- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുവരെ കൊല്ലപ്പെട്ടത് രണ്ടു ലക്ഷത്തോളം പേർ; ഒരു വർഷം പിന്നിട്ടിട്ടും ജയസാധ്യത കാണുന്നില്ല; പുടിൻ കൊല്ലപ്പെടുകയും റഷ്യ 32 രാജ്യങ്ങളായി ചിതറുകയും ചെയ്തേക്കാം; യുക്രയിൻ യുദ്ധത്തിൽ അമേരിക്കയുടെ കണക്കു കൂട്ടൽ ഇങ്ങനെ; മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന കുറുക്കന്റെ തന്ത്രമോ?
മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന കുറുക്കന്റെ തന്ത്രമാണ് യുക്രെയിൻ യുദ്ധത്തിൽ അമേരിക്ക പയറ്റുന്നതെന്ന്, യുദ്ധാരംഭം മുതൽ തന്നെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. അത് ശരിയാണോ എന്ന് തോന്നുന്ന രീതിയിലുള്ള കണക്കുകൂട്ടലുകളുമായാണ് ഒരു മുൻ സി ഐ എ ഉദ്യോഗസ്ഥൻ രംഗത്ത് എത്തിയിരിക്കുന്നത്. യുക്രെയിന്റെ ആക്രമണം കലാശിക്കുക, റഷ്യ പല കൊച്ചു രാജ്യങ്ങളായി ചിന്നിച്ചിതറുന്നതിലായിരിക്കും എന്നാണ് ഈ ഉദ്യോഗസ്ഥൻ പറയുന്നത്.
മൂന്നോ നാലോ ദിവസങ്ങൾ കൊണ്ട് യുക്രെയിനെ മുട്ടുകുത്തിച്ച് പാവ സർക്കാരിനെ പ്രതിഷ്ഠിച്ച് മടങ്ങാം എന്ന കണക്കു കൂട്ടലിലായിരുന്നു പുടിൻ യുക്രെയിൻ അധിനിവേശം ആരംഭിച്ചത്. യുദ്ധത്തിനു മുന്നോടിയായി രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളും ഇതിനെ പിന്താങ്ങുന്നതായിരുന്നു. റഷ്യൻ സൈന്യം യുക്രെയിനിൽ പ്രവേശിച്ചാൽ, ജനങ്ങൾ സർക്കാരിനെതിരെ തിരിഞ്ഞ് റഷ്യൻ സൈന്യത്തോടൊപ്പം നിൽക്കും എന്നുവരെ അവർ പറഞ്ഞിരുന്നു.
എന്നാൽ, പിന്നീട് സംഭവിച്ചതെല്ലാം തികച്ചും വിപരീതമായ കാര്യങ്ങളായിരുന്നു. യുദ്ധം ഒരു വർഷം കടന്നിട്ടും, റഷ്യക്ക് കാര്യമായ നേട്ടങ്ങൾ ഒന്നും തന്നെ ഉണ്ടാക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, ഇതുവരെ ഏതാണ്ട് 2 ലക്ഷത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെടുകയും ചെയ്തു.അതുപോലെ ഏകദേശം 23 ബില്യൺ ഡോളർ വിലവരുന്ന സൈനികോപകരണങ്ങൾ നശിക്കുകയും ചെയ്തു.
വരുത്തി വെച്ച ഒരു ദുരന്തമായി റഷ്യയ്ക്ക്, യുക്രെയിൻ യുദ്ധം മാറുമ്പോൾ, ഇന്ന് ലോകം ചർച്ച ചെയ്യുന്നത് റഷ്യയുടെ ഭാവിയെ കുറിച്ചാണ്. റഷ്യൻ സൈന്യത്തിൽ വംശീയ ന്യുനപക്ഷ വിഭാഗങ്ങളിൽ പെട്ടവരെ ധാരാളമായി നിയമിച്ചിട്ടുണ്ട്. മരണമടയുന്നവരിലും അത്തരക്കാർ ക്രമാതീതമായി ഉണ്ട്. ഇത് സാവധാനം ഒരു ആഭ്യന്തര കലാപത്തിന് വഴിതെളിച്ചേക്കാം എന്ന് ചില നിരീക്ഷകർ പറയുന്നു. അതിന്റെ ആത്യന്തിക ഫലം, റഷ്യ ചെറു രാജ്യങ്ങളായി വിഭജിക്കപ്പെടും എന്നതാണെന്നും അവർ പറയുന്നു.
പഴയ സോവിയറ്റ് യൂണിയന്റെ കാലം മുതൽ തന്നെ സി ഐ എ യിൽ റഷ്യൻ കാര്യങ്ങൾ വിശകലനം ചെയ്യുന്ന അനലറ്റിക് വിദഗ്ധനായി ഗോബിൾ പറയുന്നറഷ്യൻ ഫെഡറേഷൻ, ഒരൊറ്റ രാജ്യമായി തുടർന്ന് പോകാനുള്ള സാധ്യത ഇന്ന് ഏറെപേർ കാണുന്നില്ല എന്നാണ്. എന്നാൽ, ഇതിൽ ഏറെ ഭീതി ഉണർത്തുന്ന കാര്യം, റഷ്യ ചിന്നിച്ചിതറിയാൽ, ആണവായുധ ശേഷിയുള്ള ഒരുപാട് ചെറു രാജ്യങ്ങൾ സൃഷ്ടിക്കപ്പെടും എന്നതാണ്.
നേരത്തേ സോവിയറ്റ് യൂണിയൻ ശിഥിലമായപ്പോൾ രൂപം കൊണ്ട് പല രാജ്യങ്ങളിലുംസോവിയറ്റ് ആണവായുധ ശേഖരങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ, അന്ന് അതൊക്കെ റഷ്യക്ക് കൈമാറണം എന്നൊരു കരാർ ഉണ്ടാക്കിയിരുന്നു. ലോകത്തിൽ ആണവായുധങ്ങൾ ഉള്ള രാജ്യങ്ങളുടെ എണ്ണം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ അന്ന് ലോക രാജ്യങ്ങളും ആ നീക്കത്തെ പിന്തുണച്ചു.
എന്നാൽ, ഇന്ന് റഷ്യ ശിഥിലമാവുകയാണെങ്കിൽ അത്തരമൊരു കരാറിന് സാധ്യതയില്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഫലമോ, ആണവശേഷിയുള്ള ചെറു രാജ്യങ്ങളുടെ പിറവിയും. റഷ്യ ചിന്നിച്ചിതറും എന്ന വാദത്തിന് ബലമേകാൻ ഗോബിൾ, റഷ്യൻ ചരിത്രവും ഓർമ്മിപ്പിക്കുന്നുണ്ട്. തികച്ചും നാടകീയമായ മാറ്റങ്ങൾ സംഭവിക്കുന്നതാണ് റഷ്യൻ ചരിത്രം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
1916- ൽ റഷ്യൻ സൈന്യം ഒന്നാം ലോക മഹായുദ്ധത്തിൽ അതിശകതമായി പോരാടി. അത്രയും ശക്തമായ സൈന്യത്തിന്റെ പിൻബലത്തിൽ സാർ ചക്രവർത്തിയുടെ സ്ഥാനം തികച്ചും സുരക്ഷിതമാണെന്നായിരുന്നു ഏവരും കരുതിയത്. എന്നാൽ,കേവലം ഒരു വർഷം കഴിഞ്ഞപ്പോൾ ചക്രവർത്തി സ്ഥാന ഭ്രഷ്ടനാക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു, അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അതുപോലെ 1991-ൽ ഭീഷണികൾ ഒന്നുമില്ലാതെ തികച്ചും ശാന്തമായിരിക്കുന്ന സാഹചര്യത്തിലായിരുന്നു സോവ്യറ്റ് യൂണിയൻ പെട്ടെന്ന് വെട്ടിമുറിക്കപ്പെട്ടതെന്നും ഗോബിൾ ഓർമ്മിപ്പിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ