കൊളറാഡോ സ്പ്രിങ്സിലെ എയർഫോഴ്സ് അക്കാഡമിയിൽ ഇന്നലെ നടന്ന ഡിപ്ലോമ വിതരണ ചടങ്ങ് ലോകം മുഴുവൻ ചർച്ചയാകുന്നത് പക്ഷെ അമേരിക്കയുടെ മാനം കെടുത്തുകയാണ്. ചടങ്ങിൽ ഉദ്ഘാടന പ്രസംഗം കഴിഞ്ഞതിനു ശേഷം അവസാന ഡിപ്ലൊമയും വിതരണം ചെയ്ത് തിരിഞ്ഞപ്പോൾ അമേരിക്കൻ പ്രസിഡണ്ട് വീണതാണ് ഇപ്പോൾ ലോക മാധ്യമങ്ങൾ ആഘോഷിക്കുന്നത്. കാര്യമായ പരിക്കുകൾ ഒന്നും ബൈഡന് പറ്റിയില്ല. എയർഫോഴ്സ് ഉദ്യോഗസ്ഥരും സീക്രറ്റ് സർവീസ് ഉദ്യോഗസ്ഥരും പിന്നീട് അദ്ദേഹത്തെ താങ്ങി എഴുന്നേൽപിക്കുകയായിരുന്നു.

അമേരിക്കൻ സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രസിഡണ്ടായ ജോ ബൈഡൻ പിന്നീട് ഏതാനും നിമിഷങ്ങൾ കൂടി, പരിപാടി തീരുന്നത് വരെ സ്റ്റേജിൽ തുടർന്നു. അദ്ദേഹം പരിപൂർണ്ണ ആരോഗ്യവാനാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. പൊതുവേദികളിൽ ഇത് ബൈഡന്റെ ആദ്യ വീഴ്‌ച്ചയല്ല എന്നതാണ് ഇതിന് കൂടുതൽ വാർത്താമൂല്യം നൽകുന്നത്. വീഴ്‌ച്ച പതിവാക്കിയ പ്രസിഡണ്ട് എന്നും ചിലർ അദ്ദേഹത്തെ പരാമർശിക്കുന്നുണ്ട്.

കഴിഞ്ഞ വേനൽക്കാലത്ത് തന്റെ ഡെലാവെയറിൽ ഉള്ള, തന്റെ കടൽത്തീര വസതിക്ക് സമീപത്തെ കെയ്പ് ഹെൻലോപെൻ സ്റ്റേറ്റ് പാർക്കിൽ സൈക്കിൾ സവാരി നടത്തുന്നതിനിടെ ബൈഡൻ വീണത് വാർത്ത ആയിരുന്നു. അതുപോലെ 2020 ൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം, എന്നാൽ, പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുൻപായി അദ്ദേഹം വീണ് കാലുകളിലെ ചെടിയ ഒടിവ് സംഭവിച്ചിരുന്നു. ആഴ്‌ച്ചകളോളം വാക്കിങ് ബൂട്ടിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹം നടന്നിരുന്നത്.

ഒരു പ്രസിഡണ്ട് ആകുന്നതിനുള്ള ആരോഗ്യം ബൈഡനില്ല എന്ന് എക്കാലവും ആരോപിച്ചിരുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇപ്പോൾ പുതിയൊരു അവസരവും കൂടി വീണുകിട്ടിയിരിക്കുകയാണ്, ആരോപണത്തിന് കൂടുതൽ ശക്തി പകരാൻ. ''അദ്ദേഹം വീണോ? പരിക്കൊന്നും പറ്റിയില്ലല്ലോ?'' എന്നായിരുന്നു ഈ വാർത്ത അറിഞ്ഞ മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ആദ്യ പ്രതികരണം. ഐയവയിൽ ഒരു പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഡൊണാൾഡ് ട്രംപ്.

2020-ൽ വെസ്റ്റ് പോയിന്റിലെ യു എസ് മിലിറ്ററി അക്കാദമിയിൽ ഡിപ്ലൊമവിതരണത്തിനു പോയ താൻ അന്ന്, ചരിഞ്ഞ പ്രതലത്തിലൂടെ കൂടുതൽ ശ്രദ്ധിച്ചു നടന്നതിന് ഏറ്റുവാങ്ങേണ്ടി വന്ന വിമർശനങ്ങളെയും ട്രംപ് പരാമർശിച്ചു. ആരോഗ്യ പ്രശ്നമായിട്ടായിരുന്നു അന്ന് വിമർശകർ അതിനെ വിശേഷിപ്പിച്ചത്.

ഏതായാലും 76 കാരനായ ട്രംപും ആരോഗ്യപരമായി അത്ര നല്ല നിലയിലല്ല എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐയവയിലെ പൊതുപരിപാടിക്കിടെ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ അദ്ദേഹം പാടുപെട്ടെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു.