- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖുറാൻ കത്തിച്ച സംഭവത്തിൽ സ്വീഡനെതിരെ ലോകമെമ്പാടും അതിശക്തമായ വിമർശനം; മനുഷ്യാവകാശ കൗൺസിൽ പ്രത്യേക യോഗം വിളിക്കും

കഴിഞ്ഞയാഴ്ച്ച സ്വീഡനിൽ നടന്ന ഖുറാൻ കത്തിക്കൽ സംഭവത്തിൽ ഐക്യ രാഷ്ട്ര സംഘടന ആശങ്ക രേഖപ്പെടുത്തി. മുസ്ലിം രാജ്യങ്ങളിലാകെ ഈ പ്രകടനം കടുത്ത പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഈ സംഭവത്തെ കുറിച്ച് ചർച്ച ചെയ്യുവാൻ യു എൻ മനുഷ്യാവകാശ കൗൺസിലിന്റെ ഒരു അടിയന്തിര യോഗംവിളിച്ചു ചേർക്കുമെന്ന് യു എൻ വക്താവ് അറിയിച്ചു.
സ്വീഡൻ തലസ്ഥാനത്തെ പ്രധാന മോസ്‌കിന് മുൻപിൽ വെച്ച് ഒരു ഇറാഖി പൗരനായിരുന്നു ഖുറാൻ കത്തിച്ചത്. ബാഗ്ദാദിലെ സ്വീഡിഷ് എംബസിയിലേക്ക് ജനക്കൂട്ടം ഇരച്ചു കയറിയതടക്കമുള്ള പ്രതിഷേധങ്ങൾക്ക് ഈ സംഭവം കാരണമായി. സ്വീഡന്റെ നാറ്റൊ പ്രവേശനത്തിന് തടസ്സം നിൽക്കുന്ന തുർക്കി ഉൾപ്പടെ ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളെല്ലാം ഈ സംഭവത്തെ കടുത്ത ഭാഷയിൽ അപലപിക്കുകയും ചെയ്തിട്ടുണ്ട്.
മുൻകൂട്ടി ആസൂത്രണം ചെയ്ത, മത സ്പർദ്ധ വളർത്തുന്ന ഇത്തരം പ്രവണകളെ കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് പാക്കിസ്ഥാൻ പോലുള്ള രാജ്യങ്ങൾ മുൻപോട്ട് വന്നിട്ടുണ്ട്. യൂറോപ്പിലും മറ്റു ചില രാജ്യങ്ങളിലും ഖുറാൻ കത്തിക്കൽ പോലുള്ള മതനിന്ദകൾ വർദ്ധിച്ചു വരുന്നതിനെ കുറിച്ച് ചർച്ച ചെയ്യണമെന്നും ഇവർ ആവശ്യപ്പെടുന്നു. വർഷങ്ങൾക്ക് മുൻപ് ഇറാഖിൽ നിന്നും നാടുവിട്ട് സ്വീഡനിലെത്തിയ സൽവാൻ മോമിക എന്ന 37 കാരനായിരുന്നു ഖുറാൻ കത്തിച്ചത്.
ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ വിശുദ്ധ ബലിപ്പെരുന്നാൾ ആഘോഷിക്കുന്ന വേളയിലായിരുന്നു ഇയാൾ ഈ പ്രവൃത്തി ചെയ്തത് എന്നത് അതിന്റെ ഗൗരവം വർദ്ധിപ്പിച്ചു. മാത്രമല്ല, ഹജ്ജ് തീർത്ഥാടനം അതിന്റെ പരിസമാപ്തിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സമയം കൂടിയാണിത്. ഈ സാഹചര്യത്തിൽ, ലോക രാഷ്ട്രങ്ങൾ ഈ സംഭവത്തെ അതീവ ഗൗരവത്തോടേയാണ് സമീപിക്കുന്നത്.
ജെനീവ ആസ്ഥാനമായുള്ള മനുഷ്യാവകാശ കൗൺസിൽ വർഷത്തിൽ മൂന്ന് തവണയാണ് സാധാരണയായി യോഗം ചേരാറുള്ളത്. ഈ വർഷത്തെ രണ്ടാമത്തെ യോഗം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ജൂലായ് 14 വരെ നീളുന്ന ഈ സമ്മേളനത്തിന്റെ അജണ്ടയിൽ മാറ്റങ്ങൾ വരുത്തിയാണ് 47 അംഗ കൗൺസിൽ ഈ വിഷയം അടിയന്തിര ചർച്ചക്കെടുക്കാൻ തയ്യാറായിരിക്കുന്നത്.


