച്ചു വരുന്നതും സുരക്ഷാ ഭീഷണി ആയിരുന്നു. സന്ദർശനത്തിനെത്തുന്ന രാജാവിനും രാജ്ഞിക്കും എതിരെ പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പും നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ