ന്യൂയോർക്ക്: പ്രസിഡണ്ട് സ്ഥാനത്ത് ഒരു രണ്ടാമൂഴത്തിനായി അരയും തലയും മുറുക്കി രംഗത്തെത്തിയ മുൻ അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. ലൈംഗിക കഥകൾ പുറത്ത് പറയാതിരിക്കാൻ യുവതിക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ നേരത്തെ അറസ്റ്റിലായ ട്രംപ് ഇപ്പോൾ മറ്റൊരു ലൈംഗിക പീഡന കേസിൽ കൂടി പ്രതിയായിരിക്കുന്നു. 1990 കളിൽ മാൻഹാട്ടനിലെ ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോരിൽ വെച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന പരാതിയിൽ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു.

എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ഇ. ജീൻ കരോൾ നൽകിയ പരാതിയിൽ 5 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചത്. എന്നാൽ, ട്രംപിനെതിരെ ബലാത്സംഗ കുറ്റം നിലനിൽക്കില്ല എന്ന് വിധിച്ച കോടതി ബലാത്സംഗ കുറ്റത്തിന് ശിക്ഷിച്ചില്ല. ട്രംപ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന് കരോളിന് തെളിയിക്കാൻ ആയതായി പറഞ്ഞ ജ്യുറി പക്ഷെ ബലാത്സംഗം തെളിയിക്കാൻ ആയില്ലെന്നും പറഞ്ഞു.

കരോളിന്റെ പരാതി വ്യാജമാണെന്നും, പണം തട്ടാനുള്ള വഴിയാണെന്നും ട്രംപ് പറയുകയും അങ്ങനെ അപമാനിക്കുകയും ചെയ്തു എന്നൊരു പരാതിയും അവർ നൽകിയിരുന്നു. മൂന്ന് മണിക്കൂറോളം മാത്രം വാദം കേട്ട കോടതി ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന കേസിൽ 2 ദശലക്ഷം ഡോളറും മാനനഷ്ടക്കേസിൽ 3 ദശലക്ഷം ഡോളറും നൽകാനാണ് ട്രംപിനോട് ആവശ്യപ്പെട്ടത്. തന്റെ പേരിലെ കളങ്കം മാറ്റാനും, പഴയ ജീവിതത്തിലേക്ക് തിരികെ പോകാനുമായിരുന്നു ഈ കേസ് എന്നാണ് വിധിക്ക് ശേഷം 79 കാരിയായ് കോളിൻ പറഞ്ഞത്.

അതേസമയം, കേസ് വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച, കരോളിന്റെ അഭിഭാഷക റോബെർട്ട കപ്ലാൻ പറഞ്ഞത്, ആരും നിയമത്തിന് അതീതരല്ല എന്ന് ഈ വിധി തെളിയിക്കുന്നു എന്നാണ്. മുൻ പ്രസിഡണ്ട് ആയാലും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടുമെന്ന് ഇത് തെളിയിച്ചു എന്നും അവർ പറഞ്ഞു. എന്നാൽ, കരോളിന്റെ അവകാശവാദങ്ങളെ തുടർച്ചയായി തള്ളിപ്പറഞ്ഞിരുന്ന ട്രംപ്, വിധിക്ക് ശേഷം തന്റെ സ്വന്തം സമൂഹമാധ്യം പ്ലാർഫോമിൽ എത്തി വിധിക്കെതിരെ ആഞ്ഞടിച്ചു.

''ആ സ്ത്രീ ആരാണെന്ന് പോലും എനിക്കറിയില്ല. ഈ വിധി തീർത്തും അപമാനകരമാണ് എക്കാലത്തെയും വലിയ നരനായാട്ടിന്റെ തുടർച്ച'' എന്നായിരുന്നു ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇത് രാഷ്ട്രീയ പ്രേരിതമായ ഒരു കേസാണെന്നും, ട്രംപിന്റെ വർദ്ധിച്ചു വരുന്ന ജനപ്രീതിയിൽ ആശങ്കാകുലരായ എതിരാളികളുടെ കുത്സിത പ്രവൃത്തികളാണിതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണ സംഘത്തിന്റെ വക്താവ് ആരോപിച്ചത്

അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു മുൻ പ്രസിഡണ്ട് ലൈംഗിക കുറ്റഥ്റ്റിന് ശിക്ഷിക്കപ്പെടുന്നത്. ഈ കേസിൽ അപ്പീലിന് പോകുമെന്ന് ട്രംപിന്റെ വക്താവ് പറഞ്ഞു. അതേസമയം, വിധിയെ ഗൗരവകരമായി കാണണമെന്നും ഇത് ഡൊണാൾഡ് ട്രംപിന്റെ സ്വഭാവത്തിനുള്ള ഒരു സാക്ഷ്യപത്രമാണെന്നുമായിരുന്നു റിപ്പബ്ലിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥി പദത്തിലേക്ക് ട്രംപിന്റെ എതിരാളിയാന ആസാ ഹച്ചിൻസൺ പറഞ്ഞത്.

ട്രംപിന്റെ ഫിഫ്ത്ത് അവന്യൂ വീടിന് സമീപമുള്ള ബെർഗ്ഡോർഫ് ഗുഡ്മാൻ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെ ഡ്രസ്സിങ് റൂമിൽ വെച്ച് 1995 ലോ 1996 ലോ ട്രംപ് തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു കരോളിന്റെ പരാതി. 2019-ൽ തന്റെ ഒരു പുസ്തകത്തിലൂടെയായിരുന്നു അവർ ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത്. 1980 കളിൽ ഒരിക്കൽ ട്രംപുമായി പരിചയപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് ഡിപ്പാർട്ട്മെന്റ് സ്റ്റോറിന്റെ പ്രവേശന കവാടത്തിൽ വെച്ച് അദ്ദേഹത്തെ കണ്ടപ്പോൾ പരിചയം പുതുക്കിയതെന്നും കരോൾ പറയുന്നു. അന്ന് എല്ലെ ബാഗസിന്റെ അഡ്വൈസർ കോളമിസ്റ്റായിരുന്നു കരോൾ.

തന്റെ ഒരു സ്ത്രീ സുഹൃത്തിനു വേണ്ടി ചിലത് വാങ്ങാനാണ് എത്തിയതെന്ന് പറഞ്ഞ ട്രംപ് കൊച്ചു കൊച്ചു തമാശകൾ പറഞ്ഞും മറ്റും തന്റെ കൂടെ നടന്നു എന്നും അവർ പറയുന്നു. ശരിക്കും താൻ ആ തമാശകളും സരസ സംഭാഷണവും ആസ്വദിച്ച് ട്രംപിനൊപ്പം നടന്നു എന്നും അവസാനാം ആറാാം നിലയിലുള്ള സ്ത്രീകളുടെ അടിവസ്ത്രം വിൽക്കുന്ന സെക്ഷനിൽ എത്തിയെന്നും അവർ പറഞ്ഞു.

അടിവസ്ത്രങ്ങളെ കുറിച്ചൊക്കെ തമാശകൾ പറഞ്ഞ് താനറിയാതെ തന്നെ ഡ്രസ്സിങ് റൂമിൽ കയറ്റി എന്നും, അതിൽ കയറിയ ഉടനെ ട്രംപ് കതകടച്ച് തന്നെ ബലാത്സംഗം ചെയ്തു എന്നുമായിരുന്നു പരാതി. സംഭവത്തിനു ശേഷം താൻ, തന്റെ സുഹൃത്തും എഴുത്തുകാരിയുമായ ലിസ ബ്രിൻബാച്ചിനെ വിളിച്ചു കാര്യം പറഞ്ഞെന്നും, പൊലീസ് അറിയിക്കാനാണ് അവർ നിർദ്ദേശിച്ചതെന്നും കരോൾ പറഞ്ഞു. എന്നാൽ, തന്റെ മണ്ടത്തരമാണ് ഈ സംഭവത്തിന് കാരണമായത് എന്ന തോന്നൽ ഉണ്ടായ്തിനാൽ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

മാത്രമല്ല, കരോൾ മാർട്ടിൻ എന്ന മറ്റൊരു സുഹൃത്ത് പൊലീസിൽ പരാതി നൽകരുത് എന്നും പറഞ്ഞു.പൊലീസും ട്രംപിന്റെ അഭിഭാഷകരും കൂടി ചോദ്യങ്ങൾ ചോദിച്ച് തൊലിയുരിയും എന്നായിരുന്നു അതിന് കാരണമായി ആ സുഹൃത്ത് പറഞ്ഞത്. ഈ രണ്ട് സുഹൃത്തുക്കളും കോടതിയിൽ എത്തി ഇക്കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.