മുൻകാല ചെയ്തികൾ പലപ്പോഴും തിരിഞ്ഞു കൊത്തുക ആളുകൾ പണവും പ്രശസ്തിയും നേടിക്കഴിയുമ്പോഴായിരിക്കും. 2006 ൽ ഡൊണാൾഡ് ട്രംപുമായി ഉണ്ടായിരുന്നു എന്ന അവകാശപ്പെടുന്ന ബന്ധത്തിന്റെ പേരിലായിരുന്നു പോൺ സ്റ്റാർ സ്റ്റോമി ഡാനിയൽസിന് 2016 ൽ ലക്ഷങ്ങൾ കൈവന്ന് ചേർന്നത്. 2016-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ പഴയകാല കഥകൾ പുറത്തുവരാതിരിക്കാൻ സ്റ്റോമിയെ നിശബ്ദയാക്കേണ്ടത് ട്രംഒപിന്റെ ആവശ്യമായിരുന്നു.

അന്ന് സ്റ്റോമി ഡാനിയൽസ് എന്ന പോൺ സ്റ്റാറിനെ നിശബ്ദയാക്കാൻ 1,30,000 ഡോളർ നൽകി എന്ന കേസിലാണ് ഇപ്പോൾ ട്രംപ് കുറ്റക്കാരനാണെന്ന വിധി ഉണ്ടായിരിക്കുന്നത്. ഒരു ന്യുയോർക്ക് ഗ്രാൻഡ് ജ്യുറിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തയാഴ്‌ച്ച ആദ്യം ട്രംപ് മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ഓഫീസിൽ കീഴടങ്ങിയേക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

2024-ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇരിക്കവെയാണ് ഈ വിധി ഉണ്ടായിരിക്കുന്നത്. ഒരു ക്രിമിനൽ കുറ്റം ചാർജ്ജ് ചെയ്യപ്പെടുന്ന ആദ്യ അമേരിക്കൻ മുൻ പ്രസിഡണ്ടാണ് ഡോണാൾഡ് ട്രംപ്. ട്രംപ് ഏതൊക്കെ കുറ്റകൃത്യങ്ങൾക്കാണ് കേസ് നേരിടുന്നത് എന്നത് ഇനിയും പുറത്തു വിട്ടിട്ടില്ല. സ്റ്റോമി ഡനിയൽസിന് പേയ്മെന്റ് നൽകിയതുമായി ബന്ധപ്പെട്ട കുറ്റം മാത്രമാണോ ട്രംപിൽ ചാർത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല. സമാനമായ രീതിയിൽ പ്ലേബോയ് മോഡൽ ആയ കരേൻ മെക് ഡഗൽസിനും പണം നൽകിയതായി ആരോപണം ഉയർന്നിരുന്നു.

തികച്ചും രാഷ്ട്രീയ പ്രേരിതമായ ഒരു കുത്സിത ശ്രമം എന്നായിരുന്നു ട്രംപ് ഇതിനെ കുറിച്ച് പ്രതികരിച്ചത്. ട്രംപ് ഓർഗനൈസേഷൻ അന്ന് അവരുടെ അഭിഭാഷകനായിരുന്ന മൈക്കൽ കോഹെന് പണം നൽകിയതായിട്ടാണ് ഡിസ്ട്രിക്ട് അറ്റോർണിയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. കോഹൻ അത് സ്റ്റോമി ഡാനിയൽസിന് കൈമാറുകയായിരുന്നു. 2006- ൽ ട്രംപുമായി ഉണ്ടായ ഒരു ലൈംഗികാനുഭവത്തെകുറിച്ച് തുറന്ന് പറയാതിരിക്കാൻ ആയിരുന്നു ഈ പണം നൽകിയത് എന്നായിരുന്നു ആരോപണം.

എന്നാൽ, കോഹന് പണം നൽകിയത് ലീഗൽ ചാർജ്ജ് ആയിട്ടാണെന്നാണ് ട്രംപ് ഓർഗനൈസേഷൻ വ്യക്തമാക്കുന്നത്. മറ്റു രണ്ട് ക്രിമിനൽ കേസുകൾ കൂടി ട്രംപിന്റെ പേരിലുണ്ട് ഇത് രണ്ടും ഇപ്പോൾ അന്വേഷണ ഘട്ടത്തിലാണ്. 2020-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ, വ്യാപകമായി കള്ളവോട്ട് നടന്നു എന്ന വ്യാജ പ്രചാരണം നടത്തി ജോ ബൈഡന്റെ വിജയത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നതാണ് അതിലൊന്ന്. മറ്റൊന്ന് വൈറ്റ്ഹൗസിൽ നിന്നും നിരവധി സുപ്രധാന രേഖകൾ നീക്കിയതുമായി ബന്ധപ്പെട്ട ഒന്നാണ്.

അടുത്തയാഴ്‌ച്ച അറ്റോർണി ഓഫീസിൽ ഹാജരാകുന്ന ട്രംപിന് സാധാരണ മറ്റേതൊരു കുറ്റവാളിക്കും ലഭിക്കാറുള്ള അതേ സ്വീകരണം മാത്രമായിരിക്കും ലഭിക്കുക എന്ന് റിപ്പോർട്ടുകൾ പറയുന്നു. തന്റെ മേൽ ചാർത്തപ്പെട്ടിട്ടുള്ള കുറ്റം വായിച്ചു കേൾപ്പിക്കുകയും, വിരലടയാളം എടുക്കുകയും, പൊലീസ് രേഖയിൽ കുറ്റവാളിയുടെതായി സൂക്ഷിക്കാൻ ട്രംപിന്റെ ഫോട്ടോ എടുക്കുകയും ചെയ്യും. ഒരുപക്ഷെ കൈവിലങ്ങ് അണിയിച്ചെന്നും വരാം.

അതേസമയം, മറ്റെന്തൊക്കെ ചെയ്താലും ട്രംപിനെ കൈവിലങ്ങ് അണിയിക്കില്ല എന്നാണ് മറ്റു ചില റിപ്പോർട്ടുകൾ പറയുന്നത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നടുവിൽ കോട്ടും ടൈയും അണിഞ്ഞായിരിക്കും ട്രംപ് അറ്റോർണി ഓഫീസിൽ എത്തുക എന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, മാധ്യമങ്ങളുടെ കണ്ണിൽ പെടാതിരിക്കാൻ പിൻവാതിലിലൂടെയായിരിക്കും പ്രവേശനവും.