ലണ്ടൻ: ജോർജ്ജ് അഞ്ചാമൻ രാജാവിന്റെയും മേരി രാജ്ഞിയുടെയും മൂത്ത പുത്രനായ എഡ്വേർഡ് എട്ടാമൻ 1936 ജനുവരി 20 നായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി സ്ഥാനം ഏറ്റെടുത്തത്. അതിനു മുൻപ് തന്നെ പല സ്ത്രീകളുമായും അടുപ്പമുണ്ടായിരുന്ന എഡ്വേർഡ് പക്ഷെ അമേരിക്കകാരിയായ വാലിസ് സിംപ്സണിൽ ആകൃഷ്ടനാവുകയായിരുന്നു. പൊതുവെ രാജ്യകാര്യങ്ങളിൽ വലിയ താത്പര്യമില്ലാതിരുന്ന എഡ്വേർഡ് എട്ടാമൻ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബാൾഡ്വിനെ ഇക്കാര്യം അറിയിച്ചു. വാലിസ് സിംപ്സൺ വിവാഹമോചനം നേടിയതിനാൽ അവരെ വിവാഹം കഴിക്കാൻ തീരുമാനിച്ചതായും അറിയിച്ചു.

എന്നാൽ, ബ്രിട്ടീഷ് പ്രജകൾ അത്തരത്തിലൊരു നീക്കം ഇഷ്ടപ്പെടുകയില്ല എന്നായിരുന്നു ബാൾഡ്വിന്റെ പ്രതികരണം. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ അന്നത്തെ നിയമങ്ങൾ പ്രകാരം വിവാഹമോചനം നേടിയതിനു ശേഷമുള്ള പുനർവിവാഹം നിഷിദ്ധമായിരുന്നു. രാജാവ് എന്ന പദവിയിൽ ഉള്ള വ്യക്തി തന്നെയാണ് ചർച്ച് ഓഫ് ഇംഗ്ലണ്ട് സഭയുടെ തലവനും അത്തരമൊരു സ്ഥാനത്തിരുന്ന് സഭാ പ്രമാണങ്ങൾക്ക് എതിരായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് ബാൾഡ്വിൻ ചൂണ്ടിക്കാട്ടി. മാത്രമല്ല, വാലിസ് സിംപ്സനെ രാജ്ഞിയായി അംഗീകരിക്കാൻ ജനങ്ങൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ രാജാവായി തുടർന്നു കൊണ്ടു തന്നെ വാലിസിനെ വിവാഹം കഴിക്കാമെന്നും അവർക്ക് രാജ്ഞി പദവി നൽകേണ്ടതില്ലെന്നും, തങ്ങൾക്ക് ജനിക്കുന്ന കുട്ടികൾക്ക് പാരമ്പര്യമായി അധികാരത്തിന് അർഹതയുണ്ടാകില്ലെന്നുമൊക്കെ എഡ്വേർഡ് പറഞ്ഞെങ്കിലും കാബിനറ്റിന് അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഭരണമേറ്റെടുത്ത് ഒരു വർഷം തികയും മുൻപ് തന്നെ കിരീടവും ചെങ്കോലും ഉപെക്ഷിച്ച് വാലിസിനെ വിവാഹം കഴിക്കുകയായിരുന്നു.

തുടർന്ന് അദ്ദേഹത്തിന്റെ സഹോദരൻ ജോർജ്ജ് ആറാമനും അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് എലിസബത്ത് രാജ്ഞിയും അധികാരത്തിലെത്തി. തനിക്ക് 46 വയസ്സ് പ്രായമുള്ളപ്പോൾ, ബ്രിട്ടീഷ് രാജ്ഞിയായിരുന്ന എലിസബത്ത് രാജ്ഞി അന്ന് പാരിസിൽ താമസിച്ചിരുന്ന എഡ്വേർഡ് എട്ടാമനെ സന്ദർശിച്ച കഥയാണ് ഇപ്പോൾ ഐ ടി വി എക്സിൽ വരാൻ പോകുന്നത്. ഈ വരുന്ന ഏപ്രിൽ 20 ന് ആയിരിക്കും അത് സംപ്രേഷണം ചെയ്യുക.

അന്ന് എഡ്വേർഡ് എട്ടാമന്റെ നഴ്സ് ആയിരുന്ന ജൂലി അലക്സാൻഡർ ആണ് ഇക്കാര്യം വെളിപ്പെടുത്തുനന്ത്. ദി റിയൽ ക്രൗൺ: ഇൻസൈഡ് ദി ഹൗസ് ഓഫ് വിൻഡ്സർ എന്ന സീരീസിന്റെ ഭാഗമായിട്ടാണ് ഇത് വെളിപ്പെടുത്തൽ വരുന്നത്. എഡ്വേർഡിന്റെ അവസാന കാലത്താണ് എലിസബത്ത് രാജ്ഞി അദ്ദേഹത്തെ സന്ദർശിക്കാൻ എത്തുന്നത്. തീരെ അവശ നിലയിലായിരുന്നു അപ്പോൾ അദ്ദേഹം എന്ന് ജൂലി പറയുന്നു.

അദ്ദേഹത്തിന് ഒരേയൊരു അപേക്ഷ മാത്രമായിരുന്നു എലിസബത്ത് രാജ്ഞിക്ക് മുൻപിൽ വെയ്ക്കാൻ ഉണ്ടായിരുന്നത്, തന്റെ പ്രിയ പത്നി വാലിസിന് എച്ച് ആർ എച്ച് ടൈറ്റിൽ(രാജ പദവി) നൽകണം എന്ന്. എലിസബത്ത് രാജ്ഞിക്ക് എഡ്വേർഡ് എട്ടാമനോട് ഏറെ ഇഷ്ടമായിരുന്നെങ്കിലും, അപ്പോൾ തന്നെ ആ അപേക്ഷ നിരാകരിക്കുകയായിരുന്നു എന്ന് ജൂലി പറയുന്നു.

അന്ന് അദ്ദേഹം തീരെ അവശനിലയിലായിരുന്നു. എന്നിട്ടും കിടക്കയിൽ നിന്നും എഴുന്നേറ്റ് കസേരയിൽ ഇരിക്കണം എന്ന് അദ്ദേഹം വാശിപിടിച്ചു. മാത്രമല്ല, ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ട്യുബുകളും മറ്റും ദൃശ്യമാകാതിരിക്കാൻ തക്കവണ്ണമുള്ള വസ്ത്രധാരണമായിരുന്നു അദ്ദേഹത്തിന്റെത്. തന്റെ അവശത മറ്റുള്ളവർക്ക് മുൻപിൽ പ്രദർശിപ്പിക്കാൻ അദ്ദേഹം തയ്യാറായില്ല എന്ന് ചുരുക്കം.

പൂർണ്ണമായും ശോകമൂകമായ ഒരു അന്തരീക്ഷത്തിലായിരുന്നു ആ കൂടിക്കാഴ്‌ച്ച നടന്നതെന്ന് ജൂലി പറയുന്നു. എലിസബത്ത് രാജ്ഞിക്ക് വാലിസ് ആതിഥേയത്വം അരുളുന്ന ആദ്യ സന്ദർഭം കൂടിയായിരുന്നു അത്. 51 വർഷങ്ങൾക്ക് മുൻപ് ഒരു മെയ് മാസത്തിൽ നടന്ന ഈ സന്ദർശനത്തെ കുറിച്ച് നെറ്റ്ഫ്ളിക്സിന്റെ ദി ക്രൗണിലും പ്രതിപാദിക്കുന്നുണ്ട്.

അങ്കിൾ ഡേവിഡ് എന്നായിരുന്നു എഡ്വേർഡ് എട്ടാമനെ എലിസബത്ത് രാജ്ഞി വിളിച്ചിരുന്നത്. ആദ്യം അദ്ദേഹവുമായി ഒറ്റക്കായിരുന്നു സംസാരിച്ചത്. ആ സമയത്തായിരുന്നു ഭാര്യയ്ക്ക് രാജപദവി നൽകണമെന്ന് അദ്ദേഹം അപേക്ഷിച്ചത്. പറ്റില്ല എന്ന് മുഖത്തടിച്ചതുപോലുള്ള മറുപടിയായിരുന്നു രാജ്ഞിയുടേതെന്ന് ജൂലി പറയുന്നു. അവിടമാകെ തളം കെട്ടിനിന്ന ശോകത്തിന് കനം വർദ്ധിപ്പിച്ച നിമിഷങ്ങൾ ആയിരുന്നു പിന്നീട് എന്നും അവർ പറയുന്നു. അതിനുശേഷം വാലിസുമായി ചില ചിത്രങ്ങൾക്ക് രാജ്ഞി പോസ് ചെയ്യുകയും ചെയ്തിരുന്നു.