- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാറ്റോയിൽ ചേരാനുള്ള സ്വീഡന്റെ മോഹം തടഞ്ഞ് തുർക്കിയും ഹംഗറിയും; ഏത് നിമിഷവും റഷ്യയുടെ ആക്രമണം ഉണ്ടായേക്കാം എന്ന പേടിയിൽ നോർഡിക് രാജ്യങ്ങൾ; യുക്രെയിനിൽ വിജയിച്ചാൽ റഷ്യ ഉന്നം വയ്ക്കുന്ന രാജ്യങ്ങളിൽ ആദ്യത്തേത് നോർവേ തന്നെ
തുർക്കിയും ഹംഗറിയും, നാറ്റോ പ്രവേശനത്തിന് വഴി മുടക്കുമ്പോൾ, റഷ്യൻ ആക്രമണം ഭയന്ന് സ്വീഡൻ തങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. യുക്രെയിൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ആക്രമണത്തിനുള്ള സാധ്യതയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സ്വീഡിഷ് പാർലമെന്റിലെ ഡിഫൻസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. മാത്രമല്ല, യുദ്ധം ആണവായുധങ്ങൾ പ്രയോഗിക്കുന്നതിലേക്ക് വരെ നീങ്ങിയേക്കാമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകുന്നു.
റഷ്യയുടെ യുക്രെയിൻ ആക്രമണത്തെ തുടർന്നായിരുന്നു സ്വീഡൻ കഴിഞ്ഞ വർഷം നാറ്റോയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചത്. അയൽരാജ്യമായ ഫിൻലാൻഡിന് നാറ്റോയിൽ ഈ വർഷം ആദ്യം പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ, തുർക്കിയും ഹംഗറിയും സ്വീഡന്റെ നാറ്റോ പ്രവേശനത്തിന് വിലങ്ങു തടിയായി ഇപ്പോഴും നിലകൊള്ളുകയാണ്. സ്വീഡനെതിരായുള്ള ഒരു ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ലെന്ന് പറഞ്ഞ കമ്മിറ്റ്, ദീർഘകാലാടിസ്ഥാനത്തിൽ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പറഞ്ഞു.
റഷ്യയുടെ യുക്രെയിൻ ആക്രമണവും ഏഷ്യയിൽ ചൈനയുടെ വർദ്ധിച്ചു വരുന്ന സ്വാധീനവും കനത്ത സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നു എന്നും കമ്മിറ്റി പറഞ്ഞു. സുരക്ഷാ വിദഗ്ദ്ധർ ഉൾപ്പെടുന്ന സർവ്വ കക്ഷി കമ്മിറ്റി പറയുന്നത് യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യ മറ്റ് രാജ്യങ്ങൾക്ക് നേരെയും തിരിഞ്ഞേക്കാം എന്നാണ്. പാശ്ചാത്യ ലോകിയവുമായി ഒരു തുറന്ന യുദ്ധത്തിനാണ് റഷ്യ തയ്യാറെടുക്കുന്നതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
ഒട്ടു മിക്ക പാശ്ചാത്യ രാജ്യങ്ങളെയും പോലെ ശീത സമരത്തിനൊടുവിൽ സ്വീഡനും പ്രതിരോധ ചെലവുകൾ കാര്യമായി വെട്ടിക്കുറച്ചിരുന്നു. എന്നാൽ, അടുത്ത കാലത്തായി അത് സാവധാനം വർദ്ധിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. 2026 ആകുമ്പോഴേക്കും നാറ്റോ നിർദ്ദേശിക്കുന്ന തരത്തിൽ ജി ഡി പിയുടെ 2 ശതമാനം പ്രതിരോധത്തിനായി ചെലവഴിക്കുന്ന നിലയിലേക്കെത്താനാണ് സ്വീഡൻ ശ്രമിക്കുന്നത്.
ദീർഘകാലമായി നിഷ്പക്ഷത പാലിക്കുന്ന രാജ്യമാണെങ്കിൽ വർഷങ്ങളോളം നാറ്റോ സൈനികർക്കൊപ്പം സ്വീഡിഷ് സൈനികർ പരിശീലനം നേടിയിട്ടുണ്ട്. മാത്രമല്ല, 2022 മുതൽ സ്വീഡൻ നാറ്റോയിലെ ഒരു ക്ഷണിതാവ് കൂടിയാണ്. എന്നാൽ, ഔപചാരികാഗംത്വത്തിനുള്ള സ്വീഡന്റെ അപേക്ഷയിൽ ഇനിയും തീരുമാനമായിട്ടില്ല. ഹംഗറിയും തുർക്കിയും മാത്രമാണ് ഇക്കാര്യത്തിൽ സ്വീഡനെ അനുകൂലിക്കാത്തത്.
നാറ്റോയുടെ നിയമങ്ങൾ പ്രകാരം, ഒരു പുതിയ രാജ്യത്തെ അംഗമായി ചേർക്കണമെങ്കിൽ, നിലവിലെ മുഴുവൻ അംഗ രാഷ്ട്രങ്ങളും അതിനെ അനുകൂലിക്കണം.
മറുനാടന് മലയാളി ബ്യൂറോ