- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്കോലും കിരീടവും അംഗവേഷവും ധരിച്ച് ചാൾസ് രാജാവ് സിംഹാസനത്തിൽ; തൊട്ടടുത്ത് രാജകുമാരന്മാരുടെ വേഷത്തിൽ മകൻ വില്യമും കൊച്ചുമകൻ ജോർജും; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രതീകമായി പുതിയ പോർട്രെയ്റ്റ് ഫോട്ടോ
എലിസബത്ത് രാജ്ഞിയുടെ മരണശേഷംഉടനെ തന്നെ നിയന്മപരമായി ചാൾസ് രാജാവായി മാറിയിരുന്നു. മെയ് 6 ന് കിരീടധാരണ ചടങ്ങുകൾ കൂടി കഴിഞ്ഞതോടെ, ഔപചാരികതകളും പൂർത്തിയായി. ഇനി എല്ലാ അർത്ഥത്തിലും ചാൾസ് മൂന്നാമൻ ബ്രിട്ടീഷ് രാജാവ് തന്നെ. ഈ ശുഭ മുഹൂർത്തത്തിൽ രാജകുടുംബത്തിന്റെ അധികാരത്തിന്റെ പ്രതീകമായ ഒരു ഫോട്ടോ പുറത്തിറക്കിയിരിക്കുകയാണ് കൊട്ടാരം.
കിരീടവും ചെങ്കോലുമണിഞ്ഞ്, രാജാവിനൊത്ത പ്രൗഢിയോടെ സിംഹാസനത്തിലിരിക്കുന്ന ചാൾസ് മൂന്നാമൻ രാജാവിന്റെ ചിത്രമാണത്. കൂടെ, ഭാവിയിലെ രാജ്യാവകാശികളായ വില്യമും മകൻ ജോർജ്ജും. വർത്തമാനകാലത്തിനൊപ്പം, ഇനിയുമേറെ പതിറ്റാണ്ടുകളിലെരാജകുടുംബത്തിന്റെ ഭാവി കൂടിയാണ് ഈ ചിത്രത്തിലൂടെ പ്രതീകവത്ക്കരിക്കപ്പെട്ടിരിക്കുന്നത്. ബക്കിങ്)ഹാം കൊട്ടാരത്തിലെ സിംഹാസനം ഇരിക്കുന്ന ദർബാർ മുറിയിൽ വച്ചാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ഹ്യുഗോ ബർണാൻഡ് ആണ് ഫോട്ടോഗ്രാഫർ.
ചിത്രത്തിന്റെ ഒത്ത നടുക്കായി സിംഹാസത്തിലിരിക്കുന്ന രാജാവാണ് ഉള്ളത്.പ്രായവും,ബുദ്ധിയും അനുഭവ സമ്പത്തുമുള്ള ഒരു യഥാർത്ഥ മനുഷ്യനാണ് രാജാവ്. രാജാവിന്റെ ആ സ്വത്വം ക്യാമറയിലേക്ക് പകർത്തുവാനാണ് താൻ ശ്രമിച്ചതെന്ന് ബർണാൻഡ് പറയുന്നു. 1937-ൽ ജോർജ്ജ് ആറാമന് വേണ്ടി തീർത്തതാണ് ഈ ചിത്രത്തിൽ ചാൾസ് രാജാവ് അണിഞ്ഞിരിക്കുന്ന അംഗവസ്ത്രം. ശിരസ്സിൽ അണിഞ്ഞിരിക്കുന്നത് ഏകദേശം ഒരു കിലോയിൽ അധികം ഭാരമുള്ള ഇംപീരിയൽ സ്റ്റേറ്റ് ക്രൗണും.
സ്വർണം കൊണ്ട് നിർമ്മിച്ച ഈ കിരീടത്തിൽ 2,868 രത്നങ്ങൾ പതിച്ചിട്ടുണ്ട്. എന്നാൽ, ഇതിന്റെ ഏറ്റവും വലിയ ആകർഷണം ഇതിൽ പതിപ്പിച്ചിരിക്കുന്ന ബ്ലാക്ക് പ്രൈം റൂബി എന്ന വൈരക്കല്ലാണ്.14-ാം നൂറ്റാണ്ട് മുതൽ തന്നെ ഈ വൈരക്കല്ല് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കൈവശമുണ്ട്. ആഗിൻകോർട്ട് യുദ്ധ സമയത്ത് ജോർജ്ജ് അഞ്ചാമൻ തന്റെ കിരീടത്തിൽ ഇത് ധരിച്ചിരുന്നു.
വലതു കൈയിൽ രാജാവ് പിടിച്ചിരിക്കുന്നതാണ് അധികാരത്തിന്റെ ചിഹ്നമായ ചെങ്കോൾ. 1661-ൽ ചാൾസ് രണ്ടാമന്റെ കാലത്താണ് ഇത് പണികഴിപ്പിച്ചത്. അതിനു ശേഷം ഇതിന്റെ രൂപത്തിലും ഘടനയിലും നിർവധി മാറ്റങ്ങൾ വന്നിട്ടുണ്ട്. കള്ളിനാൻ 1 രത്നം അതിൽ പിന്നീട് പിടിപ്പിച്ചതാണ്. ഇടതു കൈയിൽ ഇരിക്കുന്നത് ഭൂമിയെ സൂചിപ്പിക്കുന്ന ഗോളക. ഒൻപത് എമറാൾഡ് കല്ലുകളും 18 റൂബ്ബി, 9 സഫയർ, 365 ഡയമണ്ട്, 375 മുത്തുകൾ, ഒരു അമേതിസ്റ്റ് സ്റ്റോൺ എന്നിവയും ഇതിൽ പിടിപ്പിച്ചിട്ടുണ്ട്.
അവർ ഇരിക്കുന്ന സിംഹാസനം പക്ഷെ താരതമ്യേന പുതിയതാണ് 1902 ൽ ആയിരുന്നു ഇത് പണികഴിപ്പിച്ചത്. സിംഹാസനത്തിൽ വലത് ഭാഗത്ത് തന്റെ മൂത്ത മകനും ഇടതു ഭാഗത്ത് മൂത്ത് ചെറുമകനും ആയി ഇരുന്നാണ് രാജാവ് ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. വെൽഷ് ഗാർഡുമാരുടെ ആചാരവേഷത്തിലായിരുന്നു വെയ്ൽസ് രാജകുമാരനായ വില്യം എത്തിയത്.
ഇതോടൊപ്പം പുറത്തിറക്കിയ മറ്റൊരു ചിത്രത്തിൽ രാജാവും രാജ്ഞിയും ഏറ്റവും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പംനിൽക്കുന്നതാണ്. കിരീട ധാരണ സമയത്ത് രാജാവിനെയും രാജ്ഞിയേയും സഹായിച്ച പേജസ് ഓഫ് ഓണർ, ലേഡീസ് ഇൻ അറ്റൻഡൻസ് തുടങ്ങിയ കടമകൾ നിർവഹിച്ചവരായിരുന്നു ഇവർ.
മറുനാടന് മലയാളി ബ്യൂറോ