ലണ്ടൻ: ബ്രിട്ടനിലെ രാജ വിരുദ്ധർ ഇറ്റ് ഈസ് നോട്ട് മൈ കിങ് പ്രതിഷേധത്തിന് പദ്ധതിയിടുമ്പോഴും ഭൂരിപക്ഷം ബ്രിട്ടീഷുകാരും ആഗ്രഹിക്കുന്നത് രാജപദവി തുടരാൻ. ചാൾസ് രാജാവിന്റെ കിരീടധാരണം അടുത്തെത്തിയ സാഹചര്യത്തിൽ നടത്തിയ അഭിപ്രായ സർവേയിൽ പങ്കെടുത്തവരിൽ പകുതിയിലധികം പേരും പറയുന്നത്, രാജ പദവി ബ്രിട്ടന് നല്ലതാണെന്നാണ്. രാജകുടുംബത്തിൽ നിന്നുള്ള പരമ്പരാവകാശികൾ തന്നെ രാഷ്ട്ര തലവന്മാരായി തുടരണമെന്നാണ് ഏകദേശം 60 ശതമാനത്തോളം പേർ ആഗ്രഹിക്കുന്നത്.

രാജാവിന്റെയും രാജ്ഞിയുടെയും കിരീടധാരണം നടക്കാൻ രണ്ടാഴ്‌ച്ചകൾ മാത്രമുള്ളപ്പോൾ, സർവേയിൽ പങ്കെടുത്തവരിൽ മൂന്നിൽ രണ്ട് ഭാഗം പേർ പറയുന്നത് ചാൾസ് ഒരു നല്ല രാജാവായിരിക്കും എന്നു തന്നെയാണ്. ചുരുങ്ങിയത് അടുത്ത 50 വർഷക്കാലത്തേക്ക് കൂടി ബ്രിട്ടനിൽ രാജവാഴ്‌ച്ച തുടരണം എന്ന് 51 ശതമാനം പേർ ആവശ്യപ്പെട്ടപ്പോൾ 23 ശതമാനം പേർ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവനുള്ള റിപ്പബ്ലിക്കിനായി ആവശ്യമുയർത്തിയത്.

അതേസമയം, രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള ചുമതലകൾ വഹിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. സർവേയിൽ പങ്കെടുത്തവരിൽ മുക്കാൽ ഭാഗം പേരും പറഞ്ഞത് വലുതാവുമ്പോൾ ഷാർലറ്റ് രാജകുമാരിയും ലൂയിസ് രാജകുമാരനും സ്വന്തമായി ജീവനോപാധി കണ്ടെത്തണം എന്നാണ്. അതല്ലാതെ നികുതിദായകരുടെ ചെലവിൽ ജീവിക്കാൻ അവർ ഒരുങ്ങരുത് എന്നും അവർ പറയുന്നു.

വില്യമും കെയ്റ്റും തന്നെയാണ് ഇപ്പോഴും ഏറ്റവും ജനപ്രീതിയുള്ള രാജകുടുംബാംഗങ്ങളായി തുടരുന്നത്. ഹാരിയേയും മേഗനേയും താരതമ്യം ചെയ്യുമ്പോൾ കെയ്റ്റും വില്യമും തങ്ങളുടെ ജനപ്രീതി വർദ്ധിപ്പിച്ചിട്ടുമുണ്ട്. എഴുപത്തി ഒന്ന് ശതമാനം പേർ ചിന്തിക്കുന്നത് വില്യമും കെയ്റ്റും രാജ്യത്തിന് ഉത്തമ മാതൃകകളാണെന്നാണ്. അതേസമയം വെറും 14 ശതമാനം പേർ മാത്രമാണ് ഹാരിക്കും മേഗനും അനുകൂലമായി ചിന്തിക്കുന്നത്. 2020 ന് ശേഷം വെയിൽസ് രാജകുമാരനും രാജകുമാരിക്കും ഏഴ് ശതമാനത്തിന്റെ വർദ്ധനവാണ് ജനപ്രീതിയിൽ ഉണ്ടായിരിക്കുന്നത്. അതേസമയം ഹാരിയും മേഗനും ഇക്കാര്യത്തിൽ തുടർച്ചയായി തിരിച്ചടികൾ നേരിടുകയാണ്.

ആധുനിക ബ്രിട്ടനെ പ്രതിനിധാനം ചെയ്യാൻ വില്യമും കെയ്റ്റുമാണ് ഉത്തമം എന്ന് 64 ശതമാനം പേർ ചിന്തിക്കുമ്പോൾ 21 ശതമാനം പേർ മാത്രമാണ് ഹാരിക്കും മേഗനും ഒപ്പമുള്ളത്. അതുപോലെ തന്നെ മാതാവായ ഡയാന രാജകുമാരിയുടെ മൂല്യങ്ങൾ പ്രതിഫലിക്കുന്നത് വില്യമിലാണെന്ന് 50 ശതമാനം പേർ വിശ്വസിക്കുമ്പോൾ വെറും 27 ശതമാനം പേർ മാത്രമാണ് ആ മൂല്യങ്ങൾ കാണുന്നത് ഹാരിയിലാണെന്ന് വിശ്വസിക്കുന്നത്. കിരീടാവകാശത്തിനുള്ളവരുടെ പട്ടികയിൽ നിന്നും ഹാരിയെ നീക്കം ചെയ്യണമെന്ന ആവശ്യത്തിനും ശക്തി കൂടുകയാൺ'.

ഏകദേശം 64 ശതമാനം പേർ ഹാരിയെ കിരീടാവകാശികളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെടുമ്പൊൾ 79 ശതമാനം പേർ ആൻഡ്രു രാജകുമാരനെയും ആ പട്ടികയിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നുന്റ്. എലിസബത്ത് രാജ്ഞിയുടെ മരണ ശേഷം നടന്ന ആദ്യത്തെ സമഗ്രമായ സർവേയാണിത്. രാഷ്ട്രീയ കാര്യം ഉൾപ്പടെ പലതിലും ചാൾസ് തുറന്ന് ഇടപെടുന്നു എന്ന പരാതി ഉയരുമ്പോൾ അൻപത് ശതമാനത്തിലേറെ പേർ അത് ഇഷ്ടപ്പെടുന്നു എന്നാണ് സർവേയിൽ തെളിഞ്ഞത്. അതുപോലെ കിരീടധാരണത്തിന് ഹാരിയെ ക്ഷണിച്ച നടപടിയേയും ഭൂരിപക്ഷം പേരും ശരിവയ്ക്കുന്നുണ്ട്.