ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് ആഞ്ഞടിച്ചപ്പോൾ പതറി യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി. ലിത്വാനിയയിൽ നടക്കുന്ന നാറ്റോ ഉച്ച കോടിയിലായിരുന്നു ബെൻ വാലസ് പൊട്ടിത്തെറിച്ചത്. ഷോപ്പിങ് ലിസ്റ്റ് സമർപ്പിക്കുമ്പോഴൊക്കെ ആയുധങ്ങൾ കീവിലെത്തിക്കാൻ താൻ ആമസോൺ അല്ലെന്ന് സെലെൻസ്‌കിയോട് പറഞ്ഞു എന്നായിരുന്നു ബെൻ വാലസ് പറഞ്ഞത്. മാത്രമല്ല, 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം നൽകിയ പിന്തുണയ്ക്കും ആയുധങ്ങൾക്കും യുക്രെയിൻ കൃതജ്ഞത കാണീക്കുന്നില്ലെന്ന്നും അദ്ദേഹം പരാതിപ്പെട്ടു.

എന്നാൽ, റഷ്യൻ അധിനിവേശത്തിന് ശേഷം പാശ്ചാത്യ ശക്തികൾ നൽകിയ എല്ലാ സഹായങ്ങൾക്കും യുക്രെയിൻ എന്നും അവരോട് കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു സെലെൻസ്‌കി ഇതിനോട് പ്രതികരിച്ചത്. ഇന്ന് നാറ്റോ സമ്മേളനവേദിയിൽ വെച്ച് വാലസിനെ നേരിട്ട് കാണാമെന്നും സെലെൻസ്‌കി അറിയിച്ചു. അതേസമയം, തങ്ങൾ ഒന്നിലേറെ തവണ ചെയ്ത പല സഹായങ്ങളുടെയും കാര്യമാണ് പ്രതിരോധ സെക്രട്ടറി ചൂണ്ടിക്കാണിച്ചതെന്നായിരുന്നു ഋഷി സുനക് പ്രതികരിച്ചത്.

നാറ്റോയിൽ യുക്രെയിനെ അംഗമാക്കാനുള്ള തീരുമാനമെടുക്കാൻ സമയ പരിധി നിശ്ചയിക്കാത്തതിലുള്ള ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു സെലെൻസ്‌കി. ബില്യൺ കണക്കിന് ഡോളറിന്റെ സഹായമാണ് തങ്ങളും നൽകിയിട്ടുള്ളതെന്നും അത് ഓർമ്മയുണ്ടായിരിക്കണമെന്ന് അമേരിക്കൻ ഭരണകൂടവും സെലെൻസ്‌കിയെ ഓർമ്മിപ്പിച്ചു. നമ്മൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ജനങ്ങൾ എന്നും ആഗ്രഹിക്കുന്നതാണ് ചെയ്ത സഹായങ്ങൾക്ക് ഒരു നന്ദി പ്രകടനം എന്നും സമ്മേളന വേദിയിൽ സംസാരിക്കവെ വാലസ് തുറന്നടിച്ചു.

''നിങ്ങൾ ചെയ്യുന്നത് ഒരു വിശുദ്ധയുദ്ധമാണ്. നിങ്ങളായി സൃഷ്ടിച്ച യുദ്ധമല്ല, മറിച്ച് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമാണ്. മറ്റു രാജ്യങ്ങൾ, അവരുടെ ആയുധങ്ങൾ നിങ്ങൾക്ക് തരണമെന്നാണ് നിങ്ങൾ വാശിപിടിക്കുന്നത്. എന്നാൽ, അതിനായി നിങ്ങൾക്ക് അമേരിക്കയിലെ ഭരണകർത്താക്കളെ പറഞ്ഞു മനസ്സിലാക്കേണ്ടി വരും. ആയുധങ്ങൾ നൽകി സഹായിക്കുന്നത് നല്ലതോ എന്ന് സംശയിക്കുന്ന, മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളെ ബോദ്ധ്യപ്പെടുത്തേണ്ടി വരും'' ബെൻ വാലസ് സെലെൻസ്‌കിയെ ഓർമ്മിപ്പിച്ചു.

അതേസമയം, യുക്രെയിനിലെ റഷ്യൻ അധിനിവേശം മറ്റൊരു ലോക മഹായുദ്ധമായി മാറുമെന്ന് വിചാരിക്കുന്നില്ല എന്ന് പറഞ്ഞ സെലെൻസ്‌കി, നാറ്റോ അംഗത്വവുമായി ബന്ധപ്പെട്ട് ചില അനുകൂല സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഋഷി സുനകിന് പുറമെ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൽ ട്രുഡേവ് തുടങ്ങിയ ജി 7 രാഷ്ട്രത്തലവന്മാരുമായും സെലെൻസ്‌കി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായും കൂടിക്കാഴ്‌ച്ച നടത്തും.

അതേസ്മയം, ലേബർ പാർട്ടിയുടെ ഷാഡോ ഡിഫൻസ് സെക്രട്ടറി ജോൺ ഹീലി ബ്ര്ൻ വാലസിനെതിരായി രംഗത്തെത്തി. യുക്രെയിൻ അവരുടെ ഭാവിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് പോരാടുന്നതെന്നും, അവർക്കാവശ്യം ആയുധങ്ങളാണെന്നും, കൃതജ്ഞതയെ കുറിച്ചുള്ള പ്രഭാഷണമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാറ്റോ സഖ്യത്തിന്റെ വിജയകരമായ സമ്മേളനത്തിന് മേൽ കരിനിഴൽ വീഴ്‌ത്തുവാനെ അത്തരം പ്രസ്താവനകൾ സഹായിക്കുകയുള്ളു എന്നും ഹീലി ചൂണ്ടിക്കാട്ടി.

അതിനിടെ, റഷ്യയെ ഭയക്കുന്നതുകൊണ്ടാണ് യുക്രെയിന്റെ നാറ്റോ പ്രവേശനത്തിന് സമയപരിധി നിശ്ചയിക്കാൻ അമേരിക്ക മുൻകൈ എടുക്കാത്തതെന്ന യുക്രെയിൻ അഴിമതി വിരുദ്ധ പ്രവർത്തകൻ ഡാരിയ കലേനിയുക്കിന്റെ പ്രസ്താവനക്കെതിരെ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്സള്ളിവൻ രംഗത്തെത്തി. ബില്യൺ കണക്കിന് ഡോളറിന്റെ സഹായമാണ് റഷ്യൻ അധിനിവേശത്തിനു ശേഷം അമേരിക്ക യുക്രെയിന് നൽകിയിട്ടുള്ളത് എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അമേരിക്ക ജനത അതിന് ഒരു കൃതജ്ഞത അർഹിക്കുന്നു എന്നും പറഞ്ഞു.