മോസ്‌കോ: മണിക്കൂറുകൾ നീണ്ട യുദ്ധസന്നാഹത്തിനൊടുവിൽ പത്തിമടക്കി സ്വകാര്യസേനയായ വാഗ്നർ ഗ്രൂപ്പ്. മോസ്‌കോയിലേക്കുള്ള മാർച്ച് നിർത്തി വയ്ക്കാൻ വാഗ്നറിന്റെ മേധാവി യെവ്ജനി പ്രിഗോസിൻ ഉത്തരവിട്ടതോടെ സംഘം യുദ്ധം ഉപേക്ഷിച്ച് മടങ്ങിയിരിക്കുകയാണ്. അയൽരാജ്യമായ ബെലാറൂസിലേക്കാണ് പ്രിഗോസിൻ മാറിയിരിക്കുന്നത്. മാത്രമല്ല, പ്രിഗോസിനെതിരെ എടുത്ത കേസുകൾ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ബെലാറസ് പ്രസിഡന്റും പുടിന്റെ സഖ്യകക്ഷിയുമായ അലക്‌സാണ്ടർ ലുക്കാഷെങ്കോ പ്രിഗോസിനുമായി നടത്തിയ അനുരഞ്ജന ചർച്ചകളെ തുടർന്നാണ് പിന്മാറ്റം. ഇന്നലെ പകൽ മുഴുവൻ നീണ്ട നിർണായക ചർച്ചയ്ക്കൊടുവിലാണ് പിന്മാറ്റ തീരുമാനം പ്രിഗോസിൻ അറിയിച്ചത്.

മോസ്‌കോ നഗരത്തിൽ പ്രവേശിച്ച് യുദ്ധത്തിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് നാടകീയമായ വാഗ്‌നർ സേനയുടെ പിന്മാറ്റം ഉണ്ടായത്. ഏതു നിമിഷവും രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം എന്ന ഭയത്തിൽ ഓരോ നിമിഷങ്ങളും തള്ളിനീക്കുന്നതിനിടെയാണ് അവിശ്വസനീയമായ തീരുമാനം കൈക്കൊണ്ടത്. ഇന്നലെ പകൽ മുഴുവൻ സൈനികർ ഔട്ട്‌പോസ്റ്റുകൾ ഒരുക്കുന്ന തിരക്കിലായിരുന്നു. മാത്രമല്ല, തെരുവുകൾ മുഴുവൻ സൈനിക വാഹനങ്ങളാൽ നിറഞ്ഞിരുന്നു. ഏകദേശം 5000 ത്തോളം വാഗ്നർ സേനാംഗങ്ങൾ മോസ്‌കോയിലേക്ക് മാർച്ച് തുടങ്ങിയ ശേഷമാണ് അതുപോലെ തിരിച്ചുമടങ്ങാൻ തീരുമാനിച്ചത്.

നേരത്തെ പിടിച്ചെടുത്ത റഷ്യൻ സൈനിക നഗരമായ റോസ്റ്റോവിൽ നിന്ന് വാഗ്നർ സേന പൂർണ്ണമായും പിൻവലിഞ്ഞിട്ടുണ്ട്. പ്രിഗോസിനടക്കം റോസ്റ്റോവിലുണ്ടായിരുന്നു. ഇവരുടെ പിന്മാറ്റത്തിന് പിന്നാല റഷ്യൻ പൊലീസ് നഗരം ഏറ്റെടുത്തിട്ടുണ്ട്. 25,000 ത്തോളം പേരാണ് വാഗ്നർ സേനയിലുള്ളത്. യുക്രെയിൻ അധിനിവേശത്തിന് ഉത്തരവിട്ടതിന് ശേഷമുള്ള ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നേരിട്ടത്. തന്റെ 25,000 സൈനികരുമായി റഷ്യയിലേക്ക് കടന്നെന്നും തെക്കൻ നഗരമായ റോസ്റ്റോവ് ഓൺ ഡോണിന്റെ നിയന്ത്രണം പിടിച്ചെടുത്തുവെന്നും വാഗ്നർ ഗ്രൂപ്പിന്റെ മേധാവി യെവ്ജനി പ്രിഗോസിൻ രാവിലെ പ്രഖ്യാപിച്ചിരുന്നു.തന്നെ പിന്നിൽ നിന്ന് കുത്തിയെന്നും, വാഗ്നർ ഗ്രൂപ്പിന്റേത് രാജ്യദ്രോഹമെന്നുമാണ് പുടിൻ വിശേഷിപ്പിച്ചത്.

തന്റെ സ്വകാര്യ സേനയിലെ ചില അംഗങ്ങളെ പുടിന്റെ സൈനികർ വകവരുത്തിയെന്നും, അതിന് പ്രതികാരം ചെയ്യുമെന്നും പ്രിഗോഷിൻ പറഞ്ഞിരുന്നു. മോസ്‌കോ ലക്ഷ്യമാക്കി വാഗ്നർ പട നീങ്ങിയതോടെ, മോസ്‌കോയിൽ പൊതുപരിപാടികൾ എല്ലാം റദ്ദാക്കിയിരുന്നു. സായുധ കലാപം അടിച്ചമർത്തുമെന്നായിരുന്നു പുടിന്റെ പ്രഖ്യാപനം. വാഗ്നർ ടെലിഗ്രാം ചാനലിൽ രാവിലെ വന്ന സന്ദേശം ഇങ്ങനെയായിരുന്നു: 'പുടിൻ തെറ്റായ വഴി തിരഞ്ഞെടുത്തു. അത് അയാൾക്ക് ദോഷകരമായി. വൈകാതെ നമുക്ക് പുതിയ പ്രസിഡന്റ് ഉണ്ടാകും.' റോസ്റ്റോവ് ഓൺ ഡോൺ നഗരത്തിലേക്ക് തന്റെ സേന കടന്നുകയറിയെന്നും നഗരത്തിന്റെ വ്യോമതാവളം തന്റെ നിയന്ത്രണത്തിലെന്നും പ്രിഗോസിൻ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ഒരുകാലത്ത് പുടിന്റെ വലംകൈയായിരുന്ന പ്രിഗോസിൻ, സൈനിക നേതൃത്വത്തിന് എതിരെ വെള്ളിയാഴ്ച രാത്രിയാണ് യുദ്ധം പ്രഖ്യാപിച്ചത്. മോസ്‌കോയിൽ നിന്നും 500 കിലോമീറ്റർ തെക്കുള്ള വോറോനെസ് നഗഷത്തിലെ സൈനിക സംവിധാനങ്ങളുടെ നിയന്ത്രണവും വാഗ്നർ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. തിരിച്ചടിക്കായി റഷ്യൻ സൈന്യവും തയ്യാറെടുത്തു. തന്റെ മേൽ രാജ്യദ്രോഹം അടിച്ചേൽപ്പിക്കുന്നത് തെറ്റെന്നും, പ്രസിഡന്റിന്റെ അഭ്യർത്ഥന പ്രകാരം ആരും കീഴടങ്ങാൻ പോകുന്നില്ലെന്നും പ്രിഗോസിൻ പ്രതികരിച്ചു. ഞങ്ങൾക്ക് അഴിമതിയും, കാപട്യവും നിറഞ്ഞ ഭരണത്തിൽ ജീവിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതൊരുസൈനിക കലാപമല്ല, നീതിക്ക് വേണ്ടിയുള്ള യുദ്ധമെന്നും വാഗ്നർ ഗ്രൂപ്പ് പറഞ്ഞിരുന്നു,

യുക്രെയിനിലെ യുദ്ധത്തിൽ റഷ്യയുടെ മുന്നേറ്റത്തിൽ വലിയ പങ്കുവഹിച്ചവരാണ് വാഗ്നർ ഗ്രൂപ്പ് എന്ന സ്വകാര്യസേന. എതിരാളികളെ വളരെ ക്രൂരമായി കൊന്നൊടുക്കുന്നതിന് കുപ്രസിദ്ധി കേട്ടവരാണ് വാഗ്നർ ഗ്രൂപ്പ്. യുക്രെയിൻ തടവുകാരെയും, കൂറുമാറിയവരെയും കൂടം കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുന്നതടക്കം ക്രൂരതകളിൽ മുഴുകുന്ന സംഘമാണ്.

അടുത്ത കാലത്തായി തങ്ങൾക്ക് ആയുധങ്ങളും, പിന്തുണയും നിഷേധിക്കുകയാണെന്ന് പ്രതിരോധ മന്ത്രി സെർഗെ ഷൊയ്ഗുവിനും, ഉന്നത ജനറൽ വലേറി ഗെരാസിമോവിനും എതിരെ പ്രിഗോസിൻ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ മാസം യുക്രെയിൻ നഗരമായ ബാക്മത്, കീഴടക്കിയത് വാഗ്നറുടെ നേതൃത്വത്തിലാണ്. 10 മാസത്തിനിടയിലെ ഏറ്റവും വലിയ സൈനിക വിജയം കൈവന്നതോടെ, പ്രതിരോധ മന്ത്രാലയത്തിന് എതിരെ പ്രിഗോസിന്ഡ തുറന്ന വിമർശനങ്ങൾ അഴിച്ചുവിട്ടു.

യുക്രെയിനിലെ രക്തരൂക്ഷിത യുദ്ധത്തിന്റെ ആവശ്യകത തന്നെ ചോദ്യം ചെയ്ത 62 കാരനായ പ്രിഗോസിൻ കഴിഞ്ഞ ആഴ്ചകളിൽ പുടിനെതിരെ രൂക്ഷമായ പരസ്യവിമർശനങ്ങളാണ് നടത്തിയത്. പ്രതിരോധ മന്ത്രാലയം ഇതുവരെ ഇവ അവഗണിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെ അത് നാടകീയമായി ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെത്തുകയായിരുന്നു.