- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോളിഷ് ആക്രമണത്തെ എല്ലാ മാർഗ്ഗവും ഉപയോഗിച്ച് എതിർക്കുമെന്ന് ഭീഷണിപ്പെടുത്തി പുടിൻ; കിഴക്കൻ യൂറോപ്പിൽ പിരിമുറുക്കം വർദ്ധിക്കുന്നു; പുതിയ ഭീഷണി വാഗ്നാർ സൈന്യം ബലാറൂസിലെ പോളണ്ട് അതിർത്തിയിൽ നിലയുറപ്പിച്ചതിനെ തുടർന്ന്
ബെലാറൂസിനെതിരെയുള്ള ഏതൊരു ആക്രമണവും റഷ്യക്ക് എതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് പോളണ്ടിന് അന്ത്യ ശാസനം നൽകി പുടിൻ രംഗത്തെത്തിയതോടെ കിഴക്കൻ യൂറോപ്പിൽ യുദ്ധാന്തരീക്ഷം വീണ്ടും കനത്തു. വാഗ്നാർ സൈന്യം ബെലാറൂസിലേക്ക് എത്തിയതോടെ തങ്ങളുടെ കിഴക്കൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ പോളണ്ട് തയ്യാറെടുക്കിന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. ബെലാറൂസിന്റെ ചില ഭാഗങ്ങൾ പോളണ്ടിനോട് കൂട്ടിച്ചേർക്കാനുള്ള തന്ത്രമാണ് പോളണ്ട് മെനയുന്നതെന്നും പുടിൻ ആരോപിച്ചു. എന്നാൽ, പോളണ്ട് ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്.
ബെലാറൂസിയൻ പ്രദേശങ്ങളിൽ പോളണ്ട് എക്കാലത്തും ഒരു കണ്ണുണ്ടായിരുന്നു എന്നത് വസ്തുതയാണെന്ന് പറഞ്ഞ പുടിൻ പക്ഷെ അതിന് മറ്റ് തെളിവുകൾ ഒന്നും നൽകിയില്ല. ബെലാറൂസ്, റഷ്യയുടെ സഖ്യകക്ഷിയാണെന്നും, ബെലാറൂസിനെതിരെയുള്ള ഏതൊരു ആക്രമണത്തെയും റഷ്യക്കെതിരെയുള്ള ആക്രമണമായി കണ്ട് പ്രതിരോധിക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.
ഇതിന് മറുപടിയുമായി ജർമ്മൻ പ്രതിരോധ മന്ത്രി ഉടനടി രംഗത്തെത്തി. പോളണ്ട് നാറ്റോ അംഗമാണെന്നും, നാറ്റോ അംഗം ആക്രമിക്കപ്പെട്ടാൽ പ്രതിരോധിക്കാൻ സഖ്യം സുസജ്ജമാണെന്നുമായിരുന്നു ജർമ്മൻ പ്രതിരോധ മന്ത്രി പറഞ്ഞത്. നാറ്റോ അതിർത്തിയിൽ വാഗ്നാർ സൈന്യത്തെ വിന്യസിച്ച സാഹചര്യത്തിൽ തങ്ങൾ കൂടുതൽ തന്ത്രങ്ങൾ മെനയുന്നുണ്ടെന്ന് പോളണ്ടും വ്യക്തമാക്കിയിട്ടുണ്ട്.
വാഗ്നാർ സഖ്യം പോളണ്ട്-ബെലാറൂസ് അതിർത്തിയിൽ അണിനിരക്കുന്നതിൻ' മുൻപ് തന്നെ റഷ്യ അവരുടെ തന്ത്രപ്രധാനമായ ചില ആണവായുധങ്ങൾ ബെലാറൂസിലേക്ക് നീക്കിയതായി ക്രെംലിൻ വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു. ഇതും യുദ്ധ ഭീഷണിക്ക് ആക്കം കൂട്ടുന്നുണ്ട്. റഷ്യയിൽ വാഗ്നാർ സൈന്യം നടത്തിയ മുന്നേറ്റത്തിന് ശേഷം ഒരു മാസം തികയുന്ന അവസരത്തിലാണ് പുതിയ സംഭവ വികാസങ്ങൾ ഉണ്ടാകുന്നത്.
ജൂൺ 23, 24തീയതികളിലായി യുക്രെയിനിലെ യുദ്ധമുഖത്ത് നിന്നും പിൻവാങ്ങിയ വാഗ്നാർ സൈന്യം റഷ്യയിലെക്ക് കടക്കുകയും തന്ത്രപ്രധാനമായ ഒരു നഗരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നീട് മുന്നേറ്റമാരംഭിച്ച സേന മോസ്‌കോയിൽ നിന്നും 100 കിലോമീറ്റർ ദൂരെ വരെ എത്തിയതിനു ശേഷം സേനാ തലവൻ പ്രിഗോശിനും പുടിനുമായി ഉണ്ടാക്കി എന്ന് പറയപ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിൽ പിൻവാങ്ങുകയായിരുന്നു. അതിന് ശേഷമാണ് പ്രിഗോസിനും സൈന്യവും ബെലാറൂസിലേക്ക് നീങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ