നാറ്റോ ഉച്ചകോടി അടുത്തയാഴ്‌ച്ച ലിത്വാനിയയിൽ നടക്കാനിരിക്കെ റഷ്യ ആണവായുധ വാഹിനികൾ ഉപയോഗിച്ചുള്ള വ്യോമാഭ്യാസം നടത്തി മുന്നറിയിപ്പ് നൽകി. ആണവായുധങ്ങൾ വഹിക്കാൻ കെൽപുള്ള രണ്ട് സൂപർസോണിക് വൈറ്റ് സ്വാൻ ടി യു -160 വിമാനങ്ങളായിരുന്നു അഭ്യാസത്തിൽ പങ്കെടുത്തത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

12 മണിക്കൂർ നീണ്ട അഭ്യാസ പ്രകടനത്തിൽ രണ്ട് വിമാനങ്ങളും 5600 മൈലിൽ അധികം പറന്നു. പിന്നീട് ആർക്ടിക് പ്രദേശത്തെ ഒരു വ്യോമസേനാ ആസ്ഥാനത്ത് ഇവ ഇറങ്ങി. അഭ്യാസ പ്രകടനം നടത്തിയ വിമാനങ്ങൾ പറന്ന മാർഗ്ഗം വെളിപ്പെടുത്തിയിട്ടില്ല. പക്ഷെ, ബ്രിട്ടന് വടക്കുമാറി നോർവീജീയൻ കടലിൽ വിന്യസിച്ചിരിക്കുന്ന സേനയുടെ ഭാഗമാണ്ഈ വിമാനങ്ങൾ എന്ന് റിപ്പോർട്ടുകൾ പറയുന്നു.

യൂറോപ്യൻ റഷ്യയിലെ സരാടോവിലുള്ള ഏഞ്ചൽസ് വ്യോമ കേന്ദ്രത്തിൽ നിന്നും വിദൂര പൂർവ്വ മേഖലയിലെ ആമറിൽ നിന്നും ഉള്ള വിമാനങ്ങളായിരുന്നു പരിശീലനത്തിൽ പങ്കെടുത്തതെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കി. അടുത്തയാഴ്‌ച്ച വിൽനിയസിൽ നടക്കാനിരിക്കുന്ന നാറ്റോയുടെ ഉച്ചകോടി കീവിന് പൂർണ്ണ പിന്തുണ ആവർത്തിച്ചു പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.

മാത്രമല്ല, യുക്രെയിനെ നാറ്റോ അംഗത്വത്തിന് ഒരുപടി കൂടി അടുത്തെത്തിക്കും. ഈ സാഹചര്യത്തിലാണ് റഷ്യയുടെ സൈനിക അഭ്യാസത്തിന് പ്രസക്തിയേറുന്നത്. ഇത് മേഖലയിലെ സംഘർഷം കൂടുതൽ കനക്കുവാൻ കാരണമായിരിക്കുകയാണ്. ഒരു മൂന്നാം ലോക മഹായുദ്ധത്തിന് സമീപമെത്തി നിൽക്കുന്നു സാഹചര്യം എന്നാണ് ലോക രാഷ്ട്രീയത്തെ സസൂക്ഷ്മം വീക്ഷിക്കുന്നവർ പറയുന്നത്.

അതിനിടയിൽ യുക്രെയിന്റെ അംഗത്വ വിഷയത്തിൽ അനുകൂല നടപടി അടുത്ത ആഴ്‌ച്ചയിലെ ഉച്ചകോടിയിൽ കൈക്കൊള്ളണമെന്ന് യുക്രെയിൻ പ്രസിഡണ്ട് സെലെൻസ്‌കി ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് നാറ്റോ സഖ്യത്തിൽ ചേരാനാണ് യുക്രെയിൻ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.