രിങ്കടലിൽ നിന്നും ആർക്ടിക് സമുദ്രം വരെയുള്ള മേഖല ഒരു യുദ്ധ ഭീഷണി അഭിമുഖീകരിക്കുകയാണ് എന്ന് നിരീക്ഷകർ പറയുന്നു. യുക്രെയിൻ, ക്രീമിയയ്ക്ക് മേൽ റഷ്യയുടെ അവകാശം ചോദ്യം ചെയ്താൽ, അതല്ലെങ്കിൽ, കലിനിൻഗ്രാഡ് പിടിച്ചെടുത്താൽ, കൂലിപ്പട്ടാളമായ വാഗ്നർ സൈന്യം ബെലാറൂസിനുമപ്പുറം പോളണ്ടിലേക്കോ ലിത്വാനിയയിലേക്കോ കടന്നാൽ ഒക്കെ, ഫലം ഒരു മഹായുദ്ധമായിരിക്കും എന്ന് അവർ കരുതുന്നു.

നാറ്റോയുടെ അതിർത്തി റഷ്യക്കടുത്ത് വരെ എത്തുമെന്ന ഭയമായിരുന്നു, റഷ്യ യുക്രെയിൻ ആക്രമിക്കാൻ പ്രധാന കാരണം. ഫലം കാണാതെയുദ്ധം നീണ്ടു പോകുമ്പോൾ സംഭവിച്ചിരിക്കുന്നതും അതുതന്നെയാണ്. റഷ്യയുമായി 1335 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഫിൻലാൻഡ് നാറ്റോയുടെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. മാത്രമല്ല, റഷ്യയുമായി അതിർത്തി പങ്കിടുന്ന സ്വീഡനും ഒരു സീറ്റ് നാറ്റോയിൽ ഒരുങ്ങുകയാണ്.

തൊട്ടിപ്പുറത്ത് ലിത്വാനിയയിൽ വിലിനിയസ് മോസ്‌കോയിൽ നിന്നും 800 കിലോമീറ്ററിൽ താഴെമാത്രം അകലെയാണ്. മാത്രമല്ല, യുക്രെയിന് സഹായങ്ങൾ എത്തിക്കാൻ ഒരു സ്ഥിരം സംവിധാനം ഒരുക്കുക വഴി, യൂക്രെയിനും അധികം താമസിയാതെ നാറ്റോയിൽ എത്തുമെന്ന് ഉറപ്പാക്കാം. ഈ അപകട സാധ്യതയാണ് നാറ്റോ ഉച്ചകോടിക്ക് തലേന്ന് വളരെ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന സമ്മേളനം എന്ന് റഷ്യൻ വക്താവിനെ കൊണ്ട് പറയിച്ചത്.

നാറ്റോയുടെ അതിർത്തി റഷ്യയ്ക്കടുത്ത് എത്തിയതോടെ ഇരു ശക്തികളും തമ്മിൽ മുഖാമുഖം ഏറ്റുമുട്ടുന്നതിനുള്ള സാധ്യതയും വർദ്ധിച്ചിരിക്കുകയാണ്. വർഷങ്ങളോളം അപകടങ്ങൾക്ക് കാരണമായേക്കാവുന്ന വിധത്തിൽ ചെറു ബോംബുകൾ ഭൂമിയിലേക്ക് വർഷിക്കുന്ന ക്ലസ്റ്റർ ബോംബുകൾ അമേരിക്ക യുക്രെയിന് കൈമാറുമെന്ന് പ്രഖ്യാപിച്ചത് അന്തരീക്ഷത്തിന് കനം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇവയുടെ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള പ്രമേയത്തിൽ ഒപ്പിട്ട 123 രാജ്യങ്ങളിൽ ഒന്ന് ബ്രിട്ടനാണ്.

അതുകൊണ്ടു തന്നെ അമേരിക്കൻ നീക്കത്തെ നിരുത്സാഹപ്പെടുത്താൻ ബ്രിട്ടൻ രംഗത്തെത്തി. ഇത്തരമൊരു നെക്കം വഴി ആണവ യുദ്ധത്തിന് കളമൊരുക്കുകയാണ് അമേരിക്ക ചെയ്യുന്നതെന്ന് മുൻ റഷ്യൻ പ്രസിഡണ്ട് ദിമിത്രി മെഡ്വെഡെവ് ആരോപിച്ചിരുന്നു. അതുപോലെ സാപോറിഷിഷിയയിലെ ആണവ പ്ലാന്റും ഏറെ അപകടനിലയിലാണ്. ഏത് സമയവും റഷ്യ അത് തകർത്തേക്കാം എന്ന് കഴിഞ്ഞ ദിവസം സെലെൻസ്‌കി ആരോപിക്കുകയും ചെയ്തിരുന്നു.

യൂണിവേഴ്സിറ്റി ഓഫ് ബാത്തിലെ സുരക്ഷാ തന്ത്ര വിഭാഗം സീനിയർ ലെക്ചറർ ആയ ഡോ. പാട്രിക് ബറി പറയുന്നത് നാറ്റോ അംഗങ്ങളായ ബാൾട്ടിക് രാജ്യങ്ങളും പോളണ്ടും ഏത് സമയത്തും വാഗ്നാർ സൈന്യത്തിന്റെ ആക്രമണം ഉണ്ടാകും എന്ന ആശങ്കയിലാണെന്നാണ്. ഇപ്പോൾ ബെലാറൂസിൽ തമ്പടിച്ചിരുന്ന വാഗ്നാർ സേന തങ്ങളുടെ അംഗ രാജ്യങ്ങളെ ആക്രമിച്ചാൽ നാറ്റോക്ക് കൈയൂം കെട്ടി നോക്കിയിരിക്കാൻ ആവില്ല. എന്നാൽ, റഷ്യ അത്തരമൊരു ആക്രമണത്തെ പരസ്യമായി പിന്തുണക്കാത്തിടത്തോളം കാലം റഷ്യക്കെതിരെ നാറ്റോക്ക് യുദ്ധം ചെയ്യാനാകില്ല. എന്നാൽ, റഷ്യ വാഗ്നാറിന് പിന്തുണയുമായി എത്തിയാൽ അത് കലാശിക്കുക ഒരു ലോക മഹായുദ്ധത്തിൽ ആയിരിക്കും.

മറ്റൊരു സാധ്യത, യുക്രെയിൻ തെക്കൻ മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയും, റഷ്യൻ സൈന്യം ദുർബലമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഒരുപക്ഷെ ക്രീമിയ തിരികെ പിടിച്ചെടുക്കാൻ വരെ യുക്രെയിൻ ശ്രമിച്ചെന്നു വരാം. അവിടെ ദുർബലമായ റഷ്യൻ സൈന്യത്തിന് പിടിച്ചു നിൽക്കാൻ ആയില്ലെങ്കിൽ അവസാന ആശ്രയം എന്ന നിലയിൽ റഷ്യ ആണവായുധങ്ങൾ പ്രയോഗിച്ചേക്കാം.

എന്നാൽ, കാത്തം ഹൗസിലെ റഷ്യ- യൂറേഷ്യ പ്രോഗ്രാമിന്റെ കൺസൾട്ടന്റ് ആയ മാത്തിയു ബൊലീഗ് പറയുന്നത് യുക്രെയിനിൽ അത്തരത്തിലുള്ള ഒരു മുന്നേറ്റം ഉണ്ടാകാൻ ഇടയില്ലെന്നാണ്. ഇരു ശക്തികളുടെ സാന്നിദ്ധ്യം വലിയതോതിലുള്ള മെഡിറ്ററേനിയനിലായിരിക്കും 9ഒരു മഹായുദ്ധത്തിന് തുടക്കം കുറിക്കുന്നതിനുള്ള സാധ്യത എന്ന് അദ്ദേഹം പറയുന്നു. തെറ്റായ ഒരു കണക്കൂകൂട്ടലോ ഒരു അപകടമോ ഒക്കെ യുദ്ധത്തിന്റെ ആദ്യ തീപ്പൊരിക്ക് കാരണമായേക്കാം എന്ന് അദ്ദേഹം പറയുന്നു.

ഒരു റഷ്യൻ പൊർ വിമാനം, അമേരിക്കൻ യുദ്ധക്കപ്പലിന് മുകളിലേക്ക് വീഴുകയോ, അല്ലെങ്കിൽ നേരെ തിരിച്ചു സംഭവിക്കുകയോ ചെയ്താലും അത് ഒരു യുദ്ധത്തിൽ അവസാനിച്ചേക്കാം. അതല്ലെങ്കിൽ, ഒരു യുദ്ധ വിമാന പൈലറ്റിന്റെ പിഴവ് മൂലം ബോംബു വർഷം ഉണ്ടായാലും മതി. അന്തരീക്ഷം ചൂടുപിടിച്ചിരിക്കുകയാണ്. ചെറിയൊരു തീപ്പൊരി വീണാൽ ഉടനടി അത് ആളിക്കത്തുമെന്നും അദ്ദേഹം പറയുന്നു.

യുദ്ധം ആരംഭിക്കാൻ ഇടയുള്ള നിരവധി സ്ഥലങ്ങൾ ഉണ്ടെന്ന് റാൻഡ് യൂറോപ്പിലെ ഡിഫൻസ് ആൻഡ് സെക്യുരിറ്റി അസിസ്റ്റന്റ് ഡയറക്ടറായ ജെയിംസ് ബ്ലാക്ക് പറയുന്നു. റഷ്യൻ മെയിൻ ലാൻഡിനും അവരുടെ വേറിട്ട പ്രദേശമായ കലിനിൻഗ്രാഡിനും ഇടയിലുള്ള സുവാക്കി ഗ്യാപ് അത്തരത്തിലുള്ള ഒരിടമാണ്. ഫിൻലാൻഡ് കൂടി നാറ്റോ സഖ്യത്തിൽ ചേർന്നതോടെ നാറ്റോയും റഷ്യയും തമ്മിലുള്ള അതിർത്തി വിപുലാമായിട്ടുണ്ട്. അവിടെ എവിടെവേണമെങ്കിലും യുദ്ധത്തിന് തുടക്കം കുറിക്കപ്പെടാം എന്നും അദ്ദേഹം പറയുന്നു.

യുദ്ധത്തിന് ആരംഭമായാൽ അധികം വൈകാതെ തന്നെ അത് ലംബമായും തിരശ്ചീനമായും വ്യാപിക്കുമെന്നും ബ്ലാക്ക് പറയുന്നു. ലംബമായ വ്യാപനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് തുടക്കം കുറിച്ചിടത്തു തന്നെ ആക്രമണങ്ങൾ വർദ്ധിക്കുന്നതാണ്. എന്നാൽ, തിരശ്ചീനമായ വ്യാപനത്തിൽ അത് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാം. യൂറോപ്പിലാകമാനം മാത്രമല്ല, ആർക്ടിക് പ്രദേശം വരെയും ബഹിരാകാശത്തേക്കും സൈബർ സ്പേസിലേക്കും ഇത് വ്യാപിച്ചേക്കാം.

ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളും മറ്റും ഉപയോഗിക്കുമ്പോൾ, യു കെ പോലും ആദ്യം ആക്രമിക്കപ്പെടുന്ന സ്ഥലമായേക്കാം. മാത്രമല്ല., അറ്റ്ലാന്റിക്കിന് കുറുകേയുള്ള സമുദ്രാന്തര കമ്മ്യുണിക്കേഷൻ സംവിധാനവും ആക്രമിക്കപ്പെട്ടേക്കാം. യുക്രെയിനെ സഹായിക്കാൻ പാശ്ചാത്യ ശക്തികളെ ഒത്തൊരുമിപ്പ്ക്കാൻ മുൻകൈ എടുത്ത ബ്രിട്ടൻ എക്കാലവും റഷ്യയുടെ ഒന്നാം നമ്പർ ശത്രു തന്നെയാണ്. അതുകൊണ്ട് ആദ്യ ലക്ഷ്യം ബ്രിട്ടൻ ആകാനുള്ള സാധ്യതയും വളരെ വലുതാണ്.