ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനും രാജ്യം വിടണമെന്ന് നിർദ്ദേശിച്ച് ചൈന. ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ നടപടി. ഇതോടെ ചൈനയിലെ ഇന്ത്യയുടെ മാധ്യമ സാന്നിധ്യം അവസാനിക്കുകയാണ്. ഏഷ്യയിലെ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും തമ്മിലുള്ള അസ്വസ്ഥത വർധിപ്പിക്കുന്നതാണു നടപടിയെന്നാണു വിലയിരുത്തൽ.

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോർട്ടറോടാണ് രാജ്യം വിടണമെന്നു ചൈനീസ് അധികൃതർ ആവശ്യപ്പെട്ടതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പിടിഐ റിപ്പോർട്ടർ പോകുന്നതോടെ, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള ചൈനയിൽ ഇന്ത്യയുടെ മാധ്യമ സാന്നിധ്യം പൂർണമായും ഇല്ലാതാകും. ഈ വർഷമാദ്യം ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങളുടേതായി നാലു മാധ്യമ പ്രവർത്തകർ ചൈനയിലുണ്ടായിരുന്നു.

ഇതിൽ ഹിന്ദുസ്ഥാൻ ടൈംസ് ലേഖകൻ കഴിഞ്ഞയാഴ്ച ചൈന വിട്ടിരുന്നു. പ്രസാർ ഭാരതി, ദ ഹിന്ദു റിപ്പോർട്ടമാർക്ക് ഏപ്രിലിന് ശേഷം ചൈന വിസ പുതുക്കി നൽകിയില്ല. വിസ മരവിപ്പിച്ചെന്നും മടങ്ങിവരാനാകില്ലെന്നും അവധിയിൽ ഇന്ത്യയിലുള്ള ദ ഹിന്ദുവിന്റെ ചൈന ലേഖകൻ അനന്ത് കൃഷ്ണൻ, പ്രസാർ ഭാരതിയുടെ ബീജിങ് ആസ്ഥാനമായുള്ള ലേഖകൻ അൻഷുമാൻ മിശ്ര എന്നിവരെ ചൈനയുടെ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ചൊവ്വാഴ്ച അറിയിച്ചിരുന്നു.

എന്തുകൊണ്ടാണ് രണ്ട് ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ വിസ സസ്‌പെൻഡ് ചെയ്യാൻ ചൈന ശ്രമിച്ചതെന്ന ചോദ്യത്തിന്, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞു, ''ദീർഘകാലമായി ചൈനീസ് മാധ്യമപ്രവർത്തകർക്ക് ഇന്ത്യയിൽ അന്യായവും വിവേചനപരവുമായ പെരുമാറ്റമാണ് ലഭിക്കുന്നത്''.

2017ൽ ചൈനീസ് മാധ്യമപ്രവർത്തകർക്കുള്ള വിസ മൂന്ന് മാസത്തിൽ നിന്ന് ഒരു മാസമായി ഇന്ത്യ ചുരുക്കി. 2020ൽ ഇന്ത്യയിലേക്ക് പോകാനുള്ള ചൈനീസ് മാധ്യമപ്രവർത്തകരുടെ അപേക്ഷ അംഗീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചു, '' വക്താവ് പറഞ്ഞു.

ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് മാവോ നിങ് ഇന്ത്യവിട്ട ചൈനീസ് മാധ്യമപ്രവർത്തകൻ വിസ പുതുക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞിരുന്നു. സിൻഹുവ, ചൈനീസ് സെൻട്രൽ ടെലിവിഷൻ എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർക്ക് ഇന്ത്യ വിസ നിഷേധിച്ചതായും വാർത്തകൾ പുറത്ത് വന്നിരുന്നു.

നേരത്തെ ചൈനീസ് റിപ്പോർട്ടർമാർക്ക് തടസങ്ങളില്ലാതെ രാജ്യത്ത് പ്രവർത്തിക്കാൻ സാധിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ ചൈനയിലെ സ്ഥിതി അതല്ലെന്നും പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഗൽവാനിൽ സംഘർഷമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായത്. നേരത്തെ മാധ്യമപ്രവർത്തകർക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ചൈനയും യു.എസും തമ്മിലും തർക്കമുണ്ടായിരുന്നു. ട്രംപ് ഭരണകൂടമാണ് ചൈനീസ് മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയത്. പിന്നാലെ അമേരിക്കൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ ബെയ്ജിങ്ങും നീക്കങ്ങൾ തുടങ്ങി.

നയതന്ത്രബന്ധം വഷളായതിന് പിന്നാലെ 2020 ൽ രണ്ട് ഓസ്ട്രേലിയൻ മാധ്യമ പ്രവർത്തകർക്ക് ചൈന വിടേണ്ടിവന്നിരുന്നു. രാജ്യംവിടാനൊരുങ്ങിയ ഇവരെ ചൈന ആദ്യം പോകാൻ അനുവദിച്ചിരുന്നില്ല. അഞ്ചു ദിവസം തടഞ്ഞുവച്ചു. നയതന്ത്ര ഇടപെടലിനെത്തുടർന്നാണ് അവർക്ക് ഓസ്ട്രേലിയയിലേക്ക് പോകാൻ കഴിഞ്ഞത്. പിന്നാലെ ഓസ്ട്രേലിയയും ചൈനീസ് മാധ്യമ പ്രവർത്തകർക്കെതിരെ നടപടികൾ സ്വീകരിച്ചു തുടങ്ങിയതോടെ ചൈന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.