- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത കുടിയേറ്റക്കാരുടെ അഭയാർത്ഥി അപേക്ഷയിൽ തീരുമാനമാകുന്നത് വരെ റുവാണ്ടയിൽ താമസിപ്പിക്കാനുള്ള സർക്കാർ നീക്കം നിയമവിരുദ്ധം; ബ്രിട്ടനിൽ എത്തേണ്ടത് ആരെന്ന് ബ്രിട്ടീഷ് സർക്കാർ തീരുമാനിക്കുമെന്ന് പറഞ്ഞ ഋഷി സുനക്; കുടിയേറ്റ വിഷയത്തിൽ ബ്രിട്ടീഷ് സർക്കാരും കോടതിയും നേർക്കുനേർ
അനന്ധികൃത കുടിയേറ്റക്കാരെ അവരുടെ അപേക്ഷയിന്മേൽ തീരുമാനമാകുന്നത് വരെ റുവാൻഡയിലെക്ക് അയയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചെങ്കിലും അത് സാധ്യമാക്കാം എന്ന ഉത്തമ വിശ്വാസത്തിലാണ് ബ്രിട്ടീഷ് സർക്കാർ. അത് സാധ്യമാക്കാൻ ഏതറ്റം വരെയും പോകും എന്ന ഋഷി സുനകിന്റെ പ്രസ്താവന വ്യക്തമാക്കുന്നത് അതാണ്. മനുഷ്യാവകാശങ്ങളുടെ പേരിൽ, പുതിയ ഇമിഗ്രേഷൻ പദ്ധതി കോടതി തടഞ്ഞതോടെ വലിയൊരു തിരിച്ചടിയാണ് സർക്കാരിന് നേരിട്ടിരിക്കുന്നത്.
കുടിയേറ്റക്കാരെ റുവാൻഡയിലേക്ക് അയയ്ക്കുന്ന ഏതൊരു നടപടിയും യൂറോപ്യൻ കൺവെൻഷൻ ഓൺ ഹ്യൂമൻ റൈറ്റ്സിന്റെ ആർട്ടിക്കിൾ 3 പ്രകാരം നിയമ വിരുദ്ധമായി കണക്കാക്കും എന്നാണ് ഹൈക്കോടതി പറഞ്ഞത്. പീഡനങ്ങളും ദ്രോഹങ്ങളും തടയുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ആർട്ടിക്കിൾ. ഇത് രണ്ടാം തവണയാണ് മനുഷ്യാവകാശങ്ങളുടെ പേരിൽ റുവാണ്ടൻ പദ്ധതി തടയപ്പെടുന്നത്. ആദ്യം സ്ട്രാസ്ബർഗിലെ കോടതിയായിരുന്നു ഇതിൽ ഇടപെട്ടത്.
കോടതി വിധിയോട് അടിസ്ഥാനപരമായി വിയോജിക്കുന്നു എന്ന് പറഞ്ഞ ഋഷി സുനക്, ബ്രിട്ടനിൽ ആര് വരണമെന്ന കാര്യം തീരുമാനിക്കേണ്ടത് ബ്രിട്ടീഷ് സർക്കാർ ആണെന്നും, ക്രിമിനൽ സംഘങ്ങളല്ല എന്നും പറഞ്ഞു. തിരിച്ചടി നേരിട്ടെങ്കിലും റുവാണ്ടൻ പദ്ധതിയുമായി മുൻപോട്ട് പോകാൻ തന്നെയാണ് ഋഷി സുനകിന്റെ തീരുമാനം. സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള അനുമതി സർക്കാർ തേടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കോടതിയെ ബഹുമാനിക്കുമ്പോഴും അടിസ്ഥാനപരമായി വിധിയോട് വിയോജിക്കുന്നു എന്ന് വ്യക്തമാക്കിയ ഋഷി, ആത്യന്തികമായി ഈ രാജ്യവും രാജ്യത്തെ ഭരണകൂടവുമാണ് ഇവിടെ ആര് വരണമെന്ന് തീരുമാനിക്കേണ്ടത് എന്നും പറഞ്ഞു. അത് നടപ്പിലാക്കുവാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈക്കോടതി വിധി അനുസരിച്ച്, ചാനൽ ഉൾപ്പടെ അനധികൃത വഴികളിലൂടെ ബ്രിട്ടനിലെത്തുന്ന അഭയാർത്ഥികളെ റുവാണ്ടയിലേക്ക് അയയ്ക്കാൻ കഴിയില്ല. ഇതിനായി 140 മില്യൺ പൗണ്ടിന്റെ കരാറായിരുന്നു റുവാണ്ടയുമായി കഴിഞ്ഞ വർഷം ഒപ്പിട്ടത്.
റുവാണ്ടൻ പദ്ധതി നിയമ സാധുതയുള്ളതാണെന്ന ഹൈക്കോടതിയുടെ തന്നെ ഉത്തരവിനെയാണ് ഇപ്പൊൾ അപ്പീൽ ജഡ്ജുമാർ നിരാകരിച്ചിരിക്കുന്നത്. മൂന്ന് ജഡ്ജിമാരുടെ പാനൽ, ഒന്നിനെതിരെ രണ്ട് വോട്ടുകൾക്കാണ് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ അഭയാർത്ഥി പ്രശ്നം ഇനിയും ഏറെനാൾ നീളാനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടിലേയും വെയ്ൽസിലേയും ഏറ്റവും മുതിർന്ന ജഡ്ജായ (ലോർഡ് ചീഫ് ജസ്റ്റിസ്) ലോർഡ് ബേണറ്റ് ഈ വിധിയോടുള്ള വിയോജന കുറിപ്പ് എഴുതിയിട്ടുണ്ട്. സർക്കാർ നയത്തെ പിന്തുണക്കുന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.
അഭയാർത്ഥികൾക്ക് റുവാണ്ടയിൽ മതിയായ സുരക്ഷ ലഭിക്കുമെന്നാണ് ലോർഡ് ചീഫ് ജസ്റ്റിസ് പറയുന്നത്. അതിന് മതിയായ ഉറപ്പ് റുവാണ്ടൻ ഭരണകൂടം നൽകിയിട്ടുണ്ടെന്ന് ഋഷി സുനകും പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം ലിബിയൻ അഭയാർത്ഥികൾക്കായി റുവാണ്ടയിൽ ക്യാമ്പ് നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ