- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഗ്നാർ ഗ്രൂപ്പിനെ തത്ക്കാലം സമാശ്വസിപ്പിച്ചെങ്കിലും പുടിൻ ഒട്ടും സുരക്ഷിതനല്ല; അതൃപ്തരായ കൊലയാളി കൂട്ടം എന്തും ചെയ്തേക്കുമെന്ന ആശങ്കയോടെ റഷ്യ; യുക്രെയിൻ യുദ്ധത്തിൽ പുടിൻ തോറ്റ് പിന്മാറേണ്ടി വരുമെന്ന സൂചനയുമായി ലോക രാജ്യങ്ങൾ
വാഗ്നാർ സൈന്യത്തെ തത്ക്കാലത്തേക്ക് പിടിച്ച് നിർത്താനായെങ്കിലും അവരുടെ മുന്നേറ്റം തുറന്ന് കാണിച്ചത് റഷ്യൻ ഭരണകൂടത്തിന്റെ ദൗർബല്യത്തെയാണ്. അതോടെ റഷ്യൻ അധികാര കേന്ദ്രങ്ങളിൽ അസ്വസ്ഥത ഉറഞ്ഞുകൂടാൻ തുടങ്ങിയതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച യുക്രെയിനിലെ ആസ്ഥാനത്തു നിന്നും റഷ്യയിലേക്ക് നീങ്ങിയ യെവ്ജെനി പ്രിഗോസിന്റെ പട്ടാളത്തിന് തെക്കൻ നഗരമായ റോസ്റ്റോവ് ഓൺ ഡോണിലെ ഒരു പ്രാദേശിക സൈനിക ക്യാമ്പ് പിടിച്ചെടുക്കാനായിരുന്നു.
പിന്നീട് മോസ്‌കോയിലേക്ക് മുന്നേറാനായിരുന്നു തീരുമാനമെങ്കിലും പെട്ടെന്ന് തന്നെ ആ നീക്കം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വാഗ്നാർ സൈന്യം യുക്രെയിനിലേക്ക് മടങ്ങുമെന്നും പ്രിഗോസിൻ അയൽരാജ്യമായ ബെലാറൂസിലേക്ക് പോകുമെന്നുമാണ് റഷ്യയുടെ ഔദ്യോഗിക മാധ്യമങ്ങൾ പറഞ്ഞത്. വാഗ്നാർ സൈന്യവുമായി നടത്തിയ താത്ക്കാലിക യുദ്ധവിരാമം പക്ഷെ പുടിന്റെയും സർക്കാരിന്റെയും പ്രതിച്ഛായ തകർത്തു എന്നാണ് ഇൻസ്റ്റിറ്റിയുട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ (ഐ എസ് ഡബ്ല്യൂ) വിലേ വിദഗ്ദ്ധർ വിലയിരുത്തുനന്ത്.
സുരക്ഷാ വീഴ്‌ച്ചകൾ എടുത്തു കാണിക്കുക മാത്രമല്ല, ആഭ്യന്തര ഭീഷണികൾ നേരിടുന്നതിൽ ഭരണകൂടത്തിന്റെ കഴിവുകേടിനേയും ഈ സംഭവം വിളിച്ചറിയിക്കുന്നു. അതിനിടയിൽ, പുടിന്റെ ദീർഘകാല സുഹൃത്തായ ചെച്ചെൻ നേതാവ് റംസാൻ കാഡ്രേ്യാവ് പ്രിഗോസനെതിരെ രംഗത്തെത്തി. പ്രിഗോസന്റെ എടുത്തുചാട്ടം അപകടകരമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്ന് കഡ്രേ്യാവ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
നാടകീയമായ രംഗങ്ങൾക്ക് ശേഷം ഇന്നലെ വാഗ്നാർ സൈന്യം റഷ്യയുടെ തെക്കൻ മേഖലയിൽ നിന്നും ഒഴിഞ്ഞു പോകാൻ തുടങ്ങിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രത്യേകിച്ച് സംഭവ വികാസങ്ങൾ ഒന്നും ഇല്ലാതെയാണ് സേനയുടെ മടങ്ങിപ്പോക്ക്. സാഹചര്യം പൂർണ്ണമായും പൂർവ്വ നിലയിലേക്ക് മാറിക്കഴിഞ്ഞാൽ, ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിൽ നടപ്പിലാക്കിയ യാത്രാ നിയന്ത്രണങ്ങൾ എടുത്തു മാറ്റുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം ഐ എസ് ഡബ്ല്യൂവിലെ വിദഗ്ദ്ധർ പറയുന്നത് വാഗ്നാർ സൈന്യവുമായി നടത്തിയ യുദ്ധ വിരാമ കരാർ ഹ്രസ്വകാല ആയുസ്സ് മാത്രമുള്ള ഒന്നായിരിക്കും എന്നാണ്. അത് ഒരിക്കലും ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പരിഹാരമാകില്ല എന്നും അവർ ഉറപ്പിച്ചു പറയുന്നു. വാഗ്നാർ മുന്നേറ്റം റഷ്യൻ സുരക്ഷാ സംവിധാനങ്ങളുടെ ദൗർബല്യത്തെ എടുത്തു കാണിക്കുന്നു എന്ന് മാത്രമല്ല, ഒരു ആഭ്യന്തര ഭീഷണി നേരിടുന്നതിൽ പുടിന് സംഭവിച്ച വീഴ്‌ച്ചയും വെളിപ്പെടുത്തുന്നു. സൈന്യത്തിന് മേൽ പുടിന്റെ പരമാധികാരം നഷ്ടപ്പെട്ടതായ ഒരു സൂചനയും ഈ സംഭവം നൽകുന്നു എന്നും വിദഗ്ദ്ധർ പറയുന്നു.
സത്യത്തിൽ, പ്രിഗോസിന്റെ മുന്നേറ്റം റഷ്യൻ സേനയെ തീർത്തും അപ്രസക്തമാക്കുന്ന തരത്തിലുള്ളതായിരുന്നു. ഔദ്യോഗിക സൈന്യത്തിൽ നിന്നും വേറിട്ടു നിന്നാൽ, സ്വകാര്യ സേനകൾക്ക് ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്നും ഇത് തെളിയിച്ചു. കൃത്യസമയത്ത് പ്രതികരിക്കുന്നതിൽ റഷ്യൻ ഭരണകൂടം വീഴ്‌ച്ച വരുത്തി എന്ന് മാത്രമല്ല, റോസ്റ്റോവ് ഓൺ ഡോൺ നിവാസികൾ വാഗ്നാർ സൈന്യത്തിന് നൽകിയത് ഊഷ്മളമായ വരവേൽപായിരുന്നു താനും.
അതിനിടയിൽ, താൻ പ്രിഗോസിനുമായി സംസാരിച്ചിരുന്നതായി ചെചൻ നേതാവ് കാഡ്രേ്യാവ് വെളിപ്പെടുത്തി. ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളും വാണിജ്യ താത്പര്യങ്ങളും തമ്മിൽ കൂട്ടികലർത്തരുതെന്ന് താൻ പറഞ്ഞതായും അത് പ്രിഗോസിൻ കേട്ടതായും കാഡ്രേ്യാവ് അവകാശപ്പെടുന്നു. എന്നാൽ, പ്രിഗോസിന്റെ ഉള്ളിലെ കോപം ശമിച്ചിട്ടില്ലെന്നും അയാൾ സൂചിപ്പിച്ചു.
പ്രിഗോസിൻ ബെലാറൂസിലെത്തുകയും, വാഗ്നാർ സൈന്യവും അവിടേക്ക് എത്തുകയും ചെയ്താൽ, ബെലാറൂസ് കെന്ദ്രീകരിച്ച് കീവിന് നേരെ പുതിയൊരു യുദ്ധമുഖം തുറക്കപ്പെട്ടേക്കാം എന്ന് മുൻ ബ്രിട്ടീഷ് സൈനിക മേധാവി മുന്നറിയിപ്പ് നൽകുന്നു. ഈ പിന്മാറ്റം വാഗ്നാർ സൈന്യത്തിന്റെ അവസാനമായി കണക്കാക്കാൻ ആകില്ലെന്നും അദ്ദേഹം പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ