- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു കെയിൽ അഭയം തേടി എത്തുന്നവരുടെ അപേക്ഷയിൽ തീരുമാനം ആവുന്നതു വരെ റുവാണ്ടക്ക് അയയ്ക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ടെന്ന് സുവെല്ല ബ്രേവർമാൻ; റുവാണ്ടൻ പൊലീസിന്റെ മുൻകാല കൃത്യങ്ങൾ ചൂണ്ടിക്കാട്ടി ബി ബി സി
ചെറു യാനങ്ങളിൽ ചാനൽ കടന്ന് ബ്രിട്ടനിലേക്കെത്തുന്ന അനധികൃത അഭയാർത്ഥികളെ റുവാണ്ടയിലേക്ക് അയയ്ക്കുന്ന കാര്യത്തിൽ മാറ്റമൊന്നുമില്ലെന്ന് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ ഉറപ്പിച്ചു പറയുന്നു. അവരുടെ അപേക്ഷകളിന്മേൽ തീരുമാനം എടുക്കുന്നതുവരെ അവർ റുവാണ്ടയിൽ തുടരും. അഭയാർത്ഥികൾക്ക് ഏറെ സുരക്ഷിതമായ ഇടമാണ് റുവാണ്ട എന്നും അവർ പറയുന്നു.
എന്നാൽ, റുവാണ്ടയുടെ പഴയകാല ചരിത്രം ചികഞ്ഞെടുത്ത് ഹോം സെക്രട്ടറിയുടെ വാദത്തിന്റെ മുനയൊടിക്കുകയാണ് ബി ബി സി.അഞ്ചു വർഷം മുൻപ് അഭയാർത്ഥികളുടെ ഒരു കൂട്ടത്തിനു നേരെ റുവാണ്ടൻ പൊലീസ് അഴിച്ചുവിട്ട അക്രമങ്ങൾ എടുത്തുകാട്ടിയാണ് ബി ബി സി ഇത് ചെയ്തിരിക്കുന്നത്. തൊട്ടടുത്തെ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ നിന്നുള്ള ആയിരക്കണക്കിന് അഭയാർത്ഥികൾ താമസിക്കുന്ന ക്യാമ്പിലായിരുന്നു ഈ സംഭവം നടന്നത്.
കിസിബ അഭയാർത്ഥി ക്യാമ്പിൽ, ഭക്ഷണ ലഭ്യതയുമായി ബന്ധപ്പെട്ട് അഭയാർത്ഥികൾ പ്രതിഷേധിച്ചപ്പോൾ റുവാണ്ടൻ പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത് 12 പേരായിരുന്നു. 2018-ൽ ആയിരുന്നു ഈ സംഭവം നടന്നത്. ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥികൾക്കായുള്ള ഹൈക്കമ്മീഷണർ ഇതിനെ അപലപിക്കുകയും ചെയ്തിരുന്നു.
എന്നാൽ, നേരത്തെ നടന്ന ഈ സംഭവം തനിക്ക് അറിവില്ലാത്തതാണെന്ന് സുവെല്ല ബ്രേവർമാൻ പറഞ്ഞു. എന്നാൽ, തന്റെ റുവാണ്ടൻ സന്ദർശനത്തിനിടെ അവിടെ അഭയാർത്ഥികൾക്ക് ലഭിക്കാവുന്ന സുരക്ഷയെ കുറിച്ച് താൻ ശരിക്ക് മനസ്സിലാക്കിയിട്ടുണ്ട് എന്നും അവർ പറഞ്ഞു. റുവാണ്ടൻ പദ്ധതിയുമായി മുൻപോട്ട് പോവുക തന്നെചെയ്യുമെന്നും സുവെല്ല വ്യക്തമാക്കി.
റുവാണ്ടയുമായുള്ള കരാറിന്റെ വിശദാംശങ്ങൾ ഹൈക്കോടതി പരിശോധിച്ചതാണെന്നും അഭയാർത്ഥികളുടെ സുരക്ഷയുടെ കാര്യത്തിൽ കോടതി തീർത്തും തൃപ്തരാണെന്നും സുവെല്ല പറഞ്ഞു. 1 ലക്ഷം അഭയാർത്ഥികളെ വരെ ഇപ്പോൾ രുവാണ്ടയിൽ സ്വീകരിക്കുന്നുണ്ടെന്നും തന്റെ സന്ദർശനത്തിനിടയിൽ അവരിൽ ചിലരെ കണ്ടിരുന്നു എന്നും അവർ പറഞ്ഞു. അവർക്കാർക്കും റുവാണ്ടൻ സമീപനത്തെ കുറിച്ച് പരാതികൾ ഇല്ലെന്നും സുവെല്ല ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ