- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രെയിന് ആയുധ സഹായം നൽകുന്നത് നിർത്തലാക്കണമെന്ന് ബ്രിട്ടീഷ് അദ്ധ്യാപക യൂണിയൻ; പ്രതിഷേധിച്ച് അംഗങ്ങൾ യൂണിയന് പുറത്തേക്ക്; യുദ്ധ വിമാനങ്ങളിൽ യുക്രെയിൻ പൈലറ്റുമാർക്ക് പരിശീലനം നൽകുന്നത് തീക്കളി എന്ന് റഷ്യ; ബ്രിട്ടന് റഷ്യയുടെ മുന്നറിയിപ്പ്; യുക്രയിനെ യുകെ സഹായിക്കുമ്പോൾ
ലണ്ടൻ: യൂണിവേഴ്സിറ്റി ആൻഡ് കോളേജസ് യൂണിയന്റെ വാർഷിക പൊതുയോഗം വിവാദങ്ങൾ കൊണ്ട് ശ്രദ്ധേയമാവുകയാണ്. വേതനവർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചതിനു പുറമെ ഇസ്രയേലിനെ ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കുകയും ചെയ്തു. എന്നാൽ, ഏറെ വിവാദമായത് യുക്രെയിനിന് നൽകുന്ന ആയുധ സഹായങ്ങൾ നിർത്തണം എന്ന തീരുമാനമാണ്.
റഷ്യ, യുക്രെയിൻ വിട്ടുപോകണം എന്ന് ആവശ്യപ്പെടുമ്പോഴും, യുക്രെയിനിന് ആയുധസഹായം നിർത്തലാക്കണമെന്ന് ആവശ്യപ്പെടുകയാണ് ബുദ്ധിജീവികൾ എന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ ചെയ്യുന്നത്, റഷ്യയ്ക്ക് യുക്രെയിനെ എളുപ്പം കീഴടക്കാൻ സഹായകമാവും എന്ന് മാത്രമല്ല, തത്വത്തിൽ നാറ്റോയുടെ വിപുലീകരണം മരവിപ്പിക്കുന്ന ഒന്നുകൂടെയാകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ഓക്സ്ഫോർഡ് ബ്രൂക്ക്സിലെ പൊളിടിക്സ് വിഭാഗം റീഡറും യൂണിയൻ അംഗവുമായ ഡോ. സാറാ വൈറ്റ്മോർ പറയുന്നത് താൻ യൂണിയനെ ഓർത്ത് ലജ്ജിക്കുന്നു എന്നാണ്. യൂണിയൻ അംഗീകരിച്ച പ്രമേയം അങ്ങേയറ്റം അപലപനീയമാണെന്ന് പറഞ്ഞ അവർ, യുക്രെയിനെ കുറിച്ച് ഒരു ധാരണയും ഇല്ലാത്തവർക്ക് മാത്രമെ ഇത്തരമൊരു പ്രമേയത്തെ പിന്തുണക്കാൻ കഴിയൂ എന്നും പറഞ്ഞു.
അതേസമയം, കാമ്പെയിൻ ഫോർ റിയൽ ഏഡ്യുക്കേഷൻ ചെയർമാൻ ക്രിസ് മെക് ഗവേൻ പറഞ്ഞത് സിംഹങ്ങളെ കഴുതകൾ നയിക്കുന്ന ഒരു പ്രസ്ഥാനമായി യൂണിയൻ എന്നാണ്. യുക്രെയിൻകാർക്ക് അവരുടെ ജോലി ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ നൽകുക മാത്രമെ ബ്രിട്ടൻ ചെയ്യുന്നുള്ളു. രണ്ടാം ലോകമഹായുദ്ധകാലത്ത് ചർച്ചിൽ അമേരിക്കയോട് ആവശ്യപ്പെട്ടതും തൊഴിലെടുക്കുന്നതിനുള്ള ഉപകരണങ്ങൾ നൽകണമെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, ഈ പ്രമേയം പരോക്ഷമായി റഷ്യൻ അധിനിവേശത്തെ അനുകൂലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യൂണിയന്റെ, യൂണിവേഴ്സിറ്റി ഓഫ് ലീഡ്സ് ശാഖയിൽ നിന്നുള്ളവർ ഈ പ്രമേയം അവതരിപ്പിക്കുന്നത് തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതേസമയം, യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡിൽ നിന്നുള്ള പ്രതിനിധി ജെസ്സ് കെന്റ് പറഞ്ഞത് അമേരിക്കൻ സാമ്രാജ്യത്വവും റഷ്യൻ സാമ്രാജ്യത്വം തമ്മിലുള്ള യുദ്ധമാണിതെന്നായിരുന്നു. അതിനെ പിന്തുണക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ സർക്കാരിനെയും എതിർക്കണമെന്നും ജെസ്സ് പറഞ്ഞു.
അതേസമയം, എഫ് -16 ഉൾപ്പടെയുള്ള ആധുനിക യുദ്ധവിമാനങ്ങളിൽ യുക്രെയിൻ പൈലറ്റുമാർക്ക് പരിശീലനം നൽകാനുള്ള ബ്രിട്ടീഷ് തീരുമാനം തീക്കളിയാണെന്ന മുന്നറിയിപ്പുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്രോവ് രംഗത്തെത്തി. അതിനു തൊട്ട് മുൻപായി കീവിൽ റഷ്യൻ വ്യോമസേനം കനത്ത ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
സംഘർഷം കൂടുതൽ ശക്തമാക്കാനെ ബ്രിട്ടന്റെയും സഖ്യകക്ഷികളുടെയും തീരുമാനം സഹായിക്കൂ എന്ന് റഷ്യൻ മാധ്യമങ്ങളോട് സംസാരിക്കവെ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. റഷ്യയെ ദുർബലപ്പെടുത്താനുള്ള അമേരിക്കൻ നയമായിട്ടാണ് എഫ്-16 കൈമാറ്റത്തെ കാണുന്നത് എന്ന് പറഞ്ഞ അദ്ദേഹം, ബ്രിട്ടൻ അതിന് കുടപിടിക്കുകയാണെന്നും പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ