- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനന്ധികൃത കുടിയേറ്റക്കാരെ തപ്പിയുള്ള റെയ്ഡുകൾ തുടരുന്നു; 60 ഡെലിവറി ഡ്രൈവർമാരെ പിടികൂടിയപ്പോൾ ഏറെപ്പേരും ഇന്ത്യാക്കാർ; യു കെയിൽ സ്റ്റുഡന്റ് വിസയിൽ എത്തുന്നവർക്ക് കൂടുതൽ കാലം ജോലി ചെയ്യാൻ അനുമതി തേടി ഇന്ത്യ
ലണ്ടൻ: അനധികൃത കുടിയേറ്റത്തിനെതിരെയുള്ള നടപടികൾ കൂടുതൽ കർശനമാക്കുകയാണ് ബ്രിട്ടീഷ് സർക്കാർ. ഇംഗ്ലീഷ് ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റം തടയുന്നതിനുള്ള പുതിയ നിയമ നിർമ്മാണം പുരോഗമിക്കുന്നതിനിടയിൽ തന്നെ, ഇതിനോടകം ബ്രിട്ടനിൽ എത്തിയ മറ്റ് അനധികൃത കുടിയേറ്റക്കാരെ പിടികൂടാനുള്ള ശ്രമവും കൂടുതൽ ഊർജ്ജിതമാക്കുകയാണ്. അതിന്റെ ഭാഗമായുള്ള റെയ്ഡുകൾ ശക്തമായി തുടരുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈയാഴ്‌ച്ച നടന്ന റെയ്ഡിൽ നിരവധി ഡെലിവറി ഡ്രൈവർമാർ അറസ്റ്റിലായി. വർക്ക് പെർമിറ്റ് ഇല്ലാതെ അനധികൃതമായി ജോലി ചെയ്യുന്നവരെ പിടികൂടുക എന്നതായിരുന്നു റെയ്ഡിന്റെ ഉദ്ദേശ്യം. ഡെലിവറൂ, ജസ്റ്റ് ഈറ്റ്, ഊബർ ഈറ്റ് തുടങ്ങിയ കമ്പനികളിലെ ഡ്രൈവർമാർ വരെ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
അനധികൃതമായി ജോലി ചെയ്യുക, വ്യാജ രേഖകൾ കൈവശം വയ്ക്കുക തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനായിരുന്നു റെയ്ഡെങ്കിലും ചിലയിടങ്ങളിൽ നിന്നു ആയുധങ്ങളു, കുറ്റകൃത്യങ്ങളിലൂടെ നേടിയതെന്ന് സംശയിക്കുന്ന പണവും പിടിച്ചെടുത്തു. റെയ്ഡിന്റെ മുന്നൊരുക്കം എന്ന നിലയിൽ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുള്ള വിശദമായ റിപ്പോർട്ടും ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് തേടിയിരുന്നു.
രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഹോട്ട്സ്പോട്ടുകൾ തീരുമാനിക്കപ്പെട്ടത്. അതിനു പുറമെ വിവിധയിടങ്ങളിൽ തുടർച്ചയായ ആറു ദിവസം ഹോം വകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു. ഏപ്രിൽ 16 മുതൽ 21 വരെയുള്ള ഈ ആറു ദിവസക്കാലത്താണ് അറസ്റ്റുകൾ ഉണ്ടായത്. അനധികൃതമായി ആളുകളെ ജോലിക്ക് നിയമിക്കുന്നതിനെതിരെ കമ്പനികൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും സർക്കാർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 44 പേരെ ഹോം ഓഫീസ് കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. അവരെ അധികം താമസിയാതെ നാടുകടത്തും ബാക്കിയുള്ള 16 പേർ ഇപ്പോൾ ഇമിഗ്രേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്. അറസ്റ്റിനെ തുടർന്ന് ചില അനധികൃത കുടിയേറ്റക്കാർ സ്വമേധയാ രാജ്യം വിട്ടുപോയതായും റിപ്പോർട്ടുകളുണ്ട്. ബ്രസീൽ, ഇന്ത്യ, അൾജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അനധികൃതമായി ജോലി ചെയ്തതിന് പിടിക്കപ്പെട്ടവരിൽ ഏറെയും.
അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വാസസ്ഥലങ്ങൾ റെയ്ഡ് ചെയ്തപ്പോൾ ചിലയിടങ്ങളിൽ നിന്നും തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങളും കണക്കിൽ പെടാത്ത പണവും കണ്ടുകിട്ടിയതായും റിപ്പോർട്ടുകൾ പറയുന്നു. ഇതു തന്നെ, അനധികൃത കുടിയേറ്റത്തിന്റെ അപകട സാധ്യതകൾ തെളിയിക്കുന്നു എന്ന് സർക്കാർ വക്താവ് പറഞ്ഞു. അനധികൃത കുടിയേറ്റം തടയുവാൻ കർശനമായ നടപടികൾ ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ കാലം യു കെയിൽ തുടരാൻ അനുവാദം നൽകണമെന്ന് ഇന്ത്യ
ബ്രെക്സിറ്റിനു ശേഷം ബ്രിട്ടൻ ഏറെ പ്രതീക്ഷയോടെ കാണുന്ന ഒന്നാണ് ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി, ബ്രിട്ടനിൽ നിക്ഷേപം നടത്തുന്ന ഇന്ത്യൻ കമ്പനികളിലെ സ്‌കിൽഡ് പ്രൊഫഷണലുകൾക്ക് എളുപ്പത്തിൽ വിസ ലഭിക്കുവാൻ സഹായകമാകും വിധം ചട്ടങ്ങളിൽ ഇളവുകൾ വരുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മാത്രമല്ല, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠന ശേഷം കൂടുതൽ കാലം ബ്രിട്ടനിൽ ജോലി ചെയ്യാനുള്ള അനുവാദം നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
2022 ഒക്ടോബറിൽ കരാർ പ്രാബല്യത്തിൽ വരുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ടുകൾ. എന്നാൽ, ബ്രിട്ടനിൽ ഉണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും വിസ നിയമത്തിൽ ഇളവുകൾ വരുത്താനുള്ള ബ്രിട്ടന്റെ മടിയും കാരണം ഇത് നീണ്ടുപോവുകയായിരുന്നു. 2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകാൻ സഹായിക്കുന്നതാണ് ഈ സ്വതന്ത്ര വ്യാപാര കരാർ എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യൻ ഹൈക്കമ്മീഷൺ ഖാലിസ്ഥാൻ തീവ്രവാദികൾ അക്രമിച്ച സാഹചര്യത്തിൽ ഇന്ത്യാ-ബ്രിട്ടൻ ബന്ധത്തിൽ ചെറീയൊരു വിള്ളൽ ഉണ്ടായെങ്കിലും അതിൽ നിന്നെല്ലാം കരകയറി കരാർ ചർച്ച തുടരുകയാണ്. അതുകൂടാതെ മെയ് മാസത്തിൽ ജപ്പാനിൽ നടക്കുന്ന ജി 7 ഉച്ചകോടിയുടെവേദിയിലും ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുമെന്ന് ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലും ഇത് സംബന്ധിച്ച് ഉഭയകക്ഷി ചർച്ചകൾ ഉണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ