ന്യൂഡൽഹി: ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്‌സ് കോർപറേഷൻ(എഫ്ഐപിഐസി) ഉച്ചകോടിയിൽ പങ്കെടുക്കാനായി പസഫിക് ദ്വീപ് രാജ്യമായ പാപുവ ന്യൂഗിനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് സമാനതകളില്ലാത്ത വരവേൽപ്പ്. ദ്വീപ് രാഷ്ട്രം സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

വിമാനമിറങ്ങിയ നരേന്ദ്ര മോദി, പാപുവ ന്യൂഗിനിയുടെ പ്രധാനമന്ത്രി ജെയിംസ് മറാപ്പെയെ കെട്ടിപ്പിടിച്ചു. കൈകോർത്ത് സംസാരിക്കുന്നതിനിടെ ജെയിംസ് മോദിയുടെ കാൽതൊട്ട് വന്ദിച്ചു. ഉടൻ മോദി അദ്ദേഹത്തെ പിടിച്ച് എഴുന്നേൽപ്പിക്കുകയും വാരിപ്പുണരുകയും ചെയ്തു. അങ്ങനെ അത്യന്തം നാടകീയമായിരുന്നു വിമാനത്താവളത്തിലെ സ്വീകരണം. സാധാരണ സൂര്യാസ്തമയത്തിനു ശേഷം രാജ്യം സന്ദർശിക്കുന്ന ഒരു നേതാവിനും ആചാരപരമായ വരവേൽപ്പ് പാപുവ ന്യൂഗിനി നൽകാറില്ല. എന്നാൽ മോദിയുടെ വരവിൽ എല്ലാ ആചാരങ്ങളെയും രാജ്യം മാറ്റിവച്ചു. പ്രാദേശിക സമയം രാത്രി 10ന് ശേഷമാണ് മോദി രാജ്യത്ത് എത്തിയത്.

ആഗോള നേതാവായി മോദി ഉയരുന്നതിന്റെ നേർചിത്രമാണ് പാപുവ ന്യൂഗിനിയിലും കണ്ടത്. മോദിയുടെ ജനപ്രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തു വന്നിരുന്നു. ക്വാഡ് യോഗത്തിനിടെയാണ് മോദിയുടെ ജനപ്രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് പരാമർശം. പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം സ്വീകരിച്ച് മോദി അടുത്ത മാസം യുഎസും സന്ദർശിക്കാനിരിക്കുകയാണ്. അതിൽ മോദിയുടെ പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവരുടെ ബാഹുല്യം ചൂണ്ടിക്കാട്ടിയാണ് ബൈഡൻ പ്രധാനമന്ത്രിയെ പുകഴ്‌ത്തിയത്.

ഞാനും താങ്കളുടെ ഓട്ടോഗ്രാഫ് ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. ജൂൺ 22 നാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം ആരംഭിക്കുന്നത്.'മിസ്റ്റർ പ്രൈം മിനിസ്റ്റർ, എല്ലാ മേഖലയിലും താങ്കൾ ശ്രദ്ധേയമായ രീതിയിൽ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ക്വാഡിനു വേണ്ടിയുള്ള സേവനങ്ങളും അക്കൂട്ടത്തിലുണ്ട്. കാലാവസ്ഥാ രംഗത്തും നിർണായക സംഭാവനകൾ നൽകുന്നു. ഇന്തോ പസിഫിക് മേഖലയിലും സ്വാധീനം ചെലുത്തുന്നു. വലിയ വ്യത്യാസമാണ് താങ്കൾ സൃഷ്ടിക്കുന്നത്'ബൈഡൻ ചൂണ്ടിക്കാട്ടി. പിന്നാലെ പാപുവ ന്യൂഗിനിയിലും മോദി താരമായി.

തന്നെ വരവേൽക്കാൻ എത്തിയ ജെയിംസ് മാറാപ്പെയ്ക്ക് നന്ദിയുണ്ടെന്നും താനിതെന്നും ഓർക്കുമെന്നും മോദി ട്വിറ്ററിൽ കുറിച്ചു. പാപുവ ന്യൂഗിനിയ്‌ക്കൊപ്പം ഇന്ത്യ ഊഷ്മള ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 19 തോക്കുകളുടെ സല്യൂട്ട്, ഗാർഡ് ഓഫ് ഓണർ, ആചാരപരമായ സ്വീകരണം എന്നിവ ഇന്ത്യൻ പ്രധാനമന്ത്രിക്ക് നൽകിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യയും പസഫിക് ദ്വീപ് രാജ്യവും ശക്തമായ ബന്ധം തുടരും, കോവിഡ് സമയത്ത് 2021 ൽ ഇന്ത്യയിൽ നിന്നും പാപുവ ന്യൂഗിനിയിലേക്ക് വാക്‌സീൻ കയറ്റുമതി ചെയ്തിരുന്നു.

ജപ്പാൻ, പാപുവ ന്യൂ ഗിനിയ, ഓസ്‌ട്രേലിയ ത്രിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം പാദത്തിലാണ് മോദി പാപുവ ന്യൂ ഗിനിയയിൽ എത്തിയത്. ഹിരോഷിമയിൽ ജി 07 ഉച്ചകോടിക്ക് ശേഷമാണ് മോദി പാപുവ ന്യൂ ഗിനിയയിലേക്ക് പുറപ്പെട്ടത്. ഇന്ത്യ-പസഫിക് ദ്വീപുകൾ സഹകരണ വേദി (എഫ്ഐപിഐസി) മൂന്നാം ഉച്ചകോടിയിൽ മോദി പങ്കെടുക്കും. മോദിയും പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെയുമായി സംയുക്തമായി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. 2014 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിജി സന്ദർശന വേളയിലാണ് ഇന്ത്യ-പസഫിക് ദ്വീപുകൾ സഹകരണ വേദി ആരംഭിച്ചത്.

ഇന്ത്യ-പസഫിക് ദ്വീപുകൾ സഹകരണ വേദിയിൽ ഇന്ത്യയും പതിനാലു പസഫിക് ദ്വീപ് രാജ്യങ്ങളും ഉൾപ്പെടുന്നു. ഫിജി, പാപുവ ന്യൂ ഗിനിയ, ടോംഗ, തുവാലു, കിരിബാത്തി, സമോവ, വനുവാട്ടു, നിയു, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ, റിപ്പബ്ലിക് ഓഫ് മാർഷൽ ദ്വീപുകൾ, കുക്ക് ദ്വീപുകൾ, പലാവു, നൗറു, സോളമൻ ദ്വീപുകൾ എന്നിവയാണവ.