മെഹ്സ അമിനിയുടെ രക്തസാക്ഷിത്വം ഇറാനിൽ പുതിയൊരു ഭരണക്രമം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചവരെയൊക്കെ നിരാശരാക്കി ഇറാനിലെ മതപൊലീസ് വീണ്ടും ശക്തരാകുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന് പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വെച്ച് മരണമടഞ്ഞ അമിനിയുടെ മരണം വൻ പ്രക്ഷോഭമായിരുന്നു ഇറാനിൽ തുറന്നു വിട്ടത്.

ശിരോവസ്ത്രങ്ങൾ ഉപേക്ഷിച്ചും, കത്തിച്ചും മുടിമുറിച്ചും പ്രായമായ സ്ത്രീകൾ മുതൽ പെൺകുട്ടികൾ വരെ പ്രതിഷേധിച്ചപ്പോൾ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകരും വർക്ക് ധാർമ്മിക പിന്തുണയുമായി രംഗത്തെത്തി. ഏകദേശം 500 ഓളം പ്രതിഷേധക്കാർ മരിക്കുകയും 20,000 ൽ പരം പേർ തടവിലാവുകയും ചെയ്ത പ്രക്ഷോഭം ഈ വർഷം ആദ്യത്തോടെ ഭരണകൂടം അടിച്ചമർത്തിയിരുന്നു. എന്നാൽ, അതിനു ശേഷവും നിരവധി സ്ത്രീകൾ, പ്രത്യേകിച്ചും തലസ്ഥാനമായ ടെഹ്റാനിലും മറ്റ് നഗരങ്ങളിലും ശിരോവസ്ത്രം ധരിക്കാതെ തന്നെ പുറത്തിറങ്ങിയിരുന്നു.

അന്നൊന്നും മതപൊലീസ് കർശനമായ പരിശോധനകൾ നടത്തിയിരുന്നില്ല. കഴിഞ്ഞ വർഷം ഡിസംബറിൽ മത പൊലീസിനെ പിരിച്ചു വിട്ടതായി വാർത്തയുണ്ടായിരുന്നെങ്കിലും അധികൃതർ അത് നിഷേധിച്ചിരുന്നു. മത പൊലീസിനെ പിൻവലിച്ചപ്പോഴും, മതനിയമം കർശനമായി നടപ്പിലാക്കാൻഭരണകൂടം മറ്റ് വഴികൾ തേടിയിരുന്നു. ഔദ്യോഗിക കോഡ് അനുസരിച്ച് വസ്ത്രം ധരിക്കാത്ത സ്ത്രീകളെ ജോലിക്ക് നിർത്തുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടുക, പൊതുയിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച്‌നിരീക്ഷണം ശക്തിപ്പെടുത്തുക തുടങ്ങിയവയായിരുന്നു ആ നടപടികൾ.

ഈ സാഹചര്യത്തിലാണ് ഹിജാബ് ധരിക്കാത്ത സ്ത്രീകളെ തടവിലാക്കുമെന്ന പ്രസ്താവനയുമായി പൊലീസിന്റെ ഔദ്യോഗിക വക്താവ് ജനറൽ സയിദ് മൊണ്ടസെരോൽ മാഹ്ദി രംഗത്ത് വന്നിരിക്കുന്നത്. ഇതിനായി മതപൊലീസിനെ വിന്യസിക്കും. പ്രത്യേകം അടയാളപ്പെടുത്തിയ വാഹനങ്ങളിൽ മത പൊലീസ് സഞ്ചരിക്കുന്നത് ഇന്ന് ടെഹ്റാനിലെ ഒരു സ്ഥിരം കാഴ്‌ച്ചയാണ്.കറുത്ത പർദ്ധ ധരിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥർ, ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ പിടികൂടുന്ന ദൃശ്യവും ഇന്ന് സാധാരണമായിരിക്കുന്നു.

ഹിജാബിനെതിരെ, പ്രധാനമായും വനിതകൾ പങ്കെടുത്ത പ്രക്ഷോഭം സാവധാനം മത ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭമായി മാറുകയായിരുന്നു. മതഭരണകൂടം സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ഇറാനിയൻ യുവത തെരുവിലിറങ്ങിയപ്പോൾ പല പ്രമുഖരും അതിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.