സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് തികച്ചും കഴിവുകെട്ടവനും ദുർബ്ബലനും, ജനങ്ങൾക്ക് പ്രാല്യമല്ലാത്തവനുമാണെന്ന് അഞ്ചിൽ രണ്ടു പേർ ചിന്തിക്കുന്നതായി ഏറ്റവും പുതിയ അഭിപ്രായ സർവേ വെളിപ്പെടുത്തുന്നു. നിക്കോള സ്റ്റർജന് ശേഷം ഫസ്റ്റ് മിനിസ്റ്റർ ആയ ഹംസക്ക് മറ്റൊരു തിരിച്ചടിയായി പാർട്ടിയുടെ ജനപിന്തുണയും കുറഞ്ഞുവരുന്നതായി സർവേയിൽ കാണിക്കുന്നു. 2014 -ലെ സ്‌കോട്ടിഷ് റെഫറണ്ടത്തിനു ശേഷം സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയുടെ ജനപിന്തുണ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ.

നേരത്തേ, എസ് എൻ പിയുടെ നേതൃസ്ഥാനത്തേക്ക് നടന്ന മത്സരത്തിനിടെ, മന്ത്രിയെന്ന നിലയിലെ ഹംസയുടെ പരാജയം എതിരാളികൾ എടുത്തു കാട്ടിയിരുന്നു. അതിന് ശേഷം, മുൻ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജന്റെ ഭർത്താവ് ഒപീറ്റർ മുറെൽ, പാർട്ടി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് പാർട്ടിയുടെ പിന്തുണ വീണ്ടും ഇടിയാൻ കാരണമായി. സ്റ്റർജന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തു.

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പൊതുജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റാൻ തുടങ്ങിയിരിക്കുന്നതായാണ് യു ഗവ് നടത്തിയ സർവേയുടെ ഫലം നൽകുന്ന കൂചന. ഹംസ ഫസ്റ്റ് മിനിസ്റ്റർ ആയതിനു ശേഷം നടക്കുന്ന ആദ്യ അഭിപ്രായ സർവേയിൽ എസ് എൻ പിയുടെ വോട്ട് ഷെയർ 38 ശതമാനമായി കുറഞ്ഞു എന്നാണ് അഭിപ്രായ സർവേയിൽ പറയുന്നത്. 2014 ന് ശേഷമുള്ള, പാർട്ടിയുടെ ഏറ്റവും കുറഞ്ഞ വോട്ടിങ് ഷെയറാണിത്.

ഇക്കഴിഞ്ഞ ഡിസംബറിൽ പോലും എസ് എൻ പി ക്ക് 50 ശതമാനം വോട്ടിങ് ഷെയർ വിവിധ അഭിപ്രായ സർവേകളിൽ ഉണ്ടായിരുന്നു. അതേസമയം കൺസർവേറ്റീവ് പാർട്ടിക്ക് ഇതിൽ 16 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ലിബറൽ ഡെമോക്രാറ്റുകൾക്ക് 10 ശതമാനം വർദ്ധനവും ദൃശ്യമായിട്ടൂണ്ട്. ഇത് ദേശീയാടിസ്ഥാനത്തിലുള്ള വോട്ടിംഗുമായി ബന്ധപ്പെട്ടുള്ളതാണ്.

അതേസമയം സ്‌കോട്ടിഷ് പാർലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ടു ചെയ്യും എന്നതി എസ് എൻ പി ക്ക് ലഭിച്ചിരിക്കുന്നത് 30 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 10 പോയിന്റാണ് ഇത് താഴേക്ക് വന്നിരിക്കുന്നത്. ദേശീയാടിസ്ഥാനത്തിലുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധൂപ്പെട്ട് വോട്ടിനെ സംബന്ധിച്ച ചോദ്യം ഉയർത്തിയപ്പോൽ എസ് എൻ പി ക്ക് കിട്ടിയത് 38 ശതമാനമാണ്. കഴിഞ്ഞ മാസത്തേക്കാൾ രണ്ട് പോയിന്റ് കുറവ്. ഇതിൽ ലേബർ പാർട്ടിക്ക് 28 പോയിന്റും ടോറികൾക്ക് 17 പോയിന്റും ലഭിച്ചു.

നേരത്തേ സ്‌കോട്ടിഷ് സർക്കാരിൽ മന്ത്രിയായിരുന്നപ്പോൾ മുതൽ അദ്ദേഹത്തിന്റെ പരാജയങ്ങൾ എടുത്തു കാണിക്കുന്ന വിധത്തിൽ ഹംസ യൂസഫിനെ ഹംസ യൂസ്ലെസ്സ് എന്നാണ് വിമർശകർ വിളിക്കുന്നത്. മന്ത്രി പദവിയിൽ ഇരിക്കുമ്പോൾ തന്റെ വകുൂപ്പുകൾ നേരാംവണ്ണം നോക്കി നടത്താൻ അദ്ദെഹത്തിന് കഴിഞ്ഞില്ലെന്ന് നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിനിടെ അദ്ദേഹത്തിന്റെ എതിരാളി കെയ്റ്റ് ഫോർബ്സ് ആരോപിക്കുകയും ചെയ്തിരുന്നു.