- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ ആഴ്ച്ചയിലും ഹോട്ടലുകളിൽ നിന്നും മാറ്റിപ്പാർപ്പിക്കാൻ ആകുന്നത് കേവലം 48 അഭയാർത്ഥികളെ മാത്രം; ലക്ഷ്യം വച്ചത് പ്രതിവാരം 500 പേരെ മാറ്റിപ്പാർപ്പിക്കാൻ; അഭയാർത്ഥികളെ ചെലവ് കുറഞ്ഞ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള നീക്കം മന്ദഗതിയിലാകുന്നു; ബ്രിട്ടണിൽ പ്രതിസന്ധി

അനധികൃതമായി ചാനൽ കടന്നെത്തുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചുറച്ചാണ് ബ്രിട്ടീഷ് സർക്കാരെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നത് മന്ദഗതിയിലാണെന്ന ആക്ഷേപമുയരുന്നു. ചെലവേറിയ ഹോട്ടലുകളിൽ താമസിപ്പിച്ചിരിക്കുന്ന അഭയാർത്ഥികളെ താരതമ്യേന ചെലവ് കുറഞ്ഞ ഇടങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്ന പദ്ധതിക്കെതിരെയാണ് ഈ ആരോപണം ഉയർന്നിരിക്കുന്നത്. പ്രതിവാരം 500 പേരെ വീതം ചെലവ് കുറഞ്ഞ ഇടങ്ങളിലേക്ക് മാറ്റാൻ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയിൽ, ഇക്കഴിഞ്ഞ ഏപ്രിൽ വരെ മാറ്റാനായത് പ്രതിവാരം 48 പേരെ വീതം മാത്രമാണെന്ന കണക്കുകൾ പുറത്തു വന്നു.
സർക്കാർ ചെലവുകൾ സസൂക്ഷ്മം നിരീക്ഷിക്കുന്നവർ പുറത്തു വിട്ട ഈ കണക്കുകൾ അഭയാർത്ഥി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനുള്ള കഴിവ് ചോദ്യം ചെയ്യുകയാണ്. വരുന്ന ഡിസംബറോടെയെങ്കിലും, ബാക്കിയുള്ളവരെ കൂടി മാറ്റിപ്പാർപ്പിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും നാഷണൽ ഓഡിറ്റ് ഓഫീസ് പറയുന്നു. നിലവിൽ അഭയാർത്ഥികൾ താമസിക്കുന്ന ഹോട്ടലുകളിൽ ഒരു രാത്രിക്ക് 145 പൗണ്ട് വരെയാണ് ഈടാക്കുന്നത്. അതേസമയം, സെല്ഫ് കാറ്ററിങ് ഫ്ളാറ്റുകൾ പോലെയുള്ള താമസ സൗകര്യമാണെങ്കിൽ ഒരു രാത്രിക്ക് 14.41 പൗണ്ട് മാത്രമെ ചെലവ് വരികയുള്ളു.
നൂറുകണക്കിന് അനധികൃത അഭയാർത്ഥികളെ റുവാൻഡയിലേക്കും അതുപോലെ സുരക്ഷിതമായ മറ്റ് രാജ്യങ്ങളിലേക്കും അയയ്ക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കിയെങ്കിലും നിയമ നടപടികൾ കാരണം അത് മുടങ്ങിക്കിടക്കുകയാണെന്നും ഇന്നലെ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. നിലവിൽ വിവിധ ഹോട്ടലുകളിലായി 45,000 അഭയാർത്ഥികളെയാണ് പാർപ്പിച്ചിരിക്കുന്നത്. പ്രതിദിനം 6 മില്യൺ പൗണ്ടാണ് ഇതിനായി സർക്കാർ ഖജനാവിൽ നിന്നും ചെലവാക്കുന്നത്. വരുന്ന ഡിസംബറോടെ അഭയാർത്ഥികളെ ഹോട്ടലിൽ താമസിപ്പിക്കുന്നത് അവസാനിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നതെങ്കിലും കാര്യങ്ങൾ മന്ദഗതിയിൽ നീങ്ങുന്നതിനാൽ അത് നടക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.
1,73,000 അഭയാർത്ഥികളുടെ അപേക്ഷകൾ കുന്നു കൂടി കിടക്കുമ്പോഴും അതിൽ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന ഹോം ഓഫീസിലെ 1270 ജീവനക്കാരിൽ പകുതി പേർ മാത്രമാണ് ജോലി ചെയ്യുന്നത് എന്നാണ്. മറ്റുള്ളവർ പരിശീലനത്തിലോ അവധിയിലോ ആണ്. ഇതിൽ തന്നെ പൂർണ്ണമായി പരിശീലനം ലഭിച്ച്, സ്വതന്ത്രമായി ജോലി ചെയ്യുന്നവർ 140 പേർ മാത്രമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ജൂൺ 28 വരെ ലഭിച്ച അപേക്ഷകളിൽ, തീരുമാനമെടുക്കാത്ത 92,000 അപേക്ഷകളിൽ ഈ വർഷം ഡിസംബറിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന് നേരത്തെ ഋഷി പ്രഖ്യാപിച്ചിരുന്നു. തീരുമാനമെടുക്കാത്ത പഴയ അപേക്ഷകളുടെ എണ്ണം 78,954 ആയി കുറഞ്ഞെങ്കിലും, പുതിയഅഭയാർത്ഥികൾ എത്തുന്നതിനാൽ മൊത്തം അപേക്ഷകളുടെ എണ്ണത്തിൽ പ്രതിദിനം വർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ചെലവു ചുരുക്കാനുള്ള സർക്കാരിന്റെ ശ്രമവും പാളിപ്പോയതായി നാഷണൽ ഓഡിറ്റ് ഓഫീസ് പറയുന്നത്.


