ന്യുയോർക്ക്: കേസ് മുറുകും എന്നതിനാലാകും, ഡൊണാൾഡ് ട്രംപ് ഏറെ മര്യാദക്കാരനായി മാറിയിരിക്കുന്നു. മിയാമിയിലെ ഫെഡറൽ കോടതിയിൽ വിചാരണവേളയിൽ എത്തിയ ട്രംപ്, തന്റെ അഭിഭാഷകനടുത്ത് അനങ്ങാതെയിരുന്ന് കോടതി നടപടികളിൽ പങ്കുകൊണ്ടു. ക്ലാസിഫൈ ചെയ്ത രേഖകൾ തെറ്റായ രീതിയിൽ കൈകാര്യം ചെയ്തു എന്ന കുറ്റത്തിനാണ് മുൻ അമേരിക്കൻ പ്രസിഡണ്ട് വിചാരണ നേരിടുന്നത്. ഇതോടെ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് കോടതിയിലെത്തിയ ആദ്യ മുൻ അമേരിക്കൻ പ്രസിഡണ്ട് എന്ന ബഹുമതിയും ട്രംപിനായി.

കോടതി മുറിക്കുള്ളിൽ ക്യാമറ വിലക്കിയിരുന്നെങ്കിലും, തന്റെ അഭിഭാഷകർക്കും സഹ കുറ്റവാളി വാൾട്ട് നൗടക്കും ഒപ്പം കോടതിയിൽ നിൽക്കുന്ന ട്രംപിന്റെ ചില ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. മറ്റൊന്നിൽ അദ്ദേഹം കോടതി മുറിക്ക് അകത്തിരിക്കുന്നതും കാണാം. മറ്റൊരു സ്‌കെച്ചിൽ മുൻ പ്രസിഡണ്ട് കോടതിക്കകത്ത് ജഡ്ജിയെ ഉറ്റുനോക്കി നിൽക്കുന്നതും ഉണ്ട്. കേസ് വിചാരണയിലുടനീളം ട്രംപ് കൈകൾ കെട്ടി നിൽക്കുകയായിരുന്നു എന്നാണ് കോടതി മുറിക്കുള്ളിൽ ഉണ്ടായിരുന്ന റിപ്പോർട്ടർമാർ പറഞ്ഞത്.

മുപ്പത്തേഴോളം കൗണ്ടുകൾ ചാർജ്ജ് ചെയ്യപ്പെട്ട ട്രംപ് കോടതിയിൽ അതെല്ലാം നിഷേധിച്ചു. 20 മിനിറ്റോളം നീണ്ട എതിർകക്ഷികളുടെ വാദത്തിനു ശേഷം കോടതി ട്രംപിനെ പോകാൻ അനുവദിച്ചു. ബോണ്ടുകൾ ഒന്നും ആവശ്യപ്പെട്ടില്ലെങ്കിലും സാക്ഷികളോടും സഹ പ്രതിയായ നൗട്ടയോടും കേസ് സംബന്ധിച്ച സംസാരങ്ങൾ പാടില്ലെന്ന് കോടതിനിർദ്ദേശിച്ചു. യാത്ര ചെയ്യുന്നതിനും വിലക്കുകളൊന്നും കോടതി ഏർപ്പെടുത്തിയിട്ടില്ല.

പതിവിന് വിപരീതമായി കോടതിനടപടികൾ ട്രംപ് തികഞ്ഞ നിശബ്ദത പുലർത്തുകയായിരുന്നു. ഇടയ്ക്ക് ഒരു തവണ തന്റെ അഭിഭാഷകന്റെ ചെവിയിൽ എന്തോ മന്ത്രിച്ചതൊഴിച്ചാൽ, ട്രംപ് ആരുമായും സംസാരിച്ചില്ല. കൊടതി മുറിക്കുള്ളിൽ ഇരുന്നിരുന്ന സ്പെഷ്യൽ കൗൺസൽ സ്മിത്തിനെ ട്രംപ് ഗൗനിച്ചതേയില്ല. നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ ട്രംപ് സ്മിത്തിന്റെ തെമ്മാടി എന്ന് വിശേഷിപ്പിച്ചിരുന്നു.