ണവും അധികാരവും, അനുയായികളുമൊക്കെ എല്ലാക്കാലത്തും രക്ഷക്കെത്തുമെന്ന മൂഢവിശ്വാസം ആർക്കും വേണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് അമേരിക്കൻ കോടതി. കോടീശ്വരനായാലും, മുൻ അമേരിക്കൻ പ്രസിഡണ്ട് ആയാലും ഡൊണാൾഡ് ട്രംപിന് ഒരു സാധാ ക്രിമിനലിനെ പോലെ വരുന്ന ചൊവ്വാഴ്‌ച്ച കോടതിയിൽ ഹാജരാകേണ്ടി വരും. മറ്റേതൊരു കുറ്റവാളിയേയും പോലെ വിരലടയാളങ്ങൾ എടുത്തതിനു ശേഷം , കുറ്റവാളികളുടെ പട്ടികയിൽ സൂക്ഷിക്കാൻ ട്രൂപിന്റെ ഫോട്ടോയും എടുക്കും.

അതുകഴിഞ്ഞായിരിക്കും ഉച്ചതിരിഞ്ഞ്2.15 ന് കോടതിയിൽ ഹാജരാക്കുക. ഇതെല്ലാം ഒരു സാധാരണ ക്രിമിനലിനെ കോടതിയിൽ ഹാജരാക്കുന്ന നടപടികളാണ്. ഇതിനു മുൻപ് ഒരു മുൻ അമേരിക്കൻ പ്രസിഡണ്ടും ക്രിമിനൽ കേസുകളിൽ പ്രതികൾ ആകാത്തതിനാൽ, ഇവിടെ ചൂണ്ടിക്കാണിക്കാൻ ഒരു കീഴ്‌വഴക്കം ഇല്ല. അതുകൊണ്ടു തന്നെ സാധാരണ നടപടികൾ തന്നെയായിരിക്കും ട്രംപിന്റെ കാര്യത്തിലും പിന്തുടരുക.

എന്നിരുന്നാലും ട്രംപിനെ കൈവിലങ്ങണിയിക്കുവാൻ സാധ്യതയില്ല., അതുപോലെ മറ്റ് കുറ്റവാളികളെ പോലെ നടത്തിച്ചു കൊണ്ടുപോകാനും സാധ്യതയില്ല. സുരക്ഷാ കാരണങ്ങളാൽ വാഹനത്തിൽ തന്നെയായിരിക്കും ട്രംപിനെ കൊണ്ടുപോവുകയും വരികയും ചെയ്യുക. വിചാരണ നടക്കുന്ന കോടതിക്ക് പുറത്ത് അക്രമാസക്തമായ സമരങ്ങൾ ഉണ്ടായേക്കാം എന്ന ചിന്തയിൽ സുരക്ഷാ സൗകര്യങ്ങൾ വർദ്ധിപ്പിക്കും.

എന്നാൽ, വീണിടം വിദ്യയാക്കാൻ മിടുക്കനായ ട്രംപ് കൈവിലങ്ങ് അണിഞ്ഞ് നടന്നു പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ആ ഒരൊറ്റ ചിത്രം, തനിക്ക് രാഷ്ട്രീയ രക്തസാക്ഷി എന്ന പ്രതിച്ഛായ നൽകുമെന്ന് ട്രംപ് ഉറച്ചു വിശ്വസിക്കുന്നു. അത് ഉപയോഗിച്ച് വരുന്ന തെരഞ്ഞെടുപ്പിൽ ആഞ്ഞടിക്കാൻ കഴിയുമെന്നും ട്രംപിന്റെ അനുയായികൾ വിശ്വസിക്കുന്നുണ്ട്.

ഇപ്പോൾ തന്റെ മാർ-എ-ലാഗോ റിസോർട്ടിൽ ഉള്ള ട്രംപ് തിങ്കളാഴ്‌ച്ച ഫ്ളോറിഡയിൽ നിന്നും ന്യുയോർക്കിൽ എത്തും. തന്റെ പുതിയ ബോയിങ് 757, ട്രംപ് ഫോഴ്സാ വണ്ണിൽ പറക്കാനായിരിക്കും ട്രംപ് താത്പര്യപ്പെടുക. എന്നാൽ നിയമപാലകർ ഒരുപക്ഷെ ഗവൺംകെന്റ് ജെറ്റിൽ പൊലീസുകാർക്കൊപ്പമായിരിക്കും ഫ്ളോറിഡയിൽ നിന്നും ന്യുയോർക്കിൽ എത്തിക്കുക. മുൻ അമേരിക്കൻ പ്രസിഡണ്ട് എന്ന നിലയിൽ ജീവിതകാലം മുഴുവൻ അദ്ദേഹത്തിന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സുരക്ഷ ലഭിക്കും. സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ന്യുയോർക്കിലേക്ക് പറക്കും.

ഭയക്കാതെ സ്റ്റോമി; എങ്കിലും ആശങ്കയുണ്ട്

ചരിത്രത്തിൽ ഇതാദ്യമായി ഒരു അമേരിക്കൻ പ്രസിഡണ്ട് ക്രിമിനലായി കോടതിയിൽ വിചാരണ നേരിടാനെത്തുമ്പോൾ, അതിനു പുറകിലെ ശക്തി, സ്റ്റോമി ഡാനിയസ് എന്ന പോൺ സ്റ്റാർ പറയുന്നത് താൻ ഈ വിജയം ആഘോഷിക്കുകയാണെന്നാണ്. ഷാംപെയ്ൻ കുടിച്ച് ആഘോഷിക്കുന്ന കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ച സ്റ്റോമി തന്നെ എന്നും പിന്തുണച്ച് കൂടെനിന്ന സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി രേഖപ്പെടുത്തുന്നുമുണ്ട്.

അതേസമയം, മുൻ പ്രസിഡണ്ടിനെ കുറ്റക്കാരനാക്കിയ കോടതി നടപടി ഒരുപക്ഷെ രാജ്യത്ത് അക്രമത്തിനും കൊലപാതകങ്ങൾക്കും വരെ കാരണമായേക്കാം എന്ന ആശങ്കയും അവർ പങ്കുവയ്ക്കുന്നു. ദീർഘനാളുകളായി പല നടപടികളും ഒഴിവാക്കി നടന്ന ഒരാളെ അവസാനം നിയമത്തിനു മുൻപിൽ എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നുണ്ട് എന്നും സ്റ്റോമി പറഞ്ഞു.

ഇനിയിപ്പോൾ കോടതി എന്തു തന്നെ തീരുമാനിച്ചാലും, ഒരു കലാപത്തിനുള്ള സാധ്യത വളരെ വലുതാണ് എന്നവർ പറയുന്നു. നേരത്തേ ഒരു കലാപം സൃഷ്ടിച്ച ചരിത്രം ഉള്ള വ്യക്തിയാണ് ട്രംപ്. വീണ്ടും അനുയായികളെ ആയുധമേന്തി നിരത്തുകളിലേക്ക് ഇറക്കിവിടാൻ ഒരുപക്ഷെ ട്രംപ് ഇനിയും മടിച്ചേക്കില്ല എന്നുംഅവർ പറഞ്ഞു. സ്റ്റെഫാനി ക്ലിഫോർഡ് എന്ന് യഥാർത്ഥ പേരുള്ള ഈ പോൺ താരം തനിക്ക് 27 വയസ്സുള്ളപ്പോൾ ഒരു ചാരിറ്റി ഗോൾഫ് ടൂർണമെന്റിന് ഇടയിലായിരുന്നു ട്രംപിനെ ആദ്യമായി പരിചയപ്പെടുന്നത്.

ഭർത്താവിനൊപ്പം പാറപോലെ ഉറച്ച് മെലാനിയ

കോടതിയുടെ തീരുമാനം ട്രംപിനെ ഞെട്ടിച്ചെങ്കിലും, ആശ്വാസം പകരുന്നത് പ്രിയപ്പെട്ട പത്നി മെലാനിയയുടെ ഉറച്ച പിന്തുണയാണ്. ഇന്നലെ വൈകിട്ട് തന്റെ മാർ എ ലാഗോ റിസോർട്ടിൽ മെലാനിയയ്ക്കൊപ്പമായിരുന്നു ട്രംപ് അത്താഴ വിരുന്നിനെത്തിയത്. അവർ ക്ലബ്ബിനകത്തേക്ക് പ്രവേശിക്കുമ്പോൾ, അതിഥികൾ അവരെ കൈയടിച്ച് വരവേൽക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

സുഹൃത്തുക്കൾക്കൊപ്പം ആയാസരഹിതമായി സംസാരിച്ചും ചിരിച്ചും തന്നെയായിരുന്നു ഇരുവരും സായന്തനം ചെലവഴിച്ചത്. സ്റ്റോമി ഡാനിയലുമായുള്ള ബന്ധം മറച്ചു വയ്ക്കുന്നതിനായി പണം നൽകി എന്ന കുറ്റം ചുമത്തപ്പെട്ട ട്രംപിന് പൂർണ്ണ പിന്തുണയാണ് ഭാര്യ നൽകുന്നത്. താൻ സ്റ്റോമിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് ട്രംപ് ഉറപ്പിച്ചു പറയുന്നത്.