ന്നലെ, തികച്ചും അപ്രതീക്ഷിതമായ പ്രതിഷേധത്തിനായിരുന്നു സ്റ്റോക്ക്ഹോം സാക്ഷ്യം വഹിച്ചത്. നഗരത്തിലെ പ്രധാന മസ്ജിദിന് മുൻപിൽ അരങ്ങേറിയ പ്രതിഷേധത്തിൽ രണ്ടുപേർ വിശുദ്ധ ഗ്രന്ഥം കത്തിക്കുകയായിരുന്നു. മൂന്ന് ദിവസത്തെ ഈദ് ദിനങ്ങളിൽ ആദ്യ ദിവസമാണ് ഇത് അരങ്ങേറിയത്. ഇതോടെ സ്വീഡന്റെ നാറ്റോ പ്രവേശനം തടഞ്ഞ തുർക്കി കൂടുതൽ കുപിതരായിരിക്കുകയാണ്.

ഇറാഖി വംശജനായ സൽവാൻ മോമിക, ആളുകൾ നോക്കി നിൽക്കവെയായിരുന്നു വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുന്ന പ്രവർത്തനങ്ങൾക്കൊടുവിൽ അതിന് തീയിട്ടത്. ഈ സമയമത്രയും അയാളുടെ കൂട്ടാളി മെഗാഫോണിലൂടെ സംസാരിക്കുകയായിരുന്നു. അവിടെ തടിച്ചുകൂടിയവരിൽ ചിലർ അറബിയിൽ ദൈവം മഹാനാണ് എന്ന് വിളിച്ചു പറഞ്ഞിരുന്നു. അതേസമയം മറ്റു ചിലർ അതിന്റെ കത്തിക്കുക എന്നും ആക്രോശിക്കുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ കല്ലെറിഞ്ഞ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ടാഴ്‌ച്ച മുൻപ്, ഖുറാൻ കത്തിച്ചുള്ള പ്രതിഷേധങ്ങൾ നിരോധിക്കണമെന്ന പൊലീസിന്റെ ആവശ്യം സ്വീഡിഷ് ഉന്നത കോടതി നിരാകരിച്ചിരുന്നു. ഇതിനെ തുടർന്ന് പൊലീസ് അനുമതിയോടെയായിരുന്നു പ്രതിഷേധം അരങ്ങേറിയത്. മതവിദ്വേഷത്തിന് വഴി തെളിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരം പ്രതിഷേധങ്ങൾ നിരോധിക്കാൻ പൊലീസ് തീരുമാനിച്ചത്. എന്നാൽ, വലിയ അളവിൽ പൗരസ്വാതന്ത്ര്യം അനുവദിക്കുന്ന സ്വീഡിഷ് നിയമങ്ങൾ അതിന് വിലങ്ങു തടിയായി.

കുർദ്ദിഷ് വംശജരുടെ അവകാശങ്ങൾക്കായും, ഇസ്ലാമിനെതിരായും സ്വീഡനിൽ നിരവധി തവണ പ്രതിഷേധ പ്രകടനങ്ങൾ നടന്നിട്ടുണ്ട്. അതായിരുന്നു തുർക്കിയെ പ്രകോപിപ്പിച്ചതും, നാറ്റോ സഖ്യത്തിൽ ചേരുന്നതിൽ നിന്നും സ്വീഡനെ തടഞ്ഞതും. ഇന്നലെ നടന്ന പ്രതിഷേധത്തെയും തുർക്കി അപലപിച്ചു. ഇന്നലെ നടന്ന പ്രതിഷേധത്തിൽ രണ്ട് പേർ മാത്രമെ പങ്കെടുക്കുകയുള്ളു എന്നായിരുന്നു പൊലീസ് പറഞ്ഞത്. ഇത് സംഘടിപ്പിച്ച സൽവാൻ മോമിക കഴിഞ്ഞ ദിവസം ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് താൻ ഇറാഖി അഭയാർത്ഥിയാണെന്നും, ഖുറാൻ നിരോധിക്കപ്പെടുന്നതിന് വേണ്ടിയാണ് താൻ പോരാടുന്നതെന്നുമായിരുന്നു.

നഗരത്തിലെ പ്രധാന മസ്ജിദിന് മുൻപിൽ തന്നെ പ്രതിഷേധിക്കണമെന്നയിരുന്നു മോമികയുടെ ആവശ്യം എന്ന് പൊലീസ് പറയുന്നു. ഖുറാനെ കുറിച്ചുള്ള തന്റെ അഭിപ്രായം കൂടുതൽ പേരെ അറിയിക്കുവാനാണ് ഇത് ചെയ്യുന്നതെന്നും അയാൾ പറഞ്ഞു. പള്ളിക്ക് മുൻപിൽ പ്രതിഷേധിക്കാൻ അനുമതി നൽകിയ പൊലീസ് നടപടി ഖേദകരമായി എന്ന്‌മോസ്‌ക് അധികൃതർ പറഞ്ഞു. അതും വിശ്വാസികൾ പുണ്യദിനമായി ആചരിക്കുന്ന ദിവസം തന്നെ ഇത്തരത്തിൽ ഒരു ശ്രമം നടന്നത് പ്രതിഷേധാർഹമാണെന്നും അവർ പറഞ്ഞു.

പ്രതിഷേധം തടയാതെ, അത് മറ്റൊരിടത്തേക്ക് മാറ്റാൻ പള്ളി അധികൃതർ അപേക്ഷിച്ചെങ്കിലും പൊലീസ് അത് ചെവിക്കൊണ്ടില്ല എന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഏകദേശം 10,000 ഓളം വിശ്വാസികളാണ് പുണ്യ ദിനങ്ങളിൽ ഇവിടം സന്ദർശിക്കുന്നത്.