- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കോട്ടിഷ് സർക്കാരിന്റെ സാമ്പത്തിക സഹായം കൊണ്ട് പിടിച്ചു നിൽക്കാനാവുന്നില്ല; ബ്രിട്ടൻ ഉപേക്ഷിച്ച് നോർവേയുടെ ഭാഗമാകാൻ ഒരുങ്ങി ഓക്നി ഐലൻഡ്; സ്കോട്ടിഷ് സ്വതന്ത്ര്യ വാദത്തിന് പിന്നാലെ ബ്രിട്ടന് മറ്റൊരു തിരിച്ചടികൂടി
ലണ്ടൻ: സ്വതന്ത്ര സ്‌കോട്ട്ലാൻഡ് വാദം ശക്തിപ്രാപിക്കുന്നതിനിടെ, ബ്രിട്ടന് ഇരുട്ടടിയായി ഓക്നി ഐലൻഡ്സും ബ്രിട്ടൻ വിടാനൊരുങ്ങുന്നു. ബ്രിട്ടനും സ്‌കോട്ട്ലാൻഡും തങ്ങളെ പരിഗണിക്കുന്നില്ല എന്നകാരണം ഉയർത്തിയാണ് ഓക്നി ഐലൻഡ് ബ്രിട്ടൻ വിടാനൊരുങ്ങുന്നത്. നോർവേക്ക് കീഴിലുള്ള ഒരു സ്വയം ഭരണ പ്രദേശമായി നിലകൊള്ളാനാണ് തീരുമാനം.
വരുന്ന ചൊവ്വാഴ്‌ച്ച, ബദൽ ഭരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ചർച്ച ഓക്നി കൗൺസിലിന് മുൻപിൽ വരും. പ്രദേശം വലിയ ദുരിതങ്ങൾ അനുഭവിക്കുകയാണെന്നും, മതിയായ ധന സഹായം ലഭിക്കുന്നില്ലെന്നും കൗൺസിൽ ലീഡർ ജെയിംസ് സ്റ്റോക്കൻ പരാതിപ്പെട്ടു. മറ്റ് പല പ്രദേശങ്ങൾക്കും ലഭിക്കുന്ന, ഫെറി നിരക്കുകളിലുള്ള റോഡ് ഇക്വിലന്റ് താരിഫ് പോലുള്ള പല സൗകര്യങ്ങളും ഓക്നി ഐലൻഡ്സിന് നിഷേധിച്ചിരിക്കുകയാണെന്ന് ജെയിംസ് സ്റ്റോക്കാൻ ബി ബി സിയോട് പറഞ്ഞു.
മാത്രമല്ല, സ്‌കോട്ട്ലാൻഡിൽ നിന്നും ലഭിക്കുന്ന ധനസഹായം, ഷെറ്റ്ലാൻഡ്, വെസ്റ്റേൺ ഐൽസ് എന്നിവക്ക് ലഭിക്കുന്ന പ്രതിശീർഷ ഫണ്ടിംഗിനേക്കാൾ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, സമാനമായ സേവനങ്ങൾ ഉറപ്പ് വരുത്തുകയും വേണം. മുൻപോട്ടുള്ള പോക്ക് തീർത്തും അസാധ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജാവിനെ അംഗീകരിച്ചു കൊണ്ടുള്ള ചാനൽ ഐലൻഡ്, ഫോക്ക്ലാൻഡ് ഐലൻഡ് എന്നിവയുടെ മാതൃകയിലോ ഡെന്മാർക്കിന്റെ സ്വയം ഭരണ പ്രദേശമായ ഫറോ ഐലൻഡിന്റെ മാതൃകയിലോ ഉള്ള ഭരണകൂടമാണ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദ്വീപുകളിലെ മൂന്ന് മേഖലകളിലും 22,000 നും 27,000 നും ഇടയിലാണ് ജനസംഖ്യ. എന്നാൽ, ഈ അനുപാതത്തിലുള്ള ധനസഹായം സ്‌കോട്ട്ലാൻഡിൽ നിന്നും ലഭിക്കുന്നില്ല. വടക്കൻ കായലിലെ എണ്ണപ്പാടത്തിലൂടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഓക്നി ഐലൻഡ് കാര്യമായ സംഭാവനകൾ കഴിഞ്ഞ 40 വർഷമായി നൽകിക്കൊണ്ടിരിക്കുമ്പോഴും, അർഹമായ വിഹിതം ലഭിക്കുന്നില്ല എന്നും സ്റ്റോക്കാൻ പറയുന്നു. കൂടുതൽ സാമ്പത്തിക അവസരങ്ങൾ ലഭ്യമാക്കുന്നതിനും, ദ്വീപിന്റെയും ദ്വീപ് നിവാസികളുടെയും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുമായി ബദൽ ഭരണകൂടം എന്ന ആശയത്തെ പിന്താങ്ങണമെന്നാണ് അദ്ദേഹം കൗൺസിലർമാരോട് ആവശ്യപ്പെടുന്നത്.
അനുയോജ്യമായ പകരം സംവിധാനം കണ്ടെത്തുവാൻ സമയമെടുക്കും. ഇക്കാര്യത്തിൽ വൈകാരികമായ ഒരു നിലപാട് കൈക്കൊള്ളുന്നില്ലെന്ന് പറഞ്ഞ സ്റ്റോക്കാൻ ആദ്യം ഇത്തരമൊരു ആശയത്തെ കൗൺസിൽ പിന്തുണക്കുന്നുണ്ടോ എന്ന് അറിയുവാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. പ്രായോഗിക ബുദ്ധിമുട്ടുകളും, അനന്തരഫലങ്ങളും എല്ലാം പരിശോധിച്ചായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു നിർദ്ദേശം വന്നിരിക്കുന്നത് ബ്രിട്ടനെ പാടെ ഉപേക്ഷിച്ച് ഡെന്മാർക്ക്, നോർവേ, ഐസ്ലാൻഡ് തുടങ്ങിയ ഏതെങ്കിലും നോർഡിക് രാജ്യവുമായി ബന്ധം സ്ഥാപിക്കുക എന്നതാണ്. അത്തരമൊരു തീരുമാനമുണ്ടായാൽ അത് ഭൂതകാലത്തേക്കുള്ള തിരിച്ചുപോക്കായിരിക്കും. എട്ടാം നൂറ്റാണ്ടിൽ ഡെന്മാർക്കിന്റെയും നോർവേയുടെയും കോളനിയായിരുന്നു ഈ ദ്വീപ് സമൂഹം. 1472 ൽ ഷെറ്റ്ലാൻഡിനോടൊപ്പം സ്‌കോട്ട്ലാൻഡിന് കൈമാറുന്നത് വരെ ഈ പ്രദേശം ഡെന്മാർക്കിന്റെയും നോർവേയുടെയും കീഴിലായിരുന്നു.
സ്‌കോട്ട്ലാൻഡ് രാജാവ് ജെയിംസ് മൂന്നാമൻ ഡെന്മാർക്ക്, നോർവേ,ം സ്വീഡൻ രാജാവായിരുന്ന ക്രിസ്ത്യൻ ഒന്നാമന്റെ മകൾ മാർഗരറ്റ് രാജകുമാരിയെ വിവാഹം കഴിച്ചപ്പോൾ സ്ത്രീധനമായി നൽകാനുള്ള 50,000 റേനിഷ് ഫ്ലോറിൻസിനുള്ള ഉറപ്പായിട്ടായിരുന്നു ഷെറ്റ്ലാൻഡും ഓക്നി ഐലൻഡും സ്‌കോട്ട്ലാൻഡിന് കൈമാറിയത്. എന്നാൽ, രാജാവ് ഈ തുക നൽകാത്തതിനാൽ, ഈ പ്രദേശങ്ങൾ സ്‌കോട്ട്ലാൻഡിന് കീഴിൽ ആവുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ